Friday, January 23, 2015

ഷേർമാലാ കി വർമാലാ

2009 മുതലിങ്ങോട്ട്‌ കോളേജിലെ ആരുടേലും കല്യാണം എന്ന് കേട്ടാൽ ഭയങ്കര സന്തോഷാ. വേറൊന്നുമല്ല, എല്ലാരേം കാണാല്ലോ..! എന്ന് വെച്ച് എല്ലാ കല്യാണത്തിനും പോകുന്ന സഹൃദയ ആണെന്ന് ആരും വിചാരിക്കണ്ട. പറ്റിയാൽ പോകും, അത്ര തന്നെ., പോയില്ലെങ്കിൽ ഫോട്ടോസ് കണ്ടു കൊതിതീർക്കും.

അങ്ങിനെ ഇരിക്കെ ഒരു കല്യാണം ഒത്തു കിട്ടി - ഞങ്ങൾടെ ഷേർമാലയുടെ. എന്ത് വൃത്തികെട്ട പേരാല്ലേ ഈ ഷേർമാല എന്ന് വിചാരിച്ചെങ്കിൽ തെറ്റി.
ദീപ്തി അകാ ദീപ്സ്‌ എന്നാണ് ആ ഭവതിയുടെ പേര്.

ചെങ്ങന്നൂര്കാരിയാണെങ്കിലും ആള് ഭയങ്കര ഹിന്ദിക്കാരിയാ. നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറഞ്ഞാൽ "ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ!" എന്ന് പറയുന്ന ടൈപ്പ്.പുറമേ നോക്കിയാൽ ഒരു ടോമ്ബോയി പെങ്കൊച്ച്, എന്നാൽ അകമേ പ്രണയത്തിൻറെ ഡെഡ് സീയിൽ പൊങ്ങിക്കിടക്കുന്ന ആളാ. ഈ അനന്ത സാഗരം ഇടയ്ക്ക് തുവുന്നത് ഹിന്ദി ഷേർ ആയിട്ടാണ്. സത്യം പറയുവാണേല്, അതിനൊക്കെ ഭയങ്കര അർത്ഥങ്ങളാ. പലതിന്റെയും അർത്ഥം മനസ്സിലായില്ലെങ്കിലും അവൾ ഞങ്ങളുടെ "ഒയീ ഷെർമാല"ആയി. ഇവളെ കെട്ടുന്ന പാവത്തിൻറെ കഷ്ടകാലം, ഹാ..

എന്തായാലും കല്യാണം ഉറപ്പിച്ചു. ഇനി  പോകാൻ ആരോക്കെയുണ്ട് എന്ന് നോക്കട്ടെ. ഞങ്ങൾടെ കൂട്ടത്തിലെ 2 പേര് കേട്ട്യോന്മാരേം കുട്ട്യോളേം കൂട്ടി എത്തിക്കോളാം എന്ന് പറഞ്ഞു. 2 എണ്ണം ചെന്നൈന്നു വരും, ഒരാൾ മലപ്പുറത്തൂന്നും. സിംഗിൾ ആയി ഈ വരുന്ന 3 പേരും നേരെ ഏറണാകുളം വരട്ടെ. നുമ്മ  ഇവിടെ ഉണ്ടല്ലോ. ഒരുമിച്ചു പോകാം. ഇവിടുന്ന് AC കനാൽ റോഡ്‌ വഴി ചെങ്ങന്നൂർ. അപ്പൊ പ്ലാൻ റെഡി.

ഒൻപതരയ്ക്ക് ഇറങ്ങാം എന്ന് വിചാരിച്ച് വിചാരിച്ച് 11 മണി കഴിഞ്ഞപ്പോ ഇറങ്ങി. ഞാൻ കാരണം അല്ല ലേറ്റ് ആയതു. ഇത്രേം പേർക്ക് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കിച്ചനും ക്ലീൻ ചെയ്ത് ഇറങ്ങിയപ്പോ ഒരു സമയം ആയതാ .!!

വൈറ്റില കഴിഞ്ഞപ്പോഴേക്കും ചെറുതായി വിശക്കാൻ തുടങ്ങി. രാവിലത്തെ ക്ലീനിംഗ് അധ്വാനം കാരണം കഴിച്ചതെല്ലാം ദഹിച്ചു.

"എനിക്ക് വിശക്കുന്നു"

"ഇയ്യ്‌ മിണ്ടാണ്ടിരുന്നോളിൻ, എനിക്കും വിശക്കും." നമ്മുടെ ഉമ്മച്ചിക്കുട്ടി. പേര് ജംസി, ഇഷ്ട വിനോദം - ഫുഡ്ഡടി.

അല്ല, ഇതെവിടുത്തെ ന്യായം.! മനുഷ്യന് വിശക്കുന്നൂന്ന് പറയാനും പാടില്ലേ!!

"കുറച്ചു നേരം സഹിച്ചാൽ നമുക്ക് ഹോട്ടൽ ഹട്ട്സിൽ കയറാം." അഭിയേട്ടൻ ഇടപെട്ടു. 'മിണ്ടാതിരുന്നോ' എന്നാണോ ഇനി കവി ഉദ്ദേശിച്ചത്?? ആവോ, എന്തായാലും ഹം ചുപ് രഹെ ഹായ് ഹോ ഹം.

ഹട്ട്സിൽ കയറി, കുഴപ്പമില്ലാത്ത ഒരു ലഞ്ചും കഴിച്ച് വീണ്ടും പ്രയാണം തുടർന്നു. റോഡ്‌ നിറച്ചും വണ്ടികൾ. ഇവർക്കൊക്കെ വീട്ടിൽ പോയിക്കിടന്ന് ഉറങ്ങിക്കൂടെ? അല്ല പിന്നെ.. പരസ്പരം കളിയാക്കലും, കേട്ടാൽ ചെവിപോത്തുന്ന രാഗത്തിലുള്ള പാട്ടുകളുമായി എങ്ങിനെയോ ഞങ്ങൾ ആലപ്പുഴ ടൌണ്‍ കടന്നു. NH റോഡ്‌ വഴി പോകുമ്പോൾ കളർകോട് എന്നൊരു സ്ഥലമുണ്ട്. അത് വഴി(AC കനാൽ റോഡ്‌) പോയാൽ, ചങ്ങനാശ്ശേരി എത്താം.

പാടങ്ങളും, കായലും, പിന്നെ ഇടയ്ക്കിടെ ചെറിയ ടൌണുകളുമുള്ള നല്ല സ്ട്രയിട്റ്റ് റോഡ്‌. ഹൊ, എന്തൊരു മനസ്സമാധൗ..!!

"വാാാാവു.."

ഏ, വണ്ടില് പൂച്ച കയറിയോ?

"വാാാാവു..., എന്തൊരു പച്ചപ്പ്..!!" ഉമ്മച്ചിക്കുട്ടി പ്രകൃതി ഭംഗി ആസ്വദിച്ചതാ !!

എന്നാപ്പിന്നെ കുറച്ച് പച്ചപ്പ്‌ കണ്ടിട്ടു പോകാം എന്നും പറഞ്ഞ് അഭിയേട്ടൻ വണ്ടി കൈനകരിയിലോട്ട് വിട്ടു. ഏതാണ്ട് ചായ ടൈം ആയിട്ടുണ്ടാരുന്നു. വഴീൽ കണ്ട ഒരു ചായക്കടയിൽ ചായേം കുടിച്ചു തിരിച്ചു മെയിൻ റോഡിലോട്ടു വരുന്ന വഴിക്ക് ഒരു കടവിലോട്ടുള്ള വഴി കണ്ടു.  വെറുതെ ഒന്ന് പോയി നോക്കാല്ലേ.. ആരോ ആത്മഗദിച്ചു. ശരി. പോയി. കനാലിന് കുറുകെ കടത്തുണ്ട്. ഒരു വള്ളോം കിടപ്പുണ്ട്.വള്ളത്തിന്റെ അമരത്ത് ഇത്തിരി പ്രായമായ ഒരു ചേട്ടനുണ്ട്. കുറച്ചു നേരം നിന്ന് ഭംഗി ആസ്വദിച്ച് പോകാം എന്ന് വിചാരിച്ചപ്പോ ഒരാള് ആ ചേട്ടനോട് ഭയങ്കര വർത്താനം - കുഞ്ഞു. പേര് പോലെ തന്നെ കുഞ്ഞിതാ.

"ഈ ചേട്ടൻ നമ്മളെ കായല് ചുറ്റികാണിക്കാന്ന് പറഞ്ഞു. പോകാം?"

എൻറെ വീടിൻറെ അടുത്തുടെ ഇത്തിക്കര ആറിൻറെ ഒരു കൈവഴി ഒക്കെ പോകുന്നുണ്ട്. എന്നാലും എനിക്ക് നീന്താനോന്നും അറിയൂല്ല. ഈ കുഞ്ഞൂനെ ഞാനിന്ന് ശരിയാക്കും. ഞാൻ ഇത്രേം ആലോചിച്ച സമയംകൊണ്ട് ബാക്കി എല്ലാരും വള്ളത്തിൽ കയറിപ്പറ്റി.

"വാ, വേഗം കയറ്" - ബിനി.

യു ടൂ ബ്രുട്ടെസീ...!! കടവിലാണേല് കുറേ ആൾക്കാരും നിൽപ്പുണ്ട്. മാനം കപ്പല് കയറാതിരിക്കാൻ ഞാനും വള്ളത്തേൽ  കയറി. ആദ്യം ശരിക്കും പേടിച്ചു. പിന്നെ മനസ്സിലായി, വർഷങ്ങളുടെ തഴമ്പുള്ള ആ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണെന്ന്.

"ചേട്ടാ, ഞാൻ ഒന്ന് തുഴഞ്ഞൊട്ടെ? " വീണ്ടും ബ്രുട്ടെസി!!!

അവസാനം ഓരോരുത്തരും ടേണ്‍ വെച്ച് തുഴഞ്ഞു. എല്ലാരും സ്വയം അഭിമാനിച്ചു- ഞാൻ വള്ളം തുഴഞ്ഞല്ലോ എന്ന്. സത്യം ആ ചേട്ടനല്ലേ അറിയ്യൂ...ഇടയ്ക്ക് ആരുടെയോ ഫോണ്‍ അടിച്ചപ്പോഴാണ്‌ നമ്മൾ വന്നത് കല്യാണത്തിന് പോകാനാണെന്ന് എല്ലാർക്കും ഓർമ്മ വന്നത്. സന്ധ്യ വരെ ആ കായലിനെ ശരിക്കും ആസ്വദിച്ചു പോയാൽ മതിയെന്ന ചേട്ടൻറെ ഉപദേശം സ്നേഹത്തോടെ നിരസിച്ച്, അവിടുന്ന് തിരിച്ചു.

"അള്ളാ!!താറാവിന്റെ മണം."

"മും, കുറച്ചു മുൻപേ ഒരു താറാക്കൂട്ടം പോയിരുന്നു."

"അല്ല,വെച്ച താറാവിന്റെ മണം."

"വൈകുന്നേരം ഷാപ്പിൻറെ മുൻപിലൂടെ  പോയാല് താറാവും ബ്രാലും ഒക്കെ മണക്കും. ഞാൻ പോയി വാങ്ങിയിട്ട് വരാം." വണ്ടി ഒതുക്കി നിർത്തിയിട്ടു അഭിയേട്ടൻ പറഞ്ഞു.

കപ്പ, താറാവ്, മീൻകറി, കല്ലുമ്മക്കായ ഫ്രൈ, പോടിമീൻ ഫ്രൈ...ഇതെല്ലാം വൈകുന്നേരം,ചെറിയ കാറ്റുള്ള ഒരു പാടവരമ്പത്തിരുന്നു കഴിക്കുന്ന കാര്യം ഒന്നോർത്ത് നോക്ക്യേ...

"ഒരു ജാതി ടേസ്റ്റ്..ഒരു ജാതി കാറ്റ്...." തൃശൂർകാരി ബ്രൂട്ടസി.

"നല്ല പാവം താറാവ്" ങേ...!ആദ്യായിട്ടാ ഒരു ജീവിയെ കറിവെച്ചത്  നിർദാക്ഷിണ്യം കഴിച്ചിട്ട് അത് "നല്ല പാവം" ആയിരുന്നു എന്ന് ആരേലും പറഞ്ഞ് കേൾക്കുന്നെ. ഈ കുഞ്ഞുവിൻറെ ഒരു കാര്യം!

ഇനിയൊരു കമന്റ്‌ കൂടി വരാനുണ്ടല്ലോ എന്നും വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കാണാം, ഒരാൾ അതീവ ജാഗ്രതയോട് കൂടെയിരുന്ന് തട്ടുന്നു.

"വിശപ്പിൻറെ അസുഖമുള്ള കുട്ടിയാ, ശല്യപ്പെടുത്തണ്ട."

തനിക്കിട്ടു അഭിയേട്ടൻ ഗോൾ അടിച്ചത് പോലുമറിയാതെ ജംസൂട്ടി പണി തുടർന്നോണ്ടേയിരുന്നു. തിരിച്ചു വരുമ്പോൾ വീണ്ടും കയറാം എന്ന് പ്രോമിസ് ചെയ്ത് ഒരു വിധത്തിലാ അവിടുന്ന് വിട്ടത്. പിന്നെ വണ്ടി നിർത്തിയത് കാരക്കാട്- ഷേർമാലയുടെ വീട്ടിൽ എത്തിയിട്ടാ. കല്യാണത്തലേന്ന് ആയത് കാരണം അവിടേം ഫുഡ്. അന്ന് പിന്നെ ജെംസൂട്ട്യെ കണ്ടില്ല.

അഭിയേട്ടനെ വില്ലി പിടിച്ചു. ഷേർമാലയുടെ അച്ഛമ്മയാണ് വില്ലി. വല്യമ്മച്ചി എന്ന് വിളിച്ച് വിളിച്ച് വില്ലി ആയി. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരിക്കൽ വില്ലിയെ വന്നു കണ്ടിട്ടുണ്ട്. അന്ന് വില്ലിക്കു ശരിക്ക് കാണാൻ പറ്റിയില്ല എന്നും പറഞ്ഞ് കുറേ നേരം പിടിച്ചു വെച്ചു.കുറച്ചു സമയം കൂടി നിൽക്കാല്ലോ എന്ന ആശ്വാസം എനിക്ക്... :)

എല്ലാവരും കൂടി നല്ല ഓളം. വീട്ടിലോട്ട് പോകാനേ തോന്നിയില്ല. പക്ഷെ അച്ചാച്ചനും അമ്മേം കാത്തിരിക്കും. പോയെ പറ്റുള്ളൂ. മനസ്സില്ലാമനസ്സോടെ
നാളെ നേരത്തേ വരാമെന്ന് വില്ലിക്കും മീശക്കാരനും ഉറപ്പ് കൊടുത്ത് അഭിയേട്ടനും ഞാനും ഇറങ്ങി.

------------കല്യാണം------------

രാവിലെ വന്ന് വില്ലിക്ക് പ്രെസന്റ് സാർ പറഞ്ഞ് എല്ലാരും കൂടെ കല്യാണം നടക്കുന്ന ക്ഷേത്രത്തിലെത്തി. ഫോട്ടോഗ്രാഫർമാർക്ക് കൊറിയോഗ്രാഫി ചെയ്യാൻ ഷെർമാലയെ വിട്ടു കൊടുത്തിട്ട്, കല്യാണത്തിനു വന്ന നുമ്മ ഗടികളെ കാണാൻ പോയി. തുമ്പോലാർച്ചയുടെ ആങ്ങള  ശ്യാമണ്ണൻ, മൂഷി, സുണ്ടൻ , കാള വർക്കി, അവർകളുടെ അനിയൻ വർക്കി, അനൂപ്‌,വാമഭാഗം സുജ... ഇനിയുമുണ്ടല്ലോ ആൾക്കാർ. തപ്പി കണ്ടു പിടിക്കാൻ തുടങ്ങിപ്പോഴേക്കും കെട്ടിമേളം തുടങ്ങി...വരനും കൂട്ടരും എത്തി. എന്തായാലും അധികം വൈകിക്കാതെ സ്വീകരണവും, വധുവിനെ ആനയിക്കലും താലികെട്ടും ഒക്കെ അങ്ങട് നടന്നു. വീഡിയോഗ്രാഫർമാരുടെ മൂടും കണ്ടു എന്തരോ എന്തോ എന്നും പറഞ്ഞു ഇരിക്കുന്ന ആൾക്കാർക്ക് സമാധാനം ആകട്ടെ എന്ന് വിചാരിച്ച് 2 സ്ക്രീൻ ഇരുവശത്തും വെച്ചിട്ടുണ്ട്. അത് കാരണം സ്റ്റേജിൽ എന്താ സംഭവിക്കുന്നത്‌ എന്ന് കാണാൻ പറ്റി. അങ്ങിനെ ആ കല്യാണം കഴിഞ്ഞു. ഇനി ഇതിനെ പറ്റി എന്ത് പറയാനാ. കഴിച്ചോർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ട്.

"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..."ആരുടെയോ ഫോണടിച്ചു.

'"ഹലോ.."

ഫാമിലി ആയിട്ടെത്തിക്കൊള്ളാം എന്ന് പറഞ്ഞ രണ്ട് ഗടികളുണ്ടാരുന്നല്ലോ, അതിലൊരാൾ കെട്ട്യോനും കുട്ടിയുമായി ലാൻഡി എന്ന്.  മണ്ഡപത്തിന് വെളിയിൽ നിന്ന് വിളിക്ക്യാ. കുറച്ചൂടെ കഴിഞ്ഞു വന്നാൽ u-ടേണ്‍ എടുത്തു തിരിച്ചങ്ങു പോയാൽ മതിയാരുന്നല്ലോ. പാവം ഇക്ക കുന്നംകുളത്തുന്നു വണ്ടിയോടിച്ചു വന്നതല്ലേ, അതോണ്ട് ഷേർമാല അവരോടു ക്ഷമിച്ചു.  ഡ്രൈവിംഗ് license ഉള്ള, എന്നാൽ ഡ്രൈവ് ചെയ്യാൻ അറിയാത്ത ഷാബു അല്ലെ കൂടെയുള്ളത്!!

ഒരുമണിക്കൂറോളം നീണ്ട കൊറിയോഗ്രാഫിക്ക് ശേഷം സദ്യയും'കഴിഞ്ഞു യാത്രയയപ്പിന്റെ സമയമായി. വില്ലിയുടെയും  മീശക്കാരൻറെയും ഒക്കെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

"ഞാൻ പോയാൽ ഇവർക്ക് വിഷമം ഉണ്ടാകും, എന്നോട് ശരിക്കും സ്നേ ഉണ്ടല്ലേ.." - ഷേർമാലയ്ക്ക് സന്തോഷായി..

അത് ആനന്ദക്കണ്ണീരാണെന്ന് അവളുണ്ടോ അറിയുന്നു..!!!

ഇനിയും ഒരാളും കു‌ടെ വരാനുണ്ടല്ലോ..അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് തോന്നിയോ? ആ,സോനു-കുടുംബം വന്നപ്പോൾ സന്ധ്യ കഴിഞ്ഞു. തൃശൂര്ന്ന് വരുന്ന ഫ്ലൈറ്റ് ലേറ്റ് ആയത്രേ!! കല്യാണ ഫോട്ടോസും ഒഴിഞ്ഞ പന്തലും കണ്ടു പായസവും കുടിച്ച് അവര് പോകാനിറങ്ങി, ഞങ്ങളും..

തിരികെ പോകുന്ന വഴിക്ക് ജംസൂട്ടിക്ക് കൊടുത്ത വാക്ക് പാലിക്കണമല്ലോ, അത് കൊണ്ടു മാത്രം വീണ്ടും കൈനകരി ഇറങ്ങി., അല്ലാതെ ഞങ്ങൾക്ക് കൊതി ആയിട്ടല്ല.. ;)

അധികം ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല, നല്ല ഒന്നാന്തരം മഴ ആയിരുന്നു. പെട്ടെന്ന് തന്നെ ഇറങ്ങി. സോനു-കുടുംബത്തിനും ബൈ ബൈ പറഞ്ഞു. മഴയത്ത് നേരെ വരുന്ന വണ്ടിയൊന്നും കാണുന്നുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചം മാത്രേ ഉള്ളു. നല്ല രസാ കാണാൻ. പക്ഷെ മിണ്ടിയില്ല, ഒരാളവിടെ കഷ്ടപ്പെട്ടിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കാണാൻ കൊള്ളാന്നു പറഞ്ഞാൽ, എങ്ങാനും കിഴുക്കു കിട്ടിയാലോ. മൈനെ ചുപ് രഹാ ഹി ഹൈ.

അരൂർ എത്തിയപ്പോ, ഈ പഞ്ചായത്തില് വേറെ പാർട്ടിയാ, ഞാൻ പെയ്യുവേല എന്നും പറഞ്ഞു മഴ മാറി നിക്കുന്നു. ഈ യാത്രയിലുടനീളം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചീവിടുകളെ കുഞ്ഞുവിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അവിടെ വീണ്ടും ഫുഡ്.! ഹോ, ഇന്ന് ആരെയാണാവോ കണി കണ്ടത്. ആൾടെ ഒരു ഫോട്ടോ എടുത്തു ബെഡ്ഡിന്റെ അടുത്ത് വെയ്ക്കണം.

ഒരു പത്തു മണിയൊക്കെ ആയപ്പോൾ, രാത്രി യാത്രയില്ലെന്നും പറഞ്ഞ്, നേരെ ഞങ്ങളുടെ തട്ടകത്തിലേക്ക്തിരിച്ചു. വീട്ടിലെത്തി ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഒരു സങ്കട്, ഇനിയെന്നാ വീണ്ടും ഇങ്ങിനെ ഒരു യാത്ര തരപ്പെടുന്നെ..

ഹാ...അപ്പ ശരി., അടുത്ത ഗല്യാണം വരേയ്ക്കും വണക്കം..

Wednesday, January 14, 2015

പേരിടീൽ

ജൂലൈയിലെ മഴയുള്ള ഒരു രാത്രിയിൽ അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് "ള്ളേ ള്ളേ" ന്ന് calling ബെല്ലടിച്ചു കയറിവന്നുഎന്തായാലും വന്നില്ലേഇവനെ എന്ത് വിളിക്കും.പാട്ടും പാടിയിരുന്ന ഞങ്ങള്ക്ക് ഗൂഗിൾ അമ്മച്ചി തന്നെക്കൊണ്ട് ആവുന്നപോലെ സഹായ വാഗ്ദാനങ്ങൾ തന്നു
എവിടെഒന്നും തൃപ്പ്തി ആയില്ല.   അതൃപ്പ്തിക്ക് പിന്നിലുള്ള ഒരേ ഒരു കാരണം A ആണ്പ്ലിംഗ്.. A അല്ല.. ആൽഫബെറ്റ് A. 

"എന്റെചേട്ടന്റെചേട്ടന്റെ മോന്റെഅമ്മ വകേലെ അഞ്ച് കസിന്സിന്റെഅച്ഛൻ വക ആറ്   കസിന്സിന്റെഇവരുടെ ഒക്കെ പേര് "A" ലാ സ്റ്റാർട്ട്‌ ചെയ്യുന്നെഇവന്റെ പേരും "A"ല് സ്റ്റാർട്ട്‌ ചെയ്താ മതി."

 ആശാൻ കട്ടയ്ക്കാ.!! കൊച്ചിന്റെ അപ്പന്റെ ആഗ്രഹമല്ലേ.. എന്നാപ്പിന്നെ സ്റ്റാർട്ട്‌ ചെയ്യുവോഓടിക്കുവോഎന്ത് വേണേലും ചെയ്തോന്ന് ഞാൻ.
അന്ന് തുടങ്ങിയ തപ്പലാ.. 

ആദിത്യൻഅഭിനവ്അനിരുദ്ധൻഅഭിമന്യുഅഖിൽഅജിത്‌...ഒന്നുകിൽ കൂടെ പഠിച്ച ആൾക്കാർഅല്ലെങ്കിൽ അങ്ങേരുടെ കസിൻസ്അതുമല്ലെങ്കിൽ പെങ്കുട്ട്യോൾടെ പേര്...ഇതൊന്നുമല്ലെങ്കിൽ വായിൽ കൊള്ളാത്ത സ്പെല്ലിങ്ങ് പഠിക്കാൻ കഷ്ടപ്പെടുന്ന ടൈപ്പ് പേരായിരിക്കും.  ഗുഗ്ലാന്ടി മടുത്തു.. ഇനി ഇല്ലടെ ഉവ്വേന്നും പറഞ്ഞു അവര് കയ്യൊഴിഞ്ഞു.

"അഭിയെട്ടാനമുക്ക് 2 വേർഡ്‌ വരുന്ന പേരിടാം.ആദ്യത്തെതു എന്തേലും വെയ്ക്കാംസെക്കന്റ്‌ ശരിക്കും പേര്."

"ശരി, 'ആമ വാസുഎങ്ങിനെ ഉണ്ട്?"

കലിപ്പ്.!!!

"നമ്മളെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ? unique ആയിട്ടുള്ള ഒരു പേര് കിട്ടാനല്ലേഎന്നാപ്പിന്നെ uniqueന്റെ മലയാളം തപ്പാംല്ലേ.." (ഹെന്റെ ഒരു ഫുത്തി!!)

തപ്പി തപ്പി അവസാനം ഒരു പേര് കിട്ടി. 5 ലെറ്റർ വേർഡ്‌ ADVIK..അദ്വിക്...

"അദ്വിക്  എന്ന് വിളിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള കാരണം നമുക്ക് ആദിക്കുട്ടൻ എന്ന് വിളിക്കാംവേണേല് vicky എന്നും വിളിക്കാം."(നമ്മൾ എന്ത് തീരുമാനം എടുത്താലും അതിന്റെ എല്ലാ അതിന്റെ എല്ലാ ഓഫറും നോക്കണോല്ലോ..ഓഫർ യുഗമല്ലേ.! :) )


അങ്ങിനെ മോണകാട്ടി ചിരിക്കുന്നഏറെ നേരം ഉറങ്ങുന്ന  മുത്തിനെ ഞങ്ങൾ ആദിക്കുട്ടാ എന്ന് വിളിച്ചു തുടങ്ങി

Monday, January 12, 2015

കണ്ണൂർ-കാസർഗോഡ് യാത്രയുടെ മൂന്നാം ദിവസം


തലേന്ന് രാത്രി ഞങ്ങൾ കാഞ്ഞങ്ങാട് ടൌണിലെ ഓരോ അരിയും  പെറുക്കി. ഒരു ഹോട്ടലിൽ പോലും സ്ഥലമില്ലത്രേ. അവസാനം കറങ്ങി കറങ്ങി ഒരു ഹോട്ടലിൽ എത്തി. അവിടെ ആകെ ഒരു റൂം മാത്രെ ഫ്രീ ആയി ഉള്ളു. ഈ അവസരത്തിൽ മെൽക്കൊയ്മ്മ എപ്പോഴും കുട്ടിയുള്ള ഫാമിലിക്ക് കൊടുക്കണമല്ലോ.

ഈ കറക്കത്തിനിടയിൽ വീട്ടിന്ന് ഒരു നുറ് ഫോണ്‍ കോൾ വന്നിട്ടുണ്ടാകും. ഇനി  എന്ത് ചെയ്യും എന്നാലോചിച്ചു മനുഷ്യൻ  ടെൻഷൻ അടിക്കാൻ തുടങ്ങുമ്പോഴേയ്ക്കും ഒരു ISD വിളി വന്നു. ചേട്ടച്ചാരാണ്.

"ഡാ, അഭീ, നീ  നമ്മുടെ രാജീവൻറെ വീട്ടിലോട്ടു  പോയാൽ മതി. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്."

കേട്ടപാതി അശ്ശക്കും, ബേബോക്കും ബൈ പറഞ്ഞ് ഞങ്ങളിറങ്ങി. (അപ്പു വഴിയിലെപ്പോഴോ ഉറങ്ങിപ്പോയിരുന്നു)

രാത്രി 12 മണി കഴിഞ്ഞു കാണും ഇവിടെ എത്തിയപ്പോൾ. രാജീവൻ ചേട്ടൻറെ അച്ഛനും അമ്മയും മാത്രെ ഉള്ളു.  അത് കാരണം നല്ല പിള്ളെരായി കാലത്ത് തന്നെ എഴുന്നേറ്റു. പല്ല് തേച്ചോണ്ട് നിന്നപ്പോ ദേ ഒരു പട്ടിക്കുട്..അതിലൊരു കുട്ടിപ്പട്ടി. പേര് ജൂലി. കെട്ടിയിട്ട അല്ലെങ്കിൽ കൂട്ടിലിട്ട പട്ടി എൻറെ ഒരു വീക്നെസ് ആണ്. പിന്നെ കുറേ നേരം അവിടെ നിന്ന് അതിനെ ദേഷ്യം പിടിപ്പിച്ചു.

"ദേ, മനുഷ്യനെ നാണം കെടുത്തരുത്. നിന്നെ ഞാൻ റാണിപുരത്തു കൊണ്ടോയി കളയും"

ആ ഭീഷണിയിൽ ഞാൻ വീണു. കാഞ്ഞങ്ങാട്ടേക്കുള്ള വഴിയിൽ ഡ്രൈവർ ചേട്ടൻ കുറെ റാണിപുരം കഥകൾ പറഞ്ഞു - ട്രെക്കിങ്ങിനു പോയ 6 പേരെ 2 ആഴ്ച്ച കഴിഞ്ഞു കിട്ടിയതും, പിന്നെ ആരോ നടന്നു നടന്നു അങ്ങ് കർണാടക ചെക്ക്പോസ്റ്റ്'ല് എത്തിയെന്നും ഒക്കെ. കന്നഡ എനിക്കറിയില്ല. അതോണ്ട് മാത്രം ജുലീ, നീ രക്ഷപെട്ടു.

നീർദൊശയും ചായേം കുടിച്ചു, എല്ലാരോടും യാത്ര ചോദിച്ചു നിന്നപ്പോഴേയ്ക്കും വണ്ടിയുമായി വിജയൻചേട്ടൻ എത്തി. കാഞ്ഞങ്ങാടുള്ള  നിത്യാനന്ത സ്വാമിയുടെ ആശ്രമം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ദിഗംബരനായ സ്വാമിയുടെ ചിത്രങ്ങളും മറ്റു വസ്തുക്കളും ഒക്കെ അവിടെ സൂക്ഷിച്ചിട്ടുണ്ട്.  ധ്യാനിക്കാൻ വേണ്ടി പ്രത്യേകം നിര്മ്മിച്ചിട്ടുള്ള ഒരുപാട് അറകളുള്ള ഒരു ഗുഹയുണ്ട് അവിടെ. ശാന്തതയുടെ അല്ലെങ്കിൽ ഏകാന്തതയുടെ  അർത്ഥം മനസ്സിലാക്കികുന്ന രീതിയിലാണ്‌ അതിൻറെ നിർമ്മാണം.

നാരമ്പാടിയിലെത്തിയപ്പോൾ ഏതാണ്ട് 10  മണികഴിഞ്ഞു. ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾക്കൊക്കെയും ഒരു പ്രത്യേകത. തെക്കൻ കേരളത്തിൽ നിന്നും ഒരുപാട് വ്യത്യാസം. അവിടുന്ന് തന്നെ ഉച്ചയുണും കഴിച്ചു നേരെ അനന്ദപുരം തടാക ക്ഷേത്രത്തിലേക്ക്..

ഒരുചെറിയ തടാകം. അതിന് നടുവിലായാണ് ശ്രീകോവിൽ. പ്രസാദമൊക്കെ വാങ്ങി ഇറങ്ങിയിട്ട് ഒരാൾ തടാകത്തിൽ പോയി കാര്യമായി നോക്കി നിൽക്കുന്നു. അവിടെ ആരെയും ഉപദ്രവിക്കാത്ത ഒരു  മുതലയുണ്ടത്രെ. പിന്നെ കുറെ നേരം മുതലയെത്തപ്പി നടന്നു- കണ്ടില്ല. നല്ല മനസ്സുള്ള ആൾക്കാരെ ഉപദ്രവിക്കണ്ട  എന്ന് കരുതി ഒളിച്ചിരിക്കുന്നതാവം!!

ക്ഷേത്രത്തിൻറെ പിറകിലായി മറ്റൊരു കെട്ടിടം കണ്ടു- ഗോശാല കൃഷ്ണക്ഷേത്രവും മഠവും. വളരെ ലളിതവും എന്നാൽ ഭംഗിയുള്ളതുമായ നിർമാണം. ഓരോ ക്ഷേത്രങ്ങളിലും കയറുമ്പോൾ ഞങ്ങളെ ഏറ്റവും വിസ്മയിപ്പിക്കുന്നത് അവിടുത്തെ ശില്പകലയാണ്. പിന്നെ അവിടുത്തെ അന്തരീക്ഷം...പുറത്തു നല്ല വെയിലായിട്ടും ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പുണ്ട്. വെറുതെ ഇരിക്കാൻ തോന്നി അവിടെ.
കുറച്ചപ്പുറത്ത്‌ മാറി കാവും അതിനോട് ചേർന്ന് ചെറിയ ഒരു അരുവിയും ഉണ്ട്. ആകെ മൊത്തം മനസ്സിന് ഒരു സന്തോഷ്‌.. :)

ഞങ്ങൾ എത്തിയപ്പോഴേക്കും മധൂർ ക്ഷേത്രം അടച്ചിരുന്നു. എന്നാലും അഭിയേട്ടൻറെ വിവരണങ്ങളിൽ നിന്ന് ഒരു ഏകദേശ രൂപം കിട്ടി. 1784ൽ ടിപ്പുവിൻറെ പടയോട്ടത്തിനിടയിൽ ക്ഷേത്രം ആക്രമിക്കുവാൻ ശ്രമിച്ചുവെന്നും, പിന്നീട് മനംമാറ്റം ഉണ്ടായെന്നും ഒരു കഥ ഉണ്ട്. അന്ന് ടിപ്പുവിൻറെ വാൾമുന കൊണ്ടുണ്ടായി  എന്ന് പറയപ്പെടുന്ന ഒരു പാട് ഇപ്പോഴും അവിടെ ഉണ്ട്.

വീണ്ടും യാത്ര.

നാല് മണിയോടെ ബേക്കൽ കോട്ടയിലെത്തി.

"അടിപൊളി ലൈറ്റ്.."

ഓഹോ..തുടങ്ങി..പുട്ടുകുറ്റിം എടുത്തോണ്ടു അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു.. ഞാനും വിജയൻചേട്ടനും അതിയാന്റെ പിറകേയും..

"സൂര്യപ്രകാശമേറ്റ്ചുവന്ന പുൽക്കൊടികൾ, കടൽപ്പരപ്പ്, എന്തിന് ഈ കരിങ്കല്ലിനു വരെ ഒരു  നാണം കലർന്ന ചുവന്ന നിറം."

ദൈവേ..!! ഇങ്ങനൊക്കെ പറയാൻ  അഭിയേട്ടനിതെന്തു പറ്റി എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, എൻറെ അതേ ഭാവത്തോടെ അങ്ങേരു വിജയൻചെട്ടനെ നോക്കുന്നു. പിന്നെ കുറേ നേരം കാറ്റും കൊണ്ടു ചേട്ടൻറെ കഥയും കേട്ട് അവിടെയിരുന്നു., ഏതാണ്ട് ഇരുട്ടുന്ന വരെ. അവിടുന്ന് നേരേ കാസർഗോഡ്‌ ടൌണിലൊട്ട്.

ടൌണിലെത്തി, അപ്പൊ ശരി ചേട്ടാ, ഇനി എപ്പോഴേലും കാണാം എന്ന് പറയാൻ തുടങ്ങിയപ്പോഴേയ്ക്കും അച്ചാച്ചൻ വിളിച്ചു. ചേട്ടന് ഫോണ്‍ കൊടുക്കാൻ പറഞ്ഞു. രാവിലെ വിളിച്ചിട്ട് വിജയൻചേട്ടനോട്, പിള്ളേരെ നോക്കിക്കോണേ എന്നൊക്കെ പറഞ്ഞാണ് വിട്ടത്. ശിവനേ..ഇനി എന്താണാവോ പറയുന്നത്..
പിള്ളേർടെ ബസ്‌വന്നിട്ട് പോയാ മതീന്നു.!!

അച്ചാച്ചാ ചമ്മിപ്പിക്കല്ലേ, 8 മണിക്കാ വണ്ടി. ടൌണ്‍ അല്ലെ. സാരമില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഏഹെ..പിന്നെ കുറേ നേരം വർത്താനം ഒക്കെ പറഞ്ഞു അങ്ങിനെ നിന്നു.

"നിങ്ങളെപ്പറ്റി ആലോചിക്കാനും, സുഖായിട്ടിരിക്കുന്നു എന്നൊക്കെ ഉറപ്പുവരുത്താനും ഒരാളുണ്ടല്ലോ. ഭാഗ്യം ചെയ്തവരാ.. പോയിട്ട് വാ കുട്ടികളെ.."

"ചേട്ടനെയും നോക്കാൻ ഒരാളുണ്ട്. ഞങ്ങളെ നോക്കുന്നവരെ ഞങ്ങൾക്ക് കാണാൻ പറ്റും. ചേട്ടന് പക്ഷെ  കാണാൻ പറ്റില്ല. അത്രേയുള്ളൂ വ്യത്യാസം" . ഇതും മനസ്സിൽ പറഞ്ഞു, നിറഞ്ഞ മനസ്സുമായി അവിടുന്ന് ഞങ്ങൾ തിരിച്ചു...

കണ്ണൂർ-കാസർഗോഡ് യാത്രയുടെ രണ്ടാം ദിവസം - റാണിപുരം


KK ഹോട്ടലിൽ നിന്ന് അതിരാവിലെ ഷാർപ് 5 മണീ'ടെ ബസ്സിൽ പുറപ്പെടണം എന്നും പറഞ്ഞു 4 മണിക്ക് വെച്ച അലാറം സ്നൂസ് അയി നാലേകാൽ നാലര, നാലേമുക്കാൽ, അഞ്ചു മണി, അഞ്ചേകാൽ അഞ്ചര, അഞ്ചേമുക്കാൽ എന്നീ സമയങ്ങളിൽ അടിച്ചിട്ടുണ്ടാവാം. എന്തായാലും ആരോ തെറിവിളിക്കുന്ന പോലെ ഉള്ള ആ കിക്കിക്ക്കി ഒരു ആറുമണി ആയപ്പോൾ അങ്ങ് വിദൂരതയിൽ നിന്നും കേട്ടു. അഭിയേട്ടനെ വിളിച്ചിട്ടാണെല് ഒരു മൈൻഡുമില്ല. 

"അഭിയേട്ടാ, റാണിപുരം, ട്രെക്കിംഗ്, ബസ്‌, പോയി, കപ്പ, ബീഫ്‌..." ഇതിലെ ഏതു കീവേർഡ്‌ ആണ് വർക്ക്‌ ചെയ്തത് എന്ന് അറിയില്ല, അപ്പോഴേയ്ക്കും ചാടി എഴുന്നേറ്റ് "എഹ്, ഒഹ്, പോയോ..(പിച്ചും പേയും; ഇതിന്റിടയ്ക്കു അറ്റൻഡന്സും പറഞ്ഞോ എന്നൊരു സംശയം..!!)  

പിന്നെ എല്ലാം ഝഡു-പിടി ഝഡു-പിടീന്നായിരുന്നു. വിലപ്പെട്ട ഒരു മണിക്കൂർ എടുത്തു - തലേദിവസം വലിച്ചു വെളിയില ഇട്ട ഡ്രെസ്സും പേസ്റ്റും ബ്രുഷും, ചാർജർ, കണ്മഴി, ചീപ്പ് എന്ന് വേണ്ട സകലമാന ഐറ്റംസും പായ്ക്ക് ചെയ്തു റെഡി അയി ഇറങ്ങാൻ.

"TT ഉണ്ടാകുവോ ആവോഎന്ന് ഇടയ്ക്കിടെ ഒരാളുടെ ആത്മഗദം കേൾക്കുന്നുണ്ട്അതിനു ബസ് സ്റ്റാൻഡിൽ എങ്ങിനെ tt  വരുംഅങ്ങേരു ട്രെയിനിൽ അല്ലെ ഉള്ളത്.  ഇതിയാന്റെ ഉറക്കപ്പിച്ച് ഇതുവരെ മാറിയില്ലേ ദൈവമേ..!! അല്ലഅഥവാ ഇവിടെ tt വന്നാലും നമ്മൾ പേടിക്കണ്ട ആവശ്യം ഇല്ലല്ലോഎന്തായാലും ബസ്സില് ടിക്കറ്റ് എടുക്കുമല്ലോ..ഇനി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനാണോ ഉദ്ദേശം..ങേ..

ഞാൻ വേഗം എന്റെ ബാഗ് തപ്പി, എങ്ങാനും tt വന്നാൽ കൊടുക്കാൻ കാശ് വേണ്ടെ..! ദേ വരുന്നു ഒരു കാഞ്ഞങ്ങാട് ബസ്. ചാടി കയറി ഇരുന്നപ്പോഴാ, സീറ്റ് ഒരൽപം ചെറുതാണെന്ന് തോന്നിയത്. ഈ ഇടയായി ഒരൽപ്പം തീറ്റ കൂടുതലാണോ എന്നൊരു സംശയം... അപ്പോഴേയ്ക്കും കണ്ണൂര് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ബസ് സ്റ്റാർട്ട് ചെയ്തു. 

"ഡാ, നമ്മുക്ക് ഇറങ്ങിയാലോ. ഈ ബസ് ഒരു സുഖമില്ല. എനിക്ക് നെഞ്ച് വിരിചിരിക്കാൻ പറ്റുന്നില്ല."
ശ്ശോ, രോഗി ഇഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ..!! "ആളിറങ്ങാനുണ്ടേ..."കൂക്കി വിളിച്ചു എങ്ങിനെയോ ആ ബസ്സിന്നു ഇറങ്ങി.

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും, ദെ വന്നു നമ്മുടെ സ്വന്തം KSRTC. അതില് വെണ്ടക്കാ അക്ഷരത്തിൽ കാഞ്ഞങ്ങാട് എന്ന് എഴുതിയിരിക്കുന്നതിന്റെ കീഴിൽ ചുണ്ടക്കാ വലിപ്പത്തിൽ TT എന്ന് എഴുതിയിരിക്കുന്നു... പിന്നിടുള്ള വിദഗ്ദാന്വേഷണത്തിൽ TT എന്നാൽ town to town ആണെന്ന് ഞാൻ കണ്ടുപിടിച്ചു അല്ലാതെ നിങ്ങൾ വിചാരിച്ച പോലെ TTR ന്റെ ഷോര്ട്ട് ആയ TT അല്ല, ശ്ശേ..!!

കാഞ്ഞങ്ങാട് എത്തിയപ്പോൾ നട്ടുച്ചഅവിടുന്ന് പാണത്തൂർക്കുള്ള ബസ്സിൽ പനത്തടി എത്തിയപ്പോഴേയ്ക്കും മണി ഒന്നരരാവിലെ  കഴിച്ച ഇടിയപ്പം ഉറക്കത്തിലെപ്പോഴോ ദാഹിച്ചു പോയിരുന്നുവിശന്നിട്ടു വയ്യ.. ഇനിയും ഉണ്ട് ഒരു 8 കിമീഎവിടുന്നോ മാലാഖയെപ്പോലെ വന്ന ഒരു ഓട്ടോ ചേട്ടൻ ഞങ്ങളെ റാണിപുരത്ത് എത്തിച്ചു ഇരുന്നൂൂൂൂറു രൂപയും വാങ്ങി പോയി!!!

അവിടെ ഞങ്ങളെയും കാത്തു മധുവേട്ടൻ നില്പ്പുണ്ടായിരുന്നു. ഫ്രഷ്‌ ആകലും ഫുഡ്ഡടിയും എല്ലാം ഒരു 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു. ആവേശം ആവേശം..! കേരളത്തിന്റെ ഊട്ടി എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന റാണിപുരം കുന്നു കയറാൻ ഞങ്ങൾ റെഡി അയി.  


"ഓഹോ, അപ്പൊ അഭിയേട്ടൻ ഈ പുട്ടുകുറ്റിയും കൊണ്ടാണോ കുന്ന് കയറാൻ പോകുന്നെ?"

"പിന്നല്ലാതെ!! എനിക്ക് ദേ ദവിടെ നിന്ന് കുറേ സ്നാപ്സ്‌ എടുക്കണം. നീ വേഗം വാ ലൈയിറ്റ് മാറും, പിന്നെ ഫോട്ടോയുടെ ഭംഗി പോകും. "

"ശരി മാന്യ.."

കാലിൽ അട്ട കടിക്കാതിരിക്കാൻ എങ്ങിനെ ഉപ്പു തെയ്ക്കണം എന്ന് ഡെമോ ഒക്കെ കാണിച്ചിട്ട് ചേട്ടൻ പറയ്യാ എന്നാപ്പിന്നെ നിങ്ങൾ വിട്ടോന്നു!! 'ഞാനീ കുന്നെത്ര കണ്ടതാ' എന്ന മട്ടിൽ മധുവേട്ടൻ വേറേ കസ്റ്റമേഴ്സിന് ഡെമോ കൊടുക്കാൻ തുടങ്ങി. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ നമുക്ക് പേടി ഉണ്ടെന്നു ആര്ക്കും മനസ്സിലാകരുത്‌. അതാണ് നമ്മുടെ വിജയം. "ശരി ചേട്ടാ..."

ഞങ്ങൾ പതുക്കെ ഒരു ബാഗും പിന്നെ അട്ടാക്രമണം തടയാനുള്ള  ഉപ്പു കവറും എടുത്തു KTDC  യുടെ ഗേറ്റും കടന്നു നടക്കാൻ തുടങ്ങിതാഴോട്ടു പോയി ഞങ്ങൾക്ക് പോകേണ്ട വഴി കണ്ടപ്പോൾഹൊറൊർ സിനിമേല് പേരെഴുതിക്കാണി ക്കുന്ന ഒരു എഫക്റ്റ്

"മുത്തപ്പാ...കാത്തോളണേ..." ദേ വരുന്നു ഒരു കുട്ടി ഫാമിലി. ഒരു ചേച്ചി, ചേട്ടൻ, ആൻഡ് എ കുട്ടി., കണ്ടിട്ടു സംഘത്തിലെ നേതാവ് ആ കുട്ടിചെക്കൻ ആണെന്ന് തോന്നുന്നു. എന്തായാലും കൂട്ടിന്‌ ആളുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ 'പഞ്ച'ർ-സംഘം  യാത്ര തിരിച്ചു.

അപ്പൂസ്, അതാ കുട്ടിചെക്കൻറെ പേര്, കൂടെയുള്ളത് അവന്റെ അശ്ശയും  ബേബയും. ആദ്യം അവരായിരുന്നു മുൻപിൽ.. ഹും, lkg'ല് പഠിക്കണ ഒരു കൊച്ച് നമ്മളെ തോല്പ്പിച്ചു മുൻപേ പോയാൽ നമുക്ക് സഹിക്കുവോ..?

ഇല്ല, സഹിക്കില്ല...അങ്ങിനെ അവരെ ഓവർടേക്ക് ചെയ്തു ഞങ്ങൾ മുന്പിലെത്തി.. നമ്മടുത്താ കളി...

വഴിയിൽ  ഉരുണ്ടുരുണ്ട കല്ലുകളും, ഉണങ്ങിയ മരങ്ങളും, വാരിക്കുഴി എന്ന് ബെബൊ പ്രഖ്യാപിച്ച വലിയ കുഴികളും ഒക്കെ കണ്ടു. പക്ഷെ അട്ട മാത്രം ഇല്ല. അപ്പൂസ്സിനു സങ്കടമായി, "എന്താ ബെബോ, അട്ട ഇല്ലാത്തെ :( "

"അപ്പൂസ്സ് നല്ല കുട്ടിയായി നടക്കുവല്ലേ, അതോണ്ടാ", ബെബോ അപ്പുനിട്ടൊരു ബൂസ്റ്റ്‌ കൊടുത്തു. 
പിന്നെ തുടങ്ങിയില്ലേ... "എന്താ അശ്ശ പതുക്കെ നടക്കുന്നെ?", "നമുക്ക് മഞ്ഞു കാണണ്ടെ?", "എനിക്ക് അശ്ശയെക്കാട്ടിലും എത്രെ പോയിന്റ്സ് കൂടുതലുണ്ട് ?",  "ദേ, അട്ട..!! ", "ആന എങ്ങിനെയാ ഈ കുഴിയിൽ വീഴുന്നേ?", "ഉപ്പു വീണാൽ അട്ട കരയ്യോ?", "അട്ട കരയുന്നത് എങ്ങിനെയാ? "  

ബേബോ എൻസൈക്ലോപീഡിയയിൽ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടല്ലോ... എല്ലാ ചോദ്യങ്ങള്ക്കും ബെബോ ബൂസ്റ്റിട്ട ഉത്തരങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു, അപ്പൂസ്സ് ആവേശത്തോടെ ചോദിച്ചുകൊണ്ടെയിരുന്നു..

എത്രെ പെട്ടെന്നാ പുൽമേട്ടില് എത്തിയത്!! കോട പതിയെ താഴേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു... ആകെ ഒരു ഒരു ഫീല്... 

"സ്നോഎന്തിയേ അശ്ശേ?"

ഓഹോഇജ്ജ് സ്നോ കാണാനാണോ ഇത്രേം നേരം കയറിയത്..!!

"ദേ കാണുന്ന കോടയില്ലേഅതാ ഇവിടുത്തെ സ്നോ..."

"എനിക്ക്  സ്നോ വേണ്ടഎറിയാൻ പറ്റുന്ന സ്നോ മതി.."

 സിറ്റുവേഷൻ അശ്ശയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലാന്നു മനസ്സിലാക്കിയ ബെബൊ ഇടപെട്ടു വേഗം വിഷയം മാറ്റി.

വീണ്ടും  നടപ്പ്‌ തന്നെ നടപ്പ്‌..പക്ഷെ ക്ഷീണം ഒട്ടും തോന്നിയില്ല..അപ്പുവിന്റെ വർത്തമാനവും തണുത്ത കാറ്റുംനല്ല combination..!!


"അശ്ശേഎനിക്ക് മതിയായിനമുക്ക് തിരിച്ചു പോകാംഎന്ന് അപ്പുസ്സ് പറയാൻ വേണ്ടി കാതോർത്ത് നടന്ന അപ്പുന്റെ അശ്ശയ്ക്ക് തെറ്റി.

നടന്നു നടന്നു ഒരു വല്യ പാറയുടെ ചുവട്ടിൽ എത്തി. "ഇതായിരുന്നു  നമ്മുടെ ലക്ഷ്യംഎന്ന വ്യാജേന ഞങ്ങൾ അവിടെ യാത്ര അവസാനിപ്പിച്ചു. അയ്യേ, കിയ്യേ പറഞ്ഞ് അപ്പൂനെ കളിയാക്കിക്കൊണ്ട് അഭിയേട്ടൻ ആവേശം പിടിച്ചു വലിഞ്ഞു പിടിച്ചു ആ പാറയുടെ മുകളിൽ കയറി. വേഗം തന്നെ ആരോടോ ക്ഷമാപണം നടത്തി തിരിച്ചു പോന്നു. ഹോ, പ്രകൃതിയോടായിരിക്കും.! മഹാൻ!! തിരികെ വന്നപ്പോൾ മുഖത്തൊരു മ്ലേച്ചത.."എന്ത് പറ്റി?"

"അവിടെ കുറേ തടിമാടാൻമാരിരുന്ന് വെള്ളമടിക്കുന്നു..!!"പ്ലിംഗ്!!

ചമ്മൽ മാറ്റാൻ ഒരാൾ ക്യാമറ എടുത്തു ഓണ്‍ ആക്കി. ബാറ്ററി ഇല്ലാതെ ഓണ്‍ ആകുന്ന ക്യാമറ ഇതുവരെ കണ്ടുപിടിക്കാത്തോണ്ടാണോ എന്നറിയില്ല, അത് ഓണ്‍ ആയില്ല..വീണ്ടും പ്ലിംഗ്..!!  

"സാരമില്ല മൊബൈൽ ഉണ്ടല്ലോ.. :P"  

പിന്നങ്ങോട്ട് സെൽഫീ, ഗ്രൂപ്ഫി, കുന്ന് വലിഞ്ഞു കയറി നഷ്‌ടമായ ആരോഗ്യം വീണ്ടെടുക്കാൻ ചോക്ലേറ്റ് തീറ്റ മത്സരം എന്നീ പരിപാടികളിൽ concentrate ചെയ്തും അപ്പൂസിനോട് അടികൂടിയും സമയം കളഞ്ഞു

അങ്ങിനെ സൊറ പറഞ്ഞിരിക്കുമ്പോൾ ദേ ഒരു തുള്ളി കയ്യില് വീണുഒന്നേ രണ്ടേ മൂന്നെപിന്നങ്ങോട്ട്‌ എണ്ണാൻ പറ്റിയില്ല ചന്നം പിന്നം മഴ. "ഒരുപാട് ഫോട്ടോസ് എടുത്തു ഞാൻ പണ്ടാരമടങ്ങും " എന്ന് വീമ്പടിച്ചു ഒരാൾ താങ്ങിക്കൊണ്ട് നടന്ന dslr, ചാക്ക്  രൂപാന്തരം പ്രാപിച്ച പോലെയുള്ള ഒരു ബാഗിലാണ് ഇട്ടിരിക്കുന്നത്.

പിന്നെ ഒരു ഓട്ടം ആരുന്നുഅപ്പുസിനെ തോളില് ഇരുത്തി ചെരുപ്പിടാതെ അശ്ശമുൻപിൽ ആശ്ശേടെ ചെരുപ്പിട്ട് ബേബോഅതിനു മുൻപിൽ ബാഗും അടക്കിപ്പിടിച്ചു ഞാനും അഭിയെട്ടനുംപോകുന്ന വഴി നിറച്ചും അട്ടയുടെ കടിം കൊണ്ടു ഒരു ഒന്നൊന്നര ഓട്ടം. ഇടയ്ക്ക് ആശ്ശെടെ കാലിൽ നോക്കിയപ്പോൾ ഷൂസിട്ട മാതിരി അട്ട പൊതിഞ്ഞിരിക്കുന്നു. രണ്ടു-മൂന്ന് നുള്ള് ഉപ്പോന്നും ഇട്ടിട്ട് ഈ പെരുമഴയത്ത് എന്താവാനാ? ഒരു കവർ ഉപ്പ് പൊട്ടിച്ച് എല്ലാരുടേം കാലിൽ വിസ്തരിച്ചങ്ങ് പൂശി. പിന്നേം ഓട്ടം..

"മഴയ്ക്ക്‌ നല്ല ലൈറ്റ്, അല്ലെ മാഷെ? ഒരു ഫോട്ടം എടുത്താലോ?" ഓട്ടത്തിനിടയിൽ അറിയാതെ ചൊറിഞ്ഞു പോയതാ. അതിനു ലൈറ്റായിട്ട് രണ്ട് ചീത്ത കിട്ടി :(

ഒന്ന് നേരെ നിന്നത് മധുവേട്ടന്റെ  കട എത്തിയപ്പോഴാഅവിടെ ചെന്നപ്പോൾ അട്ട കടിച്ചവനെ പട്ടി പിടിച്ച പോലെയായി ഞങ്ങളുടെ അവസ്ഥ..കറണ്ടില്ല... നേരം നല്ല പോലെ ഇരുട്ടുകേം ചെയ്തു . 

"രാത്രി..കുറ്റാകുട്ടിരുട്ട്..പെരുമഴ..ദൈവേ..ഒരു മിന്നലെങ്കിലും വന്നെങ്കിൽ....."

"നിങ്ങളും ടൌണിലോട്ടല്ലേ" - അശ്ശ. അശ്ശയല്ല, ദൈവമാണ് ദൈവം...

പകലിന്റെ നിറവിൽ ഞങ്ങളുടെ മനം കവർന്ന റാണിപുരം വിട്ട് അപ്പുവിൻറെ കുടുംബത്തോടൊപ്പം കാഞ്ഞങ്ങാടേക്ക്...

വീണ്ടും വരുമെന്ന ഉറപ്പിൻമേൽ മധുവേട്ടനും വിടതന്നു. 

കണ്ണൂർ-കാസർഗോഡ് യാത്രയുടെ ഒന്നാം ദിവസം - കണ്ണൂർ

അവിടേം ഇവിടേം പിന്നെ തോന്നിയടുത്തൊക്കെയും ബസ്‌ നിർത്തിയ പോലെ തോന്നി. ഇടയ്ക്കെങ്ങാനും ഉറങ്ങിപ്പോയാലോ, കോമ്പ്ലു അടിച്ചു പരസ്പരം വിളിച്ചുണർത്തിക്കൊണ്ടിരുന്നു. എന്തായാലും ഉറക്കം അങ്ങട് ശരി ആയില്ല. സുമാർ 4 മണി ആയപ്പോൾ ഞങ്ങളെ രണ്ടുപേരെയും വിജനമായ റോഡില് ഇറക്കിവിട്ടിട്ട്‌ ബ്രൌണ്‍ കളർ ഗോൾഡെൻ ബസ്‌ അതിന്റെ പാട്ടിനു പോയി.

KK ഹോട്ടലിലാണ് സ്റ്റേ പറഞ്ഞിരിക്കുന്നെ. ഹോട്ടൽ കണ്ടുപിടിക്കാൻ സ്റ്റാന്റ് മൊത്തം ഒന്ന് കറങ്ങി, അവസാനം കണ്ടുപിടിച്ചു. 

"ഉറങ്ങിയെ തീരു ഉറങ്ങിയെ തീരു..."തലേല് ആരോ ഇരുന്നു സമരം ചെയ്യുന്ന പോലെ തോന്നി. റൂമിൽ എത്തിയ പാടെ രണ്ടെണ്ണോം പൊത്തു പോലെ കിടന്നുറങ്ങി. ഒരു 8 മണിയൊക്കെ ആയപ്പോൾ എങ്ങിനെയോ എഴുന്നേറ്റു. മുത്തപ്പനെ കാണണം, അതിലുപരി അവിടുന്ന് ഫുഡ്‌ അടിക്കണം - ഈ ചിന്തയിൽ വേഗം റെഡി ആയി. അത്യാവശ്യ സാധനങ്ങൾ മാത്രം ഒരു ബാഗിലാക്കി ഞങ്ങൾ ഇറങ്ങി. 

പത്തരയോടെ പറശ്ശിനിക്കടവ് എത്തി. എങ്ങാനും മുത്തപ്പൻ തെയ്യം കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് വിചാരിച്ചു ടെൻഷൻ അടിച്ച് എത്തിയ ഞങ്ങളെ വരവേറ്റത് വലിയൊരു ജനാവലിയാണ്- മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ, ഒന്ന് കാണാൻ  പല ദേശത്ത് നിന്ന് വന്ന ആൾക്കാർ. തിരക്കിനിടയിൽ എങ്ങിനെയോ ഞങ്ങളും മുത്തപ്പൻറെ അടുത്തെത്തി. അഭിയേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ ഞാൻ ഇതുവരെ തെയ്യം നേരിട്ട് കണ്ടിട്ടില്ല. ആദ്യായിട്ടാ, അതും ഇത്രേ അടുത്ത്. മുത്തപ്പൻ തെയ്യത്തിൻറെ കണ്ണുകളിൽ നോക്കിയപ്പോൾ പല ചോദ്യങ്ങളും തലേല് പൊന്തി വന്നു. അതെല്ലാം അടക്കി പൊതിഞ്ഞ് വെച്ചിട്ട്, ഞാനോ, നീയോ, വലിയവനോ, ചെറിയവനോ,മനുഷ്യനോ മൃഗമോ എന്നില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന മുത്തപ്പന് മുൻപിൽ കുമ്പിട്ട്‌ അനുഗ്രഹവും വാങ്ങി, പ്രസാദവും കഴിച്ചു അവിടുന്ന് ഇറങ്ങി.

 തിരിച്ചു പോകുന്ന വഴിയിൽ പാപ്പിനിശ്ശേരി ഇറങ്ങി. അവിടെ പാമ്പ്, കുരങ്ങ്, മുതല മുതലായ ജീവികൾ ഉണ്ട്. ഞങ്ങൾ പാർക്കിൻറെ അകത്തോട്ടു കയറിയപ്പോൾ അവിടേം ഇവിടേം നിന്ന ആൾക്കാർ പെട്ടെന്ന് ഒരു സ്ഥലത്തേക്ക് ഓടിക്കൂടുന്നത് കണ്ടു. ഇനി ബിരിയാണി ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു ഞങ്ങളും ചെന്നു.  ഒരു ചെക്കൻ, പമ്പുകളേപറ്റി ക്ലാസ്സ്‌ എടുക്കുന്നു. അതിലെന്താണിത്ര കാര്യമെന്നല്ലേ? ആ, ഓരോ പാമ്പിനെപറ്റി പറയുമ്പോഴും, അതാതു പാമ്പിനെ ആശാൻ കയ്യിലെടുക്കുന്നുണ്ട്.  ഭയങ്കരൻ!!

ആർക്കേലും തൊടാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ദെ, അത് കണ്ടോ? ഹായ്" എന്നും പറഞ്ഞ് മിക്കവരും തിരിഞ്ഞു.

അപ്പോഴാ ഏതോ ഒരു കോളേജ് പയ്യൻ "ഞാനുണ്ട്" എന്നും പറഞ്ഞു വരുന്നെ. തിരിഞ്ഞുപോയവരെല്ലാം വീണ്ടും വട്ടം കൂടി: ഇവനാരാണുവ്വേ..?

അവൻ വന്നതും "ഇന്നാ പിടിച്ചോ" എന്നും പറഞ്ഞു ഒന്നാന്തരം ഒരു മൂർഖനെ കയ്യിലോട്ട് ഇട്ടു കൊടുത്തു. ബ്ലും..! മുർഖന്  ആണോ ആ ചെക്കന് ആണോ കൂടുതൽ സ്പീഡ് എന്നറിഞ്ഞുടാ. രണ്ടും രണ്ടു വഴിക്ക് ഓടി. ഇപ്പോഴാണ്‌ അവൻ കൂടെ വന്ന പെണ്‍ങ്കുട്ട്യോൾടെ മുൻപിൽ ശരിക്കും ആളായത് - അവനെ കണ്ടിട്ട് മുർഖൻ വരെ ഓടിയല്ലോ..!!

പിന്നെ അധിക നേരം  നിന്നില്ല. ഫോട്ടം പിടിച്ചു  തീരാത്ത അഭിയേട്ടനേം പിടിച്ചു വലിച്ച് അവിടുന്ന് മുങ്ങി.

കണ്ണൂർ കോട്ടയാണ് അടുത്ത ടാർഗറ്റ്. ഏതോ ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് നേരേ കോട്ടയിലേക്ക് പൊയി. കൊള്ളാം.! കോട്ടയിലേക്ക്  കയറും മുൻപ് ഒരു കലുങ്കുണ്ട്. വലിയ കൊട്ടവാതിലും കടന്നു അകത്തു ചെന്നപ്പോൾ അവിടെ നിറയെ വിനോദസഞ്ചാരികൾ.

കുതിരാലയവും, യുദ്ധം ചെയ്യാൻ ഒളിച്ചിരിക്കുന്ന സ്ഥലവും ഒക്കെ ഉണ്ട് അവിടെ. എന്നാലും ഞങ്ങൾക്ക് ഏറ്റവും  ഇഷ്ടപ്പെട്ടത് കോട്ടയുടെ ഒരു വശത്ത് കാവൽ  നില്ക്കുന്ന അറബിക്കടലിനെയാണ്. പഴമയുടെ ഗന്ധത്തെ മായ്ക്കാനെന്നപോലെ, കടൽക്കാറ്റ് വീശുന്നുണ്ടായിരുന്നു. കടലിനോട് എന്തോ ഒരു അടുപ്പം തോന്നി, അധിക നേരം അവിടെ നിന്നില്ല. നേരെ വിട്ടു , പയ്യാമ്പലം ബീച്ചിലേക്ക്.

ആദ്യം ഒരു ചെറിയ പാർക്ക്‌. അവിടെ നമ്മളെ വരവേൽക്കാൻ കാനായി കുഞ്ഞിരാമൻറെ "അമ്മയും കുഞ്ഞും" ഉണ്ട്. പാർക്കിലുടെ ബീച്ചിലേക്ക് ഇറങ്ങാം.ബീച്ച് അക്ഷരാർത്ഥത്തിൽ ചുവന്നിരുന്നു. ചുവന്ന സൂര്യനും ചെങ്കൊടികളും. കുറച്ചു നേരം അവിടെ കാറ്റൊക്കെ കൊണ്ടു, വെള്ളത്തിലും കളിച്ചു നിന്നു. നേരെ വട്ടത്തിൽ നിൽക്കുന്ന സൂര്യനെ ചരിഞ്ഞും മറിഞ്ഞും തലേം കുത്തി നിന്നും ഒക്കെ ഫോട്ടം പിടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അഭിയേട്ടനും പോകാൻ റെഡി. സ്വദേശാഭിമാനിക്കും, AKG'ക്കും പിന്നെ അവിടെ വിശ്രമം കൊള്ളുന്ന മറ്റു മഹരധന്മാർക്കും മനസ്സിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടു അവിടെ നിന്നും മടങ്ങി.

ഡിന്നർ നേരത്തേ തന്നെ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു - പ്രജിത്തേട്ടൻറെ വൈഫ്‌ ഹൌസിൽ. ഭാര്യ-രൂപ ഗർഭിണിയാണ്. വീട്ടുകാരെ ഒക്കെ പരിചയപ്പെട്ട് ഫുഡ്ഡും തട്ടി, ടാറ്റാ ബൈ ബൈ പറഞ്ഞ് അവിടുന്നിറങ്ങി. നേരേ ഹോട്ടലിലേക്ക്. വേഗം കുളിച്ച് ഫ്രഷ്‌ ആയി, രാവിലെ എഴുന്നേൽക്കാൻ അലാറവും വെച്ച് മാരക ഉറക്കത്തിലേക്ക്...

ഒരു യാത്ര ജനിക്കുന്നു

കുറേ  നാളായി വിചാരിക്കുന്നു, ഒരു യാത്ര പോകണമെന്ന്. എന്ത് ചെയ്യാനാ ഈ വിചാരം മൂക്കുന്നതു മാസാവസാനം ആയതുകൊണ്ട് ഒന്നും അങ്ങട് തരപ്പെട്ടില്ല. അങ്ങിനെ ഇരിക്കുമ്പോഴാ ഒരു ബ്ലോഗില് ജാതിം മതോം ഒന്നും നോക്കാതെ വരുന്നോര്ക്കെല്ലാം ഭക്ഷണം കൊടുക്കുന്ന മുത്തപ്പനെ കുറിച്ച് വായിച്ചതു. പിന്നെ  അഭിയേട്ടൻ ജനിച്ചതും വളർന്നതും ഒക്കെ അങ്ങ് കാസാർഗോടാണ്. അപ്പൊ അവിടെയൊക്കെ ഒന്ന് പോകണം എന്നും ഒരാഗ്രഹം. രണ്ടും  കൂട്ടി വായിച്ചാൽ ഒരു കണ്ണൂർ-കാസർഗോട് യാത്രയ്ക്ക് സ്കോപ്പ് ഇല്ലേ എന്നൊരു സംശയം.

ഈ സംശയം സംശയം എന്ന് പറയുന്നത് മനസ്സില് വെയ്ക്കാനുള്ള കാര്യമല്ലല്ലോ. So, നേരെ കെട്ട്യോന്റെ മുൻപിൽ അവതരിപ്പിച്ചു. 

"നമുക്ക് പോകാം.(ലഡ്ഡു പൊട്ടി !!!) പക്ഷെ എപ്പോ? എങ്ങിനെ?"

"ട്രെയിനിൽ. മറ്റന്നാൾ. ശനി, ഞായർ, തിങ്കളാഴ്ച പൂജ, ബുധൻ ബക്രീദ്. ചൊവ്വ ലീവ് എടുക്കാല്ലോ."

"ഓഹോ, 5 ദിവസം. അതിമനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ. IRCTC എന്താ വെള്ളരിക്കാപട്ടണം ആണോ? നാളെ! മറ്റെന്നാൾ! അതും കണ്ണൂർക്കെ..!!!"

"ഹും, ആ പൊട്ടിയ ലഡ്ഡുവിന്റെ പൊടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ"(ആത്മഗദം)

അങ്ങിനെ ആ സംശയനിവാരണ യജ്ഞതിന്റെ ഒന്നാം എപിസോഡ് അവിടെ അവസാനിച്ചു. ഒരു 10 മിനിട്ട് കഴിഞ്ഞു കാണും, ഒരാൾ IRCTC സൈറ്റും തുറന്നു വെച്ച് ടിക്കറ്റ്‌ തപ്പുന്നു.

"എന്താ അഭിയേട്ടാ നോക്കുന്നെ?"

"ഇവര് സൈറ്റ് upgrade ചെയ്തു..കൊള്ളാം, ല്ലേ?"

"ഓഹോ, അപ്പൊ സൈറ്റിന്റെ ഭംഗി ആസ്വദിക്കുവാണൊ ?"

"നമുക്ക് പോയാലോ?"

"എങ്ങോട്ട്?"

"നീയല്ലേ പറഞ്ഞെ... മുത്തപ്പനെ കാണണം, കാസർഗോട് പോകണം എന്നൊക്കെ?? ഹേ? നിന്റെ ഒരു ആഗ്രഹം അല്ലെ, അത് സാധിച്ചു തരേണ്ടത്‌ എന്റെ കടമയല്ലേ? (ദീർനിശ്വാസം )"

"ഓ, അങ്ങിനെ.."

ടിക്കറ്റ്‌ തപ്പൽ എങ്ങിനെ അവസാനിച്ചു എന്ന് പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ. IRCTC'യോടാ കളി .. അവസാനം ബസ്സില് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ തീരുമാനം ആയി. പക്ഷെ പ്ലാൻ വേണോല്ലോ. 5 ദിവസം ഇല്ലേ. എന്തായാലും ഇപ്പൊ പോകുന്ന കാര്യം ഉറപ്പായില്ലേ, ടിക്കെറ്റും പ്ലാനിങ്ങും ഒക്കെ ഇനി ഓഫീസിൽ പോയിട്ടാലോചിക്കാം , ലേറ്റ് ആയി...

ഓഫീസിൽ എത്തിയിട്ട് ഒരു മനസ്സമധനമില്ല. എങ്ങാനും ബസ്സിലും ടിക്കറ്റ്‌ കിട്ടിയില്ലെങ്കിലോ? എവിടെയൊക്കെയാ പോകുന്നെ? ഹോ, ആകെ ടെൻഷൻ!!
ഇനി ഒരു ചായ കുടിച്ചിട്ട് ടെൻഷൻ അടിക്കാമെന്ന് വിചാരിച്ചു. ചായ ടീമിൽ സമസ്യ അവതരിപ്പിച്ചു. അപ്പോഴാണ് ഡോണ ചോദിക്കുന്നെ: 
"നിങ്ങൾ റാണിപുരത്ത് പോകുന്നുണ്ടോ? കാസർഗോട് ഉള്ളതാ. ട്രെക്കിങ്ങിനു പറ്റിയ സ്ഥലമാ."

"എഹ്, ട്രെക്കിങ്ങോ..കൊള്ളാല്ലോ."

അങ്ങിനെ ഡോണയുടെ തന്നെ പരിചയത്തിലുള്ള ഒരു മധുവേട്ടന്റെ details വാങ്ങി. ട്രെക്കിംഗ് എന്ന് കേട്ട പാതി, കേൾക്കാത്ത പാതി കെട്ട്യോൻ മധുവേട്ടനെ വിളിച്ചു ഞങ്ങൾ തിങ്കളാഴ്ച അങ്ങോട്ട്‌ എഴുന്നള്ളുന്നുണ്ട് എന്ന് അറിയിച്ചു.

അന്ന് വൈകുന്നേരമായപ്പോഴേക്കും ഒരാൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി, കണ്ണൂർക്കുള്ള ടിക്കെറ്റും ബുക്ക്‌ ചെയ്തു.

"ശനി രാത്രി ബസ്സില് കയറുന്നു. രാവിലെ കണ്ണൂർ എത്തും. അവിടുന്ന് നേരെ പറശ്ശിനിക്കടവ്. പിന്നെ കണ്ണൂർക്കോട്ട, പയ്യാമ്പലം ബീച്ച്. തിങ്കളാഴ്ച രാവിലെ റാണിപുരത്തേക്ക്, ഉച്ച ഒക്കെ ആകുമ്പോൾ അങ്ങ് എത്തും. ഫുഡും കഴിച്ചിട്ട് പത്തു മിനിറ്റ് വിശ്രമം. എന്നിട്ട് നേരേ ട്രെക്കിംഗ്. രാത്രി അവിടെ സ്റ്റേ. അതിരാവിലെ കാസർഗോഡ്‌. പിന്നത്തെ പരിപാടി അവിടെ ചെന്ന് പ്ലാൻ ചെയ്യാം"

"അടിപൊളി"

ഇതൊക്കെ അടിപൊളിയാണെന്നു ഞാൻ മാത്രം പറഞ്ഞാൽ പോരല്ലോ. അങ്ങിനെ രണ്ടാളും വീട്ടില് വിളിച്ചു കാര്യം അവതരിപ്പിച്ചു. അമ്പലങ്ങളുടെ ഒക്കെ പേര് കേട്ടപ്പോൾ വീട്ടുകാർക്കും സന്തോഷം. എന്നാൽ ഇതും കൂടി ഇരിക്കട്ടെ എന്നും പറഞ്ഞ് വേറെ കുറച്ചു അമ്പലങ്ങളും വഴിപാടുകളും ലിസ്റ്റിലേക്ക് ആഡ് ചെയ്ത് എല്ലാരും പിന്തുണ പ്രഖ്യാപിച്ചു.

അങ്ങിനെ ശനിയാഴ്ച ആയി. പാക്കിങ്ങും ക്ലീനിങ്ങും ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞപ്പോൾ മണി ആറ്. 7 മണി കഴിഞ്ഞു 30 മിനിറ്റ് ആയപ്പോൾ രാത്രി 9:30'നു ലുലു മാളിന് മുൻപിൽ എത്തുന്ന ബസ്‌ പിടിക്കാൻ രണ്ടു ചക്ക ബാഗും ഒരു കുപ്പി വെള്ളവും എടുത്തു ഞങ്ങൾ ഇറങ്ങി.

കൃത്യം 8 മണി ആയപ്പോൾ സ്ഥലത്തെത്തി. ഇനിയും ഒന്നര മണിക്കൂർ. ആദ്യം കണ്ട ഒരു ഹോട്ടെലീന്നു പത്തിരിയും മുട്ടക്കറിയും തട്ടി. വീണ്ടും സമയം ബാക്കി. ബസ്‌ വരുന്നത് വരെ ബാഗും പിടിച്ചു ഇങ്ങനെ പെരുവഴിയിൽ നിൽക്കാനോ..? നോ, നോ.  

"നമുക്ക് ഹൈപർമാർക്കറ്റിൽ കയറി ഒന്ന് കറങ്ങിയാലോ." 

"ശരിയാ, എന്തേലും മിസ്സ്‌ ആയിട്ടുണ്ടെങ്കിൽ വാങ്ങേം ചെയ്യാല്ലോ.."(പിന്നല്ല!!)

അവിടുന്ന് കുറച്ചു കറുമുറെ വാങ്ങി ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾക്ക് ബോധോദയം, ട്രെക്കിങ്ങിനു പോകുമ്പോൾ ചോക്ലേറ്റ് കരുതുന്നതു നല്ലതാണത്രെ. കിട്ടിയ ചാൻസ് കളയാൻ പാടില്ലല്ലോ, പോരാത്തതിനു ശാസ്ത്രിയമായ് തെളിയിച്ച കാര്യം.,  ഞാനും എടുത്തു കുറെ ചോക്ലേറ്റ്സ്.

9:30 എന്ന് പറഞ്ഞ ബസ്‌ വന്നപ്പോൾ പത്തര കഴിഞ്ഞു. ഗോൾ ഡൻ ട്രാവെൽസിന്റെ ബ്രൌണ്‍ (അതോ നേവി ബ്ലുവോ..രാത്രിയല്ലേ..:P ) ബസ്സിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു., മുത്തപ്പന്റെ നാട്ടിലേയ്ക്ക്...