Friday, January 23, 2015

ഷേർമാലാ കി വർമാലാ

2009 മുതലിങ്ങോട്ട്‌ കോളേജിലെ ആരുടേലും കല്യാണം എന്ന് കേട്ടാൽ ഭയങ്കര സന്തോഷാ. വേറൊന്നുമല്ല, എല്ലാരേം കാണാല്ലോ..! എന്ന് വെച്ച് എല്ലാ കല്യാണത്തിനും പോകുന്ന സഹൃദയ ആണെന്ന് ആരും വിചാരിക്കണ്ട. പറ്റിയാൽ പോകും, അത്ര തന്നെ., പോയില്ലെങ്കിൽ ഫോട്ടോസ് കണ്ടു കൊതിതീർക്കും.

അങ്ങിനെ ഇരിക്കെ ഒരു കല്യാണം ഒത്തു കിട്ടി - ഞങ്ങൾടെ ഷേർമാലയുടെ. എന്ത് വൃത്തികെട്ട പേരാല്ലേ ഈ ഷേർമാല എന്ന് വിചാരിച്ചെങ്കിൽ തെറ്റി.
ദീപ്തി അകാ ദീപ്സ്‌ എന്നാണ് ആ ഭവതിയുടെ പേര്.

ചെങ്ങന്നൂര്കാരിയാണെങ്കിലും ആള് ഭയങ്കര ഹിന്ദിക്കാരിയാ. നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറഞ്ഞാൽ "ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ!" എന്ന് പറയുന്ന ടൈപ്പ്.പുറമേ നോക്കിയാൽ ഒരു ടോമ്ബോയി പെങ്കൊച്ച്, എന്നാൽ അകമേ പ്രണയത്തിൻറെ ഡെഡ് സീയിൽ പൊങ്ങിക്കിടക്കുന്ന ആളാ. ഈ അനന്ത സാഗരം ഇടയ്ക്ക് തുവുന്നത് ഹിന്ദി ഷേർ ആയിട്ടാണ്. സത്യം പറയുവാണേല്, അതിനൊക്കെ ഭയങ്കര അർത്ഥങ്ങളാ. പലതിന്റെയും അർത്ഥം മനസ്സിലായില്ലെങ്കിലും അവൾ ഞങ്ങളുടെ "ഒയീ ഷെർമാല"ആയി. ഇവളെ കെട്ടുന്ന പാവത്തിൻറെ കഷ്ടകാലം, ഹാ..

എന്തായാലും കല്യാണം ഉറപ്പിച്ചു. ഇനി  പോകാൻ ആരോക്കെയുണ്ട് എന്ന് നോക്കട്ടെ. ഞങ്ങൾടെ കൂട്ടത്തിലെ 2 പേര് കേട്ട്യോന്മാരേം കുട്ട്യോളേം കൂട്ടി എത്തിക്കോളാം എന്ന് പറഞ്ഞു. 2 എണ്ണം ചെന്നൈന്നു വരും, ഒരാൾ മലപ്പുറത്തൂന്നും. സിംഗിൾ ആയി ഈ വരുന്ന 3 പേരും നേരെ ഏറണാകുളം വരട്ടെ. നുമ്മ  ഇവിടെ ഉണ്ടല്ലോ. ഒരുമിച്ചു പോകാം. ഇവിടുന്ന് AC കനാൽ റോഡ്‌ വഴി ചെങ്ങന്നൂർ. അപ്പൊ പ്ലാൻ റെഡി.

ഒൻപതരയ്ക്ക് ഇറങ്ങാം എന്ന് വിചാരിച്ച് വിചാരിച്ച് 11 മണി കഴിഞ്ഞപ്പോ ഇറങ്ങി. ഞാൻ കാരണം അല്ല ലേറ്റ് ആയതു. ഇത്രേം പേർക്ക് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കിച്ചനും ക്ലീൻ ചെയ്ത് ഇറങ്ങിയപ്പോ ഒരു സമയം ആയതാ .!!

വൈറ്റില കഴിഞ്ഞപ്പോഴേക്കും ചെറുതായി വിശക്കാൻ തുടങ്ങി. രാവിലത്തെ ക്ലീനിംഗ് അധ്വാനം കാരണം കഴിച്ചതെല്ലാം ദഹിച്ചു.

"എനിക്ക് വിശക്കുന്നു"

"ഇയ്യ്‌ മിണ്ടാണ്ടിരുന്നോളിൻ, എനിക്കും വിശക്കും." നമ്മുടെ ഉമ്മച്ചിക്കുട്ടി. പേര് ജംസി, ഇഷ്ട വിനോദം - ഫുഡ്ഡടി.

അല്ല, ഇതെവിടുത്തെ ന്യായം.! മനുഷ്യന് വിശക്കുന്നൂന്ന് പറയാനും പാടില്ലേ!!

"കുറച്ചു നേരം സഹിച്ചാൽ നമുക്ക് ഹോട്ടൽ ഹട്ട്സിൽ കയറാം." അഭിയേട്ടൻ ഇടപെട്ടു. 'മിണ്ടാതിരുന്നോ' എന്നാണോ ഇനി കവി ഉദ്ദേശിച്ചത്?? ആവോ, എന്തായാലും ഹം ചുപ് രഹെ ഹായ് ഹോ ഹം.

ഹട്ട്സിൽ കയറി, കുഴപ്പമില്ലാത്ത ഒരു ലഞ്ചും കഴിച്ച് വീണ്ടും പ്രയാണം തുടർന്നു. റോഡ്‌ നിറച്ചും വണ്ടികൾ. ഇവർക്കൊക്കെ വീട്ടിൽ പോയിക്കിടന്ന് ഉറങ്ങിക്കൂടെ? അല്ല പിന്നെ.. പരസ്പരം കളിയാക്കലും, കേട്ടാൽ ചെവിപോത്തുന്ന രാഗത്തിലുള്ള പാട്ടുകളുമായി എങ്ങിനെയോ ഞങ്ങൾ ആലപ്പുഴ ടൌണ്‍ കടന്നു. NH റോഡ്‌ വഴി പോകുമ്പോൾ കളർകോട് എന്നൊരു സ്ഥലമുണ്ട്. അത് വഴി(AC കനാൽ റോഡ്‌) പോയാൽ, ചങ്ങനാശ്ശേരി എത്താം.

പാടങ്ങളും, കായലും, പിന്നെ ഇടയ്ക്കിടെ ചെറിയ ടൌണുകളുമുള്ള നല്ല സ്ട്രയിട്റ്റ് റോഡ്‌. ഹൊ, എന്തൊരു മനസ്സമാധൗ..!!

"വാാാാവു.."

ഏ, വണ്ടില് പൂച്ച കയറിയോ?

"വാാാാവു..., എന്തൊരു പച്ചപ്പ്..!!" ഉമ്മച്ചിക്കുട്ടി പ്രകൃതി ഭംഗി ആസ്വദിച്ചതാ !!

എന്നാപ്പിന്നെ കുറച്ച് പച്ചപ്പ്‌ കണ്ടിട്ടു പോകാം എന്നും പറഞ്ഞ് അഭിയേട്ടൻ വണ്ടി കൈനകരിയിലോട്ട് വിട്ടു. ഏതാണ്ട് ചായ ടൈം ആയിട്ടുണ്ടാരുന്നു. വഴീൽ കണ്ട ഒരു ചായക്കടയിൽ ചായേം കുടിച്ചു തിരിച്ചു മെയിൻ റോഡിലോട്ടു വരുന്ന വഴിക്ക് ഒരു കടവിലോട്ടുള്ള വഴി കണ്ടു.  വെറുതെ ഒന്ന് പോയി നോക്കാല്ലേ.. ആരോ ആത്മഗദിച്ചു. ശരി. പോയി. കനാലിന് കുറുകെ കടത്തുണ്ട്. ഒരു വള്ളോം കിടപ്പുണ്ട്.വള്ളത്തിന്റെ അമരത്ത് ഇത്തിരി പ്രായമായ ഒരു ചേട്ടനുണ്ട്. കുറച്ചു നേരം നിന്ന് ഭംഗി ആസ്വദിച്ച് പോകാം എന്ന് വിചാരിച്ചപ്പോ ഒരാള് ആ ചേട്ടനോട് ഭയങ്കര വർത്താനം - കുഞ്ഞു. പേര് പോലെ തന്നെ കുഞ്ഞിതാ.

"ഈ ചേട്ടൻ നമ്മളെ കായല് ചുറ്റികാണിക്കാന്ന് പറഞ്ഞു. പോകാം?"

എൻറെ വീടിൻറെ അടുത്തുടെ ഇത്തിക്കര ആറിൻറെ ഒരു കൈവഴി ഒക്കെ പോകുന്നുണ്ട്. എന്നാലും എനിക്ക് നീന്താനോന്നും അറിയൂല്ല. ഈ കുഞ്ഞൂനെ ഞാനിന്ന് ശരിയാക്കും. ഞാൻ ഇത്രേം ആലോചിച്ച സമയംകൊണ്ട് ബാക്കി എല്ലാരും വള്ളത്തിൽ കയറിപ്പറ്റി.

"വാ, വേഗം കയറ്" - ബിനി.

യു ടൂ ബ്രുട്ടെസീ...!! കടവിലാണേല് കുറേ ആൾക്കാരും നിൽപ്പുണ്ട്. മാനം കപ്പല് കയറാതിരിക്കാൻ ഞാനും വള്ളത്തേൽ  കയറി. ആദ്യം ശരിക്കും പേടിച്ചു. പിന്നെ മനസ്സിലായി, വർഷങ്ങളുടെ തഴമ്പുള്ള ആ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണെന്ന്.

"ചേട്ടാ, ഞാൻ ഒന്ന് തുഴഞ്ഞൊട്ടെ? " വീണ്ടും ബ്രുട്ടെസി!!!

അവസാനം ഓരോരുത്തരും ടേണ്‍ വെച്ച് തുഴഞ്ഞു. എല്ലാരും സ്വയം അഭിമാനിച്ചു- ഞാൻ വള്ളം തുഴഞ്ഞല്ലോ എന്ന്. സത്യം ആ ചേട്ടനല്ലേ അറിയ്യൂ...ഇടയ്ക്ക് ആരുടെയോ ഫോണ്‍ അടിച്ചപ്പോഴാണ്‌ നമ്മൾ വന്നത് കല്യാണത്തിന് പോകാനാണെന്ന് എല്ലാർക്കും ഓർമ്മ വന്നത്. സന്ധ്യ വരെ ആ കായലിനെ ശരിക്കും ആസ്വദിച്ചു പോയാൽ മതിയെന്ന ചേട്ടൻറെ ഉപദേശം സ്നേഹത്തോടെ നിരസിച്ച്, അവിടുന്ന് തിരിച്ചു.

"അള്ളാ!!താറാവിന്റെ മണം."

"മും, കുറച്ചു മുൻപേ ഒരു താറാക്കൂട്ടം പോയിരുന്നു."

"അല്ല,വെച്ച താറാവിന്റെ മണം."

"വൈകുന്നേരം ഷാപ്പിൻറെ മുൻപിലൂടെ  പോയാല് താറാവും ബ്രാലും ഒക്കെ മണക്കും. ഞാൻ പോയി വാങ്ങിയിട്ട് വരാം." വണ്ടി ഒതുക്കി നിർത്തിയിട്ടു അഭിയേട്ടൻ പറഞ്ഞു.

കപ്പ, താറാവ്, മീൻകറി, കല്ലുമ്മക്കായ ഫ്രൈ, പോടിമീൻ ഫ്രൈ...ഇതെല്ലാം വൈകുന്നേരം,ചെറിയ കാറ്റുള്ള ഒരു പാടവരമ്പത്തിരുന്നു കഴിക്കുന്ന കാര്യം ഒന്നോർത്ത് നോക്ക്യേ...

"ഒരു ജാതി ടേസ്റ്റ്..ഒരു ജാതി കാറ്റ്...." തൃശൂർകാരി ബ്രൂട്ടസി.

"നല്ല പാവം താറാവ്" ങേ...!ആദ്യായിട്ടാ ഒരു ജീവിയെ കറിവെച്ചത്  നിർദാക്ഷിണ്യം കഴിച്ചിട്ട് അത് "നല്ല പാവം" ആയിരുന്നു എന്ന് ആരേലും പറഞ്ഞ് കേൾക്കുന്നെ. ഈ കുഞ്ഞുവിൻറെ ഒരു കാര്യം!

ഇനിയൊരു കമന്റ്‌ കൂടി വരാനുണ്ടല്ലോ എന്നും വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കാണാം, ഒരാൾ അതീവ ജാഗ്രതയോട് കൂടെയിരുന്ന് തട്ടുന്നു.

"വിശപ്പിൻറെ അസുഖമുള്ള കുട്ടിയാ, ശല്യപ്പെടുത്തണ്ട."

തനിക്കിട്ടു അഭിയേട്ടൻ ഗോൾ അടിച്ചത് പോലുമറിയാതെ ജംസൂട്ടി പണി തുടർന്നോണ്ടേയിരുന്നു. തിരിച്ചു വരുമ്പോൾ വീണ്ടും കയറാം എന്ന് പ്രോമിസ് ചെയ്ത് ഒരു വിധത്തിലാ അവിടുന്ന് വിട്ടത്. പിന്നെ വണ്ടി നിർത്തിയത് കാരക്കാട്- ഷേർമാലയുടെ വീട്ടിൽ എത്തിയിട്ടാ. കല്യാണത്തലേന്ന് ആയത് കാരണം അവിടേം ഫുഡ്. അന്ന് പിന്നെ ജെംസൂട്ട്യെ കണ്ടില്ല.

അഭിയേട്ടനെ വില്ലി പിടിച്ചു. ഷേർമാലയുടെ അച്ഛമ്മയാണ് വില്ലി. വല്യമ്മച്ചി എന്ന് വിളിച്ച് വിളിച്ച് വില്ലി ആയി. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരിക്കൽ വില്ലിയെ വന്നു കണ്ടിട്ടുണ്ട്. അന്ന് വില്ലിക്കു ശരിക്ക് കാണാൻ പറ്റിയില്ല എന്നും പറഞ്ഞ് കുറേ നേരം പിടിച്ചു വെച്ചു.കുറച്ചു സമയം കൂടി നിൽക്കാല്ലോ എന്ന ആശ്വാസം എനിക്ക്... :)

എല്ലാവരും കൂടി നല്ല ഓളം. വീട്ടിലോട്ട് പോകാനേ തോന്നിയില്ല. പക്ഷെ അച്ചാച്ചനും അമ്മേം കാത്തിരിക്കും. പോയെ പറ്റുള്ളൂ. മനസ്സില്ലാമനസ്സോടെ
നാളെ നേരത്തേ വരാമെന്ന് വില്ലിക്കും മീശക്കാരനും ഉറപ്പ് കൊടുത്ത് അഭിയേട്ടനും ഞാനും ഇറങ്ങി.

------------കല്യാണം------------

രാവിലെ വന്ന് വില്ലിക്ക് പ്രെസന്റ് സാർ പറഞ്ഞ് എല്ലാരും കൂടെ കല്യാണം നടക്കുന്ന ക്ഷേത്രത്തിലെത്തി. ഫോട്ടോഗ്രാഫർമാർക്ക് കൊറിയോഗ്രാഫി ചെയ്യാൻ ഷെർമാലയെ വിട്ടു കൊടുത്തിട്ട്, കല്യാണത്തിനു വന്ന നുമ്മ ഗടികളെ കാണാൻ പോയി. തുമ്പോലാർച്ചയുടെ ആങ്ങള  ശ്യാമണ്ണൻ, മൂഷി, സുണ്ടൻ , കാള വർക്കി, അവർകളുടെ അനിയൻ വർക്കി, അനൂപ്‌,വാമഭാഗം സുജ... ഇനിയുമുണ്ടല്ലോ ആൾക്കാർ. തപ്പി കണ്ടു പിടിക്കാൻ തുടങ്ങിപ്പോഴേക്കും കെട്ടിമേളം തുടങ്ങി...വരനും കൂട്ടരും എത്തി. എന്തായാലും അധികം വൈകിക്കാതെ സ്വീകരണവും, വധുവിനെ ആനയിക്കലും താലികെട്ടും ഒക്കെ അങ്ങട് നടന്നു. വീഡിയോഗ്രാഫർമാരുടെ മൂടും കണ്ടു എന്തരോ എന്തോ എന്നും പറഞ്ഞു ഇരിക്കുന്ന ആൾക്കാർക്ക് സമാധാനം ആകട്ടെ എന്ന് വിചാരിച്ച് 2 സ്ക്രീൻ ഇരുവശത്തും വെച്ചിട്ടുണ്ട്. അത് കാരണം സ്റ്റേജിൽ എന്താ സംഭവിക്കുന്നത്‌ എന്ന് കാണാൻ പറ്റി. അങ്ങിനെ ആ കല്യാണം കഴിഞ്ഞു. ഇനി ഇതിനെ പറ്റി എന്ത് പറയാനാ. കഴിച്ചോർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ട്.

"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..."ആരുടെയോ ഫോണടിച്ചു.

'"ഹലോ.."

ഫാമിലി ആയിട്ടെത്തിക്കൊള്ളാം എന്ന് പറഞ്ഞ രണ്ട് ഗടികളുണ്ടാരുന്നല്ലോ, അതിലൊരാൾ കെട്ട്യോനും കുട്ടിയുമായി ലാൻഡി എന്ന്.  മണ്ഡപത്തിന് വെളിയിൽ നിന്ന് വിളിക്ക്യാ. കുറച്ചൂടെ കഴിഞ്ഞു വന്നാൽ u-ടേണ്‍ എടുത്തു തിരിച്ചങ്ങു പോയാൽ മതിയാരുന്നല്ലോ. പാവം ഇക്ക കുന്നംകുളത്തുന്നു വണ്ടിയോടിച്ചു വന്നതല്ലേ, അതോണ്ട് ഷേർമാല അവരോടു ക്ഷമിച്ചു.  ഡ്രൈവിംഗ് license ഉള്ള, എന്നാൽ ഡ്രൈവ് ചെയ്യാൻ അറിയാത്ത ഷാബു അല്ലെ കൂടെയുള്ളത്!!

ഒരുമണിക്കൂറോളം നീണ്ട കൊറിയോഗ്രാഫിക്ക് ശേഷം സദ്യയും'കഴിഞ്ഞു യാത്രയയപ്പിന്റെ സമയമായി. വില്ലിയുടെയും  മീശക്കാരൻറെയും ഒക്കെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

"ഞാൻ പോയാൽ ഇവർക്ക് വിഷമം ഉണ്ടാകും, എന്നോട് ശരിക്കും സ്നേ ഉണ്ടല്ലേ.." - ഷേർമാലയ്ക്ക് സന്തോഷായി..

അത് ആനന്ദക്കണ്ണീരാണെന്ന് അവളുണ്ടോ അറിയുന്നു..!!!

ഇനിയും ഒരാളും കു‌ടെ വരാനുണ്ടല്ലോ..അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് തോന്നിയോ? ആ,സോനു-കുടുംബം വന്നപ്പോൾ സന്ധ്യ കഴിഞ്ഞു. തൃശൂര്ന്ന് വരുന്ന ഫ്ലൈറ്റ് ലേറ്റ് ആയത്രേ!! കല്യാണ ഫോട്ടോസും ഒഴിഞ്ഞ പന്തലും കണ്ടു പായസവും കുടിച്ച് അവര് പോകാനിറങ്ങി, ഞങ്ങളും..

തിരികെ പോകുന്ന വഴിക്ക് ജംസൂട്ടിക്ക് കൊടുത്ത വാക്ക് പാലിക്കണമല്ലോ, അത് കൊണ്ടു മാത്രം വീണ്ടും കൈനകരി ഇറങ്ങി., അല്ലാതെ ഞങ്ങൾക്ക് കൊതി ആയിട്ടല്ല.. ;)

അധികം ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല, നല്ല ഒന്നാന്തരം മഴ ആയിരുന്നു. പെട്ടെന്ന് തന്നെ ഇറങ്ങി. സോനു-കുടുംബത്തിനും ബൈ ബൈ പറഞ്ഞു. മഴയത്ത് നേരെ വരുന്ന വണ്ടിയൊന്നും കാണുന്നുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചം മാത്രേ ഉള്ളു. നല്ല രസാ കാണാൻ. പക്ഷെ മിണ്ടിയില്ല, ഒരാളവിടെ കഷ്ടപ്പെട്ടിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കാണാൻ കൊള്ളാന്നു പറഞ്ഞാൽ, എങ്ങാനും കിഴുക്കു കിട്ടിയാലോ. മൈനെ ചുപ് രഹാ ഹി ഹൈ.

അരൂർ എത്തിയപ്പോ, ഈ പഞ്ചായത്തില് വേറെ പാർട്ടിയാ, ഞാൻ പെയ്യുവേല എന്നും പറഞ്ഞു മഴ മാറി നിക്കുന്നു. ഈ യാത്രയിലുടനീളം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചീവിടുകളെ കുഞ്ഞുവിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അവിടെ വീണ്ടും ഫുഡ്.! ഹോ, ഇന്ന് ആരെയാണാവോ കണി കണ്ടത്. ആൾടെ ഒരു ഫോട്ടോ എടുത്തു ബെഡ്ഡിന്റെ അടുത്ത് വെയ്ക്കണം.

ഒരു പത്തു മണിയൊക്കെ ആയപ്പോൾ, രാത്രി യാത്രയില്ലെന്നും പറഞ്ഞ്, നേരെ ഞങ്ങളുടെ തട്ടകത്തിലേക്ക്തിരിച്ചു. വീട്ടിലെത്തി ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഒരു സങ്കട്, ഇനിയെന്നാ വീണ്ടും ഇങ്ങിനെ ഒരു യാത്ര തരപ്പെടുന്നെ..

ഹാ...അപ്പ ശരി., അടുത്ത ഗല്യാണം വരേയ്ക്കും വണക്കം..

2 comments:

  1. Thank you Achu....for my shermala famous...love you...and its awesome....and a must read for all mallus!!!

    ReplyDelete
    Replies
    1. പിന്നേ..നിന്റെ ഷെർമാല കഥ എങ്ങിനെയാ മസ്റ്റ്‌ റീഡ് ആകുന്നെ..!!! :P

      Delete