Friday, September 3, 2021

ഏഴരവെളുപ്പിന് കടമക്കുടിയിലേക്ക്

ഓണം ഒക്കെ കഴിഞ്ഞ്, കാര്യമായി എങ്ങും പോകാൻ പറ്റാത്തതിൻ്റെ വിഷമം മൂത്തിരിക്കുന്ന സമയം.. അതേ വിഷമത്തിൽ ഇരിക്കുന്ന അനിയനും(അനന്തു) അനിയത്തിയും(ശ്രീക്കുട്ടി) എറണാകുളത്തോട്ടു വന്ന് ഒരുമിച്ചിരുന്നു വിഷമിക്കാം എന്ന് തീരുമാനിച്ചു, വ്യാഴാഴ്ച തന്നെ അവര് ഹാജരും വെച്ചു. 

പിന്നീടങ്ങോട്ട് ഫോൺ വിളിയോട് ഫോൺ വിളികൾ ആരുന്നു. ഓരോരൊ   റിസോർട്ടിൽ വിളിച്ച് ശനിയാഴ്ച സ്റ്റേ അവൈലബിൾ ആണോന്നു അന്വേഷിക്കും. ഓണം വെക്കേഷൻ്റെ അവസാനത്തെ ആഴ്ച ആയതുകൊണ്ട് എങ്ങും അവൈലബിൾ അല്ലാന്നു പറയും. അങ്ങിനെ അവസാനം ഒരു ടെൻറ് സ്റ്റേ ഒരു വിധം ഒപ്പിച്ചു - അപ്പർ സൂര്യനെല്ലിയിൽ, ഡാം വ്യൂ ഒക്കെ ഉള്ള ഒരെണ്ണം. ഓരോന്ന് ആലോചിച്ചു കുളിരുകൊണ്ട് ഇരിക്കുമ്പോഴാ ഞായറാഴ്‌ച ട്രിപ്പിൾ ലോക്കഡോൺ ആണെന്ന് വാർത്ത വരുന്നത്. അങ്ങിനെ ആ പ്ലാൻ പൊളിഞ്ഞു.

അപ്പൊപ്പിന്നെ കൊച്ചി തന്നെ ശരണം. മൂന്നാർ മാറ്റി,  രാവിലെ കടമക്കുടിക്ക്  പോകാമെന്നു തീരുമാനിച്ചു.പ്രത്യേകിച്ച് യാത്ര ഒന്നും ഇല്ലെങ്കിൽ, മടിക്കു വേണ്ടി പ്രത്യേകം ഡെഡിക്കേറ്റ് ചെയ്‌തു  നമ്മൾ ആഘോഴിക്കുന്ന  ദിവസം ആണല്ലോ ശനിയാഴ്ച..  രണ്ട് പിള്ളേരേം പൊക്കിയെടുത്തു ഞങ്ങൾ നാല് പേരും കൂടി കാക്കനാടുള്ള വീട്ടീന്ന് ഇറങ്ങിയപ്പോൾ ഏഴര ആയി. ഏതാണ്ട് വാഴക്കാല  എത്താറായപ്പോൾ ശ്രീക്കുട്ടീടെ ഗദ്ഗദം കേട്ടു.. "എന്നെ മൂന്നാർ കൊണ്ട് പോയില്ലേലും, ഒരു വെള്ളച്ചാട്ടത്തിലെങ്കിലും പോകാമോ..." 

"എന്നാൽപ്പിന്നെ കൊച്ചരീക്കൽ പോയാലോ.." അഭിയേട്ടൻ

"എന്നാൽ ഞാൻ എൽദോനെ വിളിക്കാം.., പിറവം അടുത്തല്ലേ.. അവിടെ ഓപ്പൺ ആണോന്നു അറിയാലോ.."

വിളിച്ച് കാര്യമെല്ലാം സംസാരിച്ചപ്പോൾ, വീട്ടിൽ കയറിയിട്ടു പോയാൽ മതിയെന്നായി എൽദോ. അങ്ങിനെ, പാലാരിവട്ടം സിഗ്നൽ എത്തുന്നതിനു മുൻപേ, കടമക്കുടിക്കു പോകാൻ ഇറങ്ങിയ ഞങ്ങൾ, യു-ടേൺ എടുത്തു. നേരെ വീട്ടിലോട്ട്,  എല്ലാരും ഓരോ ജോഡി വസ്ത്രങ്ങളും എടുത്തു അവിടുന്ന് ഇറങ്ങി.ഇനി പിറവം...

പോകുന്ന വഴിക്കുള്ള ഒരു പ്രധാന സംസാരവിഷയം എൽദോയും മഞ്ജുവും ഇത്രേം ദൂരം  യാത്രചെയ്‌താണ്‌ pre-കൊറോണ കാലഘട്ടത്തിൽ ഓഫീസിൽ വന്നുകൊണ്ടിരുന്നത് എന്നതാരുന്നു. പക്ഷെ അവരുടെ വീടെത്തിയപ്പോഴേക്കും, എല്ലാരും ഒരുപോലെ  പറഞ്ഞു - "ചുമ്മാതല്ല!!"... അതെന്നെ, പച്ചപ്പ് ആൻഡ് ഹരിതാഭ്.. 

ഏതു വീട്ടിൽ ചെന്നാലും ആദ്യം ആ പ്ലോട്ടിൻ്റെ  അതിരും മരങ്ങളുടെ എണ്ണവും നോക്കുന്ന നന്തു നേരെ പറമ്പിലോട്ട് പോയി. കാലേക്കൂട്ടി പറയാതെ ഉള്ള വരവായത് കൊണ്ട് മഞ്ജു ചായ ഇടാനും മറ്റും പോയി.  ഈ സമയത്ത് മിന്നൂട്ടി ഞങ്ങൾടെ ടൂർ ഗൈഡ് ആയി; അവിടെയെല്ലാം ചുറ്റി നടന്നു കാണിച്ചു - ഒരു മിനി ഫാം ടൂർ .. 😂 പറമ്പിലെ ചെറിയെ ചാലുകളിലെല്ലാം നല്ല തെളിനീര് പോലെത്തെ വെള്ളം ഉണ്ടാരുന്നു. കുറെ നേരം അവിടെ കളിച്ചു പിള്ളേരൊക്കെ തകർത്തു. നേരത്തേ പോയാലേ ആള്  കൂടുന്നതിന് മുൻപ് വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ പറ്റുള്ളൂ എന്നുളളുള്ളത് കൊണ്ടും, എൽദോക്കു മീറ്റിങ് ഉള്ളത് കൊണ്ടും, മഞ്ജു ഉച്ചയ്ക്ക് ഫുഡ് എന്താ വേണ്ടത് എന്ന് നിർത്താതെ ചോദിക്കുന്നത്  കൊണ്ടും, ഞങ്ങൾ പ്രാതലും കഴിച്ച് അവിടെ നിന്നും ഇറങ്ങി. 

കൊച്ചരീക്കൽ വെള്ളച്ചാട്ടം പിറവം ടൗണിൽ നിന്നും 12 കി.മീ. മാറിയിട്ടാണ്. അടുത്തായിട്ട് ഒരു ഗുഹയും ഉണ്ട്[ഞങ്ങൾ ഗുഹയിൽ പോയില്ല].

ഒരാൾക്ക് 10 രൂപയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങാനുള്ള എൻട്രി ഫീ. റോഡിൽ നിന്നും കുത്തനേ താഴെ വെള്ളച്ചാട്ടത്തിലേക്ക് കൽപ്പടവുകൾ  കെട്ടിയിട്ടുണ്ട്.

[കൊച്ചരീക്കൽ]

താഴെ എത്തി നോക്കിയപ്പോൾ കാണാം, ഒരു ലോഡ് ചെക്കന്മാർ വെള്ളത്തിൽ കിടന്ന്  അർമാദിക്കുന്നു. കൊറോണപ്പേടി കാരണം വെള്ളത്തിൽ ഇറങ്ങാതെ കുറച്ചു നേരം മാറി നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു. 

[അനന്തുവും ശ്രീക്കുട്ടിയും]

എന്താന്നറിയില്ല, കുറച്ചു കഴിഞ്ഞപ്പോഴേയ്‌ക്കും ആ പിള്ളേരെല്ലാം കരയ്ക്ക്  കയറി.. ഒരു മുഴുവൻ വെള്ളച്ചാട്ടം ഞങ്ങൾക്ക് മാത്രമായി..!!! പിന്നെ ആകെ  ബഹളം ആരുന്നു. പിള്ളേര് വെള്ളത്തില് മറിയുന്നു, ജീവിതത്തിൽ ആദ്യമായിട്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്ന ശ്രീക്കുട്ടീടെ കാര്യം പറയേം വേണ്ട!!ഇതൊക്കെ എന്ത് എന്ന മട്ടിൽ അനന്തു.., ഫോണും പിടിച്ചോണ്ട് അഭിയേട്ടൻ, കരയ്ക്ക് നിന്ന് ഇതൊക്കെ കണ്ടോണ്ട് ഞാൻ[സ്പെയർ ഡ്രസ്സ് എടുക്കാൻ മറന്ന ദുഃഖത്തിൽ..]

ഫോട്ടോഗ്രാഫർ ഫോട്ടോ എടുപ്പോക്കെ നിർത്തി വെള്ളത്തിൽ മുങ്ങിപ്പൊങ്ങാൻ തുടങ്ങി. ഹാ ഹ.. നല്ല രസ...വെയിറ്റ് !!! "ഫോൺ എവിടെ മനുഷ്യാ...!!!"  

"അത് പോക്കറ്റിലുണ്ട്‌..."🤦🙆 

എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ്. വെറുതെ ഒന്ന് ഓണാക്കി നോക്കി. ഡിം...!! മർ ഗയാ സാലാ..!! അങ്ങിനെ ആ കാര്യത്തിൽ തീരുമാനം ആയി.

[വെള്ളത്തിൽ വീണ് മൃതിയടഞ്ഞ ഫോണിനെ ഹോട്ബോക്സിൽ വെച്ച് ചൂടാക്കി, CPR കൊടുത്തിട്ടു റിട്രീവ് ചെയ്‌തെടുത്ത വീഡിയോ..!!]

ഒരു തരത്തിലാണ് രണ്ട് പിള്ളേരേം കരയ്ക്ക്  കയറ്റിയത്. അവര് ശരിക്കും ആസ്വദിച്ചു. ഡ്രസ്സ് മാറാൻ അവിടെ തന്നെ സൗകര്യം ഉണ്ട്. എല്ലാരും ചേഞ്ച് ചെയ്‌തിട്ടു വണ്ടിയിലെത്തി, കടമക്കുടിയിലെ സൂര്യോദയം കണ്ടുകൊണ്ട് കുടിക്കാൻ ഫ്ലാസ്കിൽ എടുത്തു വെച്ച കട്ടനും കുടിച്ചു ഓരോ ബിസ്ക്കറ്റും കഴിച്ചു. 

"ഇനി എങ്ങോട്ടാ..?" അടുത്ത ചോദ്യം

"എന്തായാലും വീട്ടിൽ പോകണ്ട.." 

"എന്നാപ്പിന്നെ നമുക്ക് കാറ്റാടിക്കടവ് പോയാലോ..?"

"ആ, റൈറ്റ്.. വണ്ടി വിടൂ.."

പോകുന്ന വഴിക്കു ഒരു ടൗണിൽ ഇറങ്ങി പിള്ളേർക്ക് രണ്ട് പേർക്കും ഓരോ മഞ്ഞ മഴക്കോട്ട് വാങ്ങി.. എങ്ങാനും മഴ പെയ്താലോ.. ലോ..ലോ...!!!

കൊച്ചരിക്കൽ നിന്നും 45 കി.മീ. ഉണ്ട് കാറ്റാടിക്കടവിൽ എത്താൻ.  ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ആണ് അടുത്തുള്ള ടൌൺ. (തൊടുപുഴയിൽ നിന്നും 25 കി.മീ. ദൂരം) 

വണ്ണപ്പുറം എത്തിയപ്പോൾ അവിടുന്ന് ഫുഡ് പാർസൽ വാങ്ങി, കുറച്ചു കൂടി പോയിട്ട് ഒതുങ്ങിയ ഒരു സ്ഥലം കണ്ടപ്പോൾ അവിടെ വണ്ടി ഒതുക്കി, എല്ലാവരും ഫുഡ് കഴിച്ചു. 

-------------------------------------

അങ്ങിനെ, ബ്ലാതികവല എത്തി. അവിടുന്നാണ് ട്രെക്കിങ്ങ് തുടങ്ങുന്നത്. ഒതുക്കമുള്ള ഒരു സ്ഥലം കണ്ടുപിടിച്ചു, അവിടെ വണ്ടി ഇട്ടിട്ടു, 2 കുപ്പി വെള്ളവും, പുതിയ മഴക്കോട്ടുകളും എടുത്തു ഞങ്ങൾ നടന്നു തുടങ്ങി.  കുറച്ചു ദൂരം കുത്തനെയുള്ള വഴിയാണ്. കൃഷിയിടംകഴിഞ്ഞാണ് ശരിക്കുള്ള മലകയറ്റം തുടങ്ങുന്നത്. ആദ്യത്തെ മല - തുമ്പിതുള്ളും പാറ, അത് കഴിഞ്ഞിട്ടുള്ളത്  മരതകമല(കാറ്റാടികുന്ന് ). തുമ്പിതുള്ളും പാറയിൽ തന്നെയുള്ള ഒരു വ്യൂ പോയിന്റാണ് മുനിയറ. 

കയറിതുടങ്ങുമ്പോൾ ഒരു ക്ഷീണം ഒക്കെ തോന്നും. കൊക്കോ തോട്ടവും മറ്റും കഴിഞ്ഞു തുമ്പിതുള്ളും പാറയിലോട്ടു കയറുന്നിടം എത്തുമ്പോൾ ക്ഷീണം ഒക്കെ മാറും. പിന്നെ അങ്ങോട്ട് പിള്ളേർടെ കയ്യ് പിടിച്ചു നടന്നു തുടങ്ങി. 

[കൊച്ചച്ഛനും പിള്ളേരും]

പുല്ലൊക്കെ വകഞ്ഞു  മാറ്റി,എല്ലാവരും മെല്ലെ നടന്നു. ഇടയ്ക്കിടെ ഒന്ന് രണ്ട് ഫോട്ടോസ് ഒക്കെ എടുത്തു, നടന്നു നടന്നു തുമ്പിതുള്ളും പാറയുടെ മുകളിൽ എത്തി. ഒരു 10 മിനിറ്റ് അവിടെ ഇരുന്നിട്ട് വീണ്ടും നടന്നു. ആദ്യമായി കാറ്റാടിക്കടവ് വന്നപ്പോൾ അവിടെ വെച്ച് ഒരു വൈപ്പറിനെ കണ്ട കഥ ഞാൻ മനഃപൂർവം എഴുന്നള്ളിച്ചില്ല. ഒരു പക്ഷെ ഇത് വായിക്കുമ്പോഴാകും അവര് അറിയുന്നേ.. 😉

[💖]

കാറ്റടിക്കുന്നിലേക്കുള്ള നടപ്പ് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. പിള്ളേരെടെ കൈ പിടിക്കാതെ നടക്കാൻ പറ്റില്ല. ഇടയ്ക്ക് ഉയരത്തിലുള്ള പാറകൾ ഉണ്ടാകും. അന്നേരം കുട്ടികളെ എടുത്തുയർത്തി വേണം കയറ്റാൻ. പുല്ല് കയ്യിലും മറ്റും ഉരഞ്ഞു മുറിയാനും സാധ്യത ഉണ്ട്. ഒരു വശത്തു വലിയ കൊക്കയാണ്. നല്ലവണ്ണം ശ്രദ്ധിച്ചു വേണം നടക്കാൻ. 

ഫീല്  ഫിലേ..

വല്ലവിധേനെയും മുകളിൽ എത്തി.. നല്ല കാറ്റ്... ഒരു വശത്തു പശ്ചിമ ഘട്ടം പാളി-പാളികളായി നീണ്ടു കിടക്കുന്നു.. മറു വശത്തു വലിയ താഴ്വര.. പിന്നെ വീണ്ടും മലനിര.. ഒരു കാഴ്ച തന്നെയാണ്..!! അങ്ങിനെ അവിടെ കാറ്റും കൊണ്ടിരുന്നപ്പോഴാ ദൂരെനിന്നു കുറച്ചു മേഘക്കെട്ടുകൾ  വരുന്നത് ശ്രദ്ധിച്ചത്...അവയ്ക്കു താഴെ എന്തോ ഒരു മൂടൽ പോലെ കാണുന്നുണ്ട്... മഴ..!!!  

അങ്ങ് ദൂരെ..![മഴ വരുന്നത് കണ്ടാ...!!]
                                                  

നോക്കി നിന്ന വഴിക്ക് തന്നെ ഞങ്ങളുടെ മേലും മഴത്തുള്ളികൾ വീണു തുടങ്ങി. വേഗം തന്നെ പിള്ളേർക്ക് മഴക്കോട്ടെടുത്തിട്ടു., ഇറങ്ങുന്ന വഴിക്ക് തെന്നി വീഴാൻ സാധ്യത ഉണ്ട്. പതിയെ പതിയെ നടന്നു... പെട്ടെന്ന് തന്നെ കോട ഇറങ്ങാൻ തുടങ്ങി.. ആദിക്കുട്ടനും ശിവക്കുട്ടനും ആദ്യമായിട്ടാണ് മഴയത്ത് നടക്കുന്നത്. ആദിക്കുട്ടൻ നല്ലോണം അത് ആസ്വദിച്ചു, എന്നാൽ ശിവക്കുട്ടന് ചെറിയ ഒരു ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.. ഒന്ന് രണ്ട് വട്ടം അവനെ എടുത്തോണ്ട് കുറച്ചു ദൂരം നടന്നു. ആശാൻറെ ടെൻഷൻ മാറിക്കിട്ടി. 


പത്തിന്റെ ലോട്ടറി എടുത്തിട്ട് ബമ്പർ പ്രൈസ് അടിച്ച ഫീൽ ആയിരുന്നു ബാക്കി എല്ലാവര്ക്കും.. മഴ, കോട, കാറ്റ്, ആ വ്യൂ.. ഒരു ജാതി ആംബിയൻസ്..!!

[മഴ, കോട, കാറ്റ്, ഞങ്ങൾ...💓💓💓]


 തിരികെ തുമ്പിതുള്ളും പാറയിൽ എത്തി, അവിടെയും കുറച്ചു നേരം നിന്നിട്ടു വീണ്ടും താഴോട്ടു ഇറങ്ങി. കൊക്കോത്തോട്ടം കഴിയുമ്പോൾ ഒരു  കടയുണ്ട്. അവിടെയെത്തിയപ്പോൾ ചെറുതിന് ലോലിപോപ് വേണോന്ന്. എന്നാൽ ശരി ലോലിപോപ് വാങ്ങാം എന്ന് കരുതി കയറി. ചുമ്മാ ഒരു ഗുമ്മിന് കട്ടൻ കിട്ടുമോന്ന്  ചോദിച്ചു. 

"അതിനെന്താ, എടുക്കാല്ലോ. കട്ടൻ കാപ്പി വേണോ ചായ വേണോ ?" 

"3 ചായ,  2 കാപ്പി "

എന്ത് സുഖമാരുന്നെന്നോ..!!! മനസ്സ് നിറഞ്ഞ പോലെതോന്നി..

[ലോല്ലിപോപ് കട aka ചായക്കട]

അവിടുന്ന് പിന്നെ അധികം ഇല്ല താഴോട്ട്. ആറര മണിയായപ്പോഴേക്കും താഴെ എത്തി.. കോരിച്ചൊരിയുന്ന മഴയിൽ, കോട വകഞ്ഞു മാറ്റി നമ്മുടെ വണ്ടി വീട് ലക്ഷ്യമാക്കി ഓടി...

വാലറ്റം: മഞ്ജു തന്നുവിട്ട പാഷൻ ഫ്രൂട്ട് മുഴുവൻ ജ്യൂസ് അടിച്ച് കുടിച്ച് തീർത്തതായി അറിയിച്ചു കൊള്ളുന്നു.