Monday, January 12, 2015

കണ്ണൂർ-കാസർഗോഡ് യാത്രയുടെ മൂന്നാം ദിവസം


തലേന്ന് രാത്രി ഞങ്ങൾ കാഞ്ഞങ്ങാട് ടൌണിലെ ഓരോ അരിയും  പെറുക്കി. ഒരു ഹോട്ടലിൽ പോലും സ്ഥലമില്ലത്രേ. അവസാനം കറങ്ങി കറങ്ങി ഒരു ഹോട്ടലിൽ എത്തി. അവിടെ ആകെ ഒരു റൂം മാത്രെ ഫ്രീ ആയി ഉള്ളു. ഈ അവസരത്തിൽ മെൽക്കൊയ്മ്മ എപ്പോഴും കുട്ടിയുള്ള ഫാമിലിക്ക് കൊടുക്കണമല്ലോ.

ഈ കറക്കത്തിനിടയിൽ വീട്ടിന്ന് ഒരു നുറ് ഫോണ്‍ കോൾ വന്നിട്ടുണ്ടാകും. ഇനി  എന്ത് ചെയ്യും എന്നാലോചിച്ചു മനുഷ്യൻ  ടെൻഷൻ അടിക്കാൻ തുടങ്ങുമ്പോഴേയ്ക്കും ഒരു ISD വിളി വന്നു. ചേട്ടച്ചാരാണ്.

"ഡാ, അഭീ, നീ  നമ്മുടെ രാജീവൻറെ വീട്ടിലോട്ടു  പോയാൽ മതി. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്."

കേട്ടപാതി അശ്ശക്കും, ബേബോക്കും ബൈ പറഞ്ഞ് ഞങ്ങളിറങ്ങി. (അപ്പു വഴിയിലെപ്പോഴോ ഉറങ്ങിപ്പോയിരുന്നു)

രാത്രി 12 മണി കഴിഞ്ഞു കാണും ഇവിടെ എത്തിയപ്പോൾ. രാജീവൻ ചേട്ടൻറെ അച്ഛനും അമ്മയും മാത്രെ ഉള്ളു.  അത് കാരണം നല്ല പിള്ളെരായി കാലത്ത് തന്നെ എഴുന്നേറ്റു. പല്ല് തേച്ചോണ്ട് നിന്നപ്പോ ദേ ഒരു പട്ടിക്കുട്..അതിലൊരു കുട്ടിപ്പട്ടി. പേര് ജൂലി. കെട്ടിയിട്ട അല്ലെങ്കിൽ കൂട്ടിലിട്ട പട്ടി എൻറെ ഒരു വീക്നെസ് ആണ്. പിന്നെ കുറേ നേരം അവിടെ നിന്ന് അതിനെ ദേഷ്യം പിടിപ്പിച്ചു.

"ദേ, മനുഷ്യനെ നാണം കെടുത്തരുത്. നിന്നെ ഞാൻ റാണിപുരത്തു കൊണ്ടോയി കളയും"

ആ ഭീഷണിയിൽ ഞാൻ വീണു. കാഞ്ഞങ്ങാട്ടേക്കുള്ള വഴിയിൽ ഡ്രൈവർ ചേട്ടൻ കുറെ റാണിപുരം കഥകൾ പറഞ്ഞു - ട്രെക്കിങ്ങിനു പോയ 6 പേരെ 2 ആഴ്ച്ച കഴിഞ്ഞു കിട്ടിയതും, പിന്നെ ആരോ നടന്നു നടന്നു അങ്ങ് കർണാടക ചെക്ക്പോസ്റ്റ്'ല് എത്തിയെന്നും ഒക്കെ. കന്നഡ എനിക്കറിയില്ല. അതോണ്ട് മാത്രം ജുലീ, നീ രക്ഷപെട്ടു.

നീർദൊശയും ചായേം കുടിച്ചു, എല്ലാരോടും യാത്ര ചോദിച്ചു നിന്നപ്പോഴേയ്ക്കും വണ്ടിയുമായി വിജയൻചേട്ടൻ എത്തി. കാഞ്ഞങ്ങാടുള്ള  നിത്യാനന്ത സ്വാമിയുടെ ആശ്രമം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ദിഗംബരനായ സ്വാമിയുടെ ചിത്രങ്ങളും മറ്റു വസ്തുക്കളും ഒക്കെ അവിടെ സൂക്ഷിച്ചിട്ടുണ്ട്.  ധ്യാനിക്കാൻ വേണ്ടി പ്രത്യേകം നിര്മ്മിച്ചിട്ടുള്ള ഒരുപാട് അറകളുള്ള ഒരു ഗുഹയുണ്ട് അവിടെ. ശാന്തതയുടെ അല്ലെങ്കിൽ ഏകാന്തതയുടെ  അർത്ഥം മനസ്സിലാക്കികുന്ന രീതിയിലാണ്‌ അതിൻറെ നിർമ്മാണം.

നാരമ്പാടിയിലെത്തിയപ്പോൾ ഏതാണ്ട് 10  മണികഴിഞ്ഞു. ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾക്കൊക്കെയും ഒരു പ്രത്യേകത. തെക്കൻ കേരളത്തിൽ നിന്നും ഒരുപാട് വ്യത്യാസം. അവിടുന്ന് തന്നെ ഉച്ചയുണും കഴിച്ചു നേരെ അനന്ദപുരം തടാക ക്ഷേത്രത്തിലേക്ക്..

ഒരുചെറിയ തടാകം. അതിന് നടുവിലായാണ് ശ്രീകോവിൽ. പ്രസാദമൊക്കെ വാങ്ങി ഇറങ്ങിയിട്ട് ഒരാൾ തടാകത്തിൽ പോയി കാര്യമായി നോക്കി നിൽക്കുന്നു. അവിടെ ആരെയും ഉപദ്രവിക്കാത്ത ഒരു  മുതലയുണ്ടത്രെ. പിന്നെ കുറെ നേരം മുതലയെത്തപ്പി നടന്നു- കണ്ടില്ല. നല്ല മനസ്സുള്ള ആൾക്കാരെ ഉപദ്രവിക്കണ്ട  എന്ന് കരുതി ഒളിച്ചിരിക്കുന്നതാവം!!

ക്ഷേത്രത്തിൻറെ പിറകിലായി മറ്റൊരു കെട്ടിടം കണ്ടു- ഗോശാല കൃഷ്ണക്ഷേത്രവും മഠവും. വളരെ ലളിതവും എന്നാൽ ഭംഗിയുള്ളതുമായ നിർമാണം. ഓരോ ക്ഷേത്രങ്ങളിലും കയറുമ്പോൾ ഞങ്ങളെ ഏറ്റവും വിസ്മയിപ്പിക്കുന്നത് അവിടുത്തെ ശില്പകലയാണ്. പിന്നെ അവിടുത്തെ അന്തരീക്ഷം...പുറത്തു നല്ല വെയിലായിട്ടും ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പുണ്ട്. വെറുതെ ഇരിക്കാൻ തോന്നി അവിടെ.
കുറച്ചപ്പുറത്ത്‌ മാറി കാവും അതിനോട് ചേർന്ന് ചെറിയ ഒരു അരുവിയും ഉണ്ട്. ആകെ മൊത്തം മനസ്സിന് ഒരു സന്തോഷ്‌.. :)

ഞങ്ങൾ എത്തിയപ്പോഴേക്കും മധൂർ ക്ഷേത്രം അടച്ചിരുന്നു. എന്നാലും അഭിയേട്ടൻറെ വിവരണങ്ങളിൽ നിന്ന് ഒരു ഏകദേശ രൂപം കിട്ടി. 1784ൽ ടിപ്പുവിൻറെ പടയോട്ടത്തിനിടയിൽ ക്ഷേത്രം ആക്രമിക്കുവാൻ ശ്രമിച്ചുവെന്നും, പിന്നീട് മനംമാറ്റം ഉണ്ടായെന്നും ഒരു കഥ ഉണ്ട്. അന്ന് ടിപ്പുവിൻറെ വാൾമുന കൊണ്ടുണ്ടായി  എന്ന് പറയപ്പെടുന്ന ഒരു പാട് ഇപ്പോഴും അവിടെ ഉണ്ട്.

വീണ്ടും യാത്ര.

നാല് മണിയോടെ ബേക്കൽ കോട്ടയിലെത്തി.

"അടിപൊളി ലൈറ്റ്.."

ഓഹോ..തുടങ്ങി..പുട്ടുകുറ്റിം എടുത്തോണ്ടു അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു.. ഞാനും വിജയൻചേട്ടനും അതിയാന്റെ പിറകേയും..

"സൂര്യപ്രകാശമേറ്റ്ചുവന്ന പുൽക്കൊടികൾ, കടൽപ്പരപ്പ്, എന്തിന് ഈ കരിങ്കല്ലിനു വരെ ഒരു  നാണം കലർന്ന ചുവന്ന നിറം."

ദൈവേ..!! ഇങ്ങനൊക്കെ പറയാൻ  അഭിയേട്ടനിതെന്തു പറ്റി എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, എൻറെ അതേ ഭാവത്തോടെ അങ്ങേരു വിജയൻചെട്ടനെ നോക്കുന്നു. പിന്നെ കുറേ നേരം കാറ്റും കൊണ്ടു ചേട്ടൻറെ കഥയും കേട്ട് അവിടെയിരുന്നു., ഏതാണ്ട് ഇരുട്ടുന്ന വരെ. അവിടുന്ന് നേരേ കാസർഗോഡ്‌ ടൌണിലൊട്ട്.

ടൌണിലെത്തി, അപ്പൊ ശരി ചേട്ടാ, ഇനി എപ്പോഴേലും കാണാം എന്ന് പറയാൻ തുടങ്ങിയപ്പോഴേയ്ക്കും അച്ചാച്ചൻ വിളിച്ചു. ചേട്ടന് ഫോണ്‍ കൊടുക്കാൻ പറഞ്ഞു. രാവിലെ വിളിച്ചിട്ട് വിജയൻചേട്ടനോട്, പിള്ളേരെ നോക്കിക്കോണേ എന്നൊക്കെ പറഞ്ഞാണ് വിട്ടത്. ശിവനേ..ഇനി എന്താണാവോ പറയുന്നത്..
പിള്ളേർടെ ബസ്‌വന്നിട്ട് പോയാ മതീന്നു.!!

അച്ചാച്ചാ ചമ്മിപ്പിക്കല്ലേ, 8 മണിക്കാ വണ്ടി. ടൌണ്‍ അല്ലെ. സാരമില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഏഹെ..പിന്നെ കുറേ നേരം വർത്താനം ഒക്കെ പറഞ്ഞു അങ്ങിനെ നിന്നു.

"നിങ്ങളെപ്പറ്റി ആലോചിക്കാനും, സുഖായിട്ടിരിക്കുന്നു എന്നൊക്കെ ഉറപ്പുവരുത്താനും ഒരാളുണ്ടല്ലോ. ഭാഗ്യം ചെയ്തവരാ.. പോയിട്ട് വാ കുട്ടികളെ.."

"ചേട്ടനെയും നോക്കാൻ ഒരാളുണ്ട്. ഞങ്ങളെ നോക്കുന്നവരെ ഞങ്ങൾക്ക് കാണാൻ പറ്റും. ചേട്ടന് പക്ഷെ  കാണാൻ പറ്റില്ല. അത്രേയുള്ളൂ വ്യത്യാസം" . ഇതും മനസ്സിൽ പറഞ്ഞു, നിറഞ്ഞ മനസ്സുമായി അവിടുന്ന് ഞങ്ങൾ തിരിച്ചു...

No comments:

Post a Comment