Tuesday, March 30, 2021

ലൈസൻസ്

ഫ്ലാഷ്ബാക്ക്... 2014  ഡിസംബർ..ഒരു പ്രഭാതം..[വിത്ത്  ബിജിഎം... ടട്ട ഡാ ടാ...]

തലേന്ന് രാത്രി ഒരു ഡ്രൈവിന് പോകാൻ പറ്റാത്ത ദേഷ്യത്തിൽ കുലങ്കുഷ ആയിരിക്കുന്ന, ഡെലിവറി കഴിഞ്ഞു 5 മാസം മാത്രമായ, സ്വന്തമായി ഡ്രൈവിംഗ് അറിയാത്ത, ലൈസൻസ് ഇല്ലാത്ത ഭാര്യ...[ഇഷ്ടമുള്ള ബിജിഎം ഇട്ടോളൂ..].

ഒറ്റ രാത്രി കൊണ്ട് അവൾ ഒരു വൻ തീരുമാനം എടുത്തു- ഞാൻ ലൈസൻസ് എടുക്കാൻ പോകുന്നു. ഇന്ന് മുതൽ പ്രാക്ടീസ്. രാവിലെ അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ വിളിച്ചു എല്ലാം പറഞ്ഞു ഉറപ്പിച്ചു. രാവിലത്തെ മീറ്റിങ് കഴിഞ്ഞ പാടേ, കെട്ടിയോനേ ഭീഷണിപ്പെടുത്തി നേരെ ഡ്രൈവിംഗ് സ്കൂളിലോട്ടു വെച്ച് പിടിച്ചു. കുട്ടിക്ക് അഡ്മിഷൻ എടുത്തു. പിന്നെ എങ്ങനെയൊക്കെയോ ക്യൂ ഒക്കെ നിന്ന് RTO'ല് പോയി ലേർണേഴ്‌സ് എഴുതി പാസ് ആയി. എന്റെ ആദ്യത്തെ ലേർണേഴ്‌സ്..! പിന്നെ, രണ്ട് ദിവസത്തെ പ്രാക്ടീസ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി.. കൊച്ച്, ജോലി, കുക്കിംഗ്, പിന്നെ അല്ലറ ചില്ലറ ഫേസ്‌ബുക്ക് അതിന്റെ എല്ലാം കൂടെ ഡ്രൈവിംഗ് കൂടി പറ്റില്ല  എന്ന്. 2000 രൂപ അഡ്വാൻസ് പോയിക്കിട്ടി.

ഫ്ലാഷ് ബാക്ക്#2 

2018 മാർച്ച്.. ഒരു നട്ടുച്ച... സ്ത്രീ ശാക്തീകരണം ആണ് മനസ്സ് മുഴുവൻ.. ആദ്യം എന്നെ തന്നെ ശാക്തീകരിച്ചേക്കാം എന്ന് കരുതി. എനിക്കിപ്പോ എന്താ ഒരു കുറവ്.. ഏയ് ഒന്നുമില്ല.. എന്നാലും ഒന്ന് എഴുതി നോക്കാം എന്ന് കരുതി, ഒരു A4 ഷീറ്റ് എടുത്ത് അക്കമിട്ടു, കുത്തിട്ട് എഴുതി തുടങ്ങി.. ഒന്നേ രണ്ടേ മുന്നേ, നാല് പേപ്പർ തീർത്തു..!! ശ്ശെടാ.. ഇത്രേം ഒക്കെ ഉണ്ടാരുന്നോ.. ഭാഗ്യം..വേറെ ആരെക്കൊണ്ടെലും എഴുതിപ്പിച്ചരുന്നെങ്കിൽ, മഹാകാവ്യം വല്ലോം ആയേനെ..!  എന്തായാലാലും ലിസ്റ്റിൽ ആദ്യം ഉള്ളത് ഡ്രൈവിംഗ് ആണ്. ഇപ്പൊ ശരിയാക്കിത്തരാം.. രണ്ട് ദിവസം കൊണ്ട് ആശാനേ സെറ്റ് ആക്കി. വീണ്ടും RTO ഓഫീസ്, ക്യൂ, ടെസ്റ്റ്, ലെർണേഴ്‌സ് ലൈസൻസ്. അങ്ങിനെ എന്റെ മൂന്നാമത്തെ ലെർണേഴ്‌സ് കിട്ടി. എന്തോ കണക്കു പിശകുണ്ടെല്ലോ ല്ലേ.. 2014'നും 2018'നും ഇടയ്ക്കു ഞാൻ ഒന്നുടെ എടുത്തു ലെർണേഴ്‌സ്..പക്ഷേ അന്നത്തെ പ്രചോദനം എന്തായിരുന്നു എന്ന് ഇപ്പൊ ഓര്മ ഇല്ല..

2020 ഡിസംബർ..

2018 മുതൽ 2020 വരെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.. 2014 മുതൽ എൻ്റെ കൂടെ ശക്തിമത്തായി ഡ്രൈവിംഗ് പഠിക്കാൻ പിന്തുണ പ്രഖ്യാപിച്ച എല്ലാ  തരുണീമണികളും ലൈസൻസ് എടുത്തു.. എന്തിനധികം പറയുന്നു, എന്നെക്കാളും 9 വയസ്സിന് ഇളയ എന്റെ 'മൂത്ത' അനിയത്തി കൂടി എടുത്തു. എന്നിട്ടും ശങ്കരൻ തെങ്ങേല് തന്നെ..

മാസത്തിൽ മിക്ക വീക്കെൻഡും ഒന്നീല് നാട്ടിലോട്ടോ അല്ലെങ്കിൽ മറ്റെങ്ങോട്ടെങ്കിലുമോ യാത്ര പോകുന്നത് കാരണം വീട്ടിലെ ആസ്ഥാന ഡ്രൈവർ ആകെ പരിക്ഷീണിതനും ആണ്. അങ്ങനെ, വീണ്ടും ആ തീരുമാനത്തിൽ എത്തി. നാലാമതും!! എങ്ങാനും, ഏതേലും വേൾഡ് റെക്കോർഡ് കീപ്പേഴ്‌സ് ഇത് വായിക്കുന്നുണ്ടേൽ, നോട്ട് ദി പോയിൻറ് ഏഹ്.. എനിക്ക് നാലാമതും ലെർണേഴ്‌സ് കിട്ടി.. ഇത്തവണ ഒരു മിസ്സ് ആരുന്നു പഠിപ്പിച്ചത്. അവരുടെ ഒരു അവസ്ഥയെ.. പാതിരാത്രി വരെ ഇരുന്നു പണി എടുത്തിട്ട്, പകുതി ബോധത്തിൽ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യാൻ പോകുന്ന ഞാൻ അവർക്കു ഒരു ചാലഞ്ച് ആയിരുന്നു എന്ന് തോന്നുന്നു.. ഇടയ്ക്ക് ഞാൻ നല്ല തണുത്ത തണ്ണിമത്തൻ ഒക്കെ ഗുരു ദക്ഷിണ ആയി കൊണ്ടോയി നോക്കി.. ഗുണം ഉണ്ടായില്ല.. മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു മുങ്ങാൻ നോക്കിയാൽ, കയ്യോടെ പിടിച്ചോണ്ട് പോയി റോഡ് പ്രാക്റ്റീസും H'ഉം എടുപ്പിക്കും. 

ആദ്യം ആദ്യം മിസ് പറയും.."ഇനി ഒരു രണ്ട് മൂന്ന് ക്ലാസ് ഒക്കെ കഴിയുമ്പോൾ, വീട്ടിലെ വണ്ടി ഒക്കെ ഒന്നെടുത്തു ഓടിക്കണം കേട്ടോ."

പിന്നെ പിന്നെ മിസ്സ് ആ ഡയലോഗ് പറയാതെ ആയി..അത് മാറി വേറെ ഡയലോഗ് വന്നു: "മാർച്ച് 18  അല്ലേ ടെസ്റ്റ് ഡേറ്റ്.. ഇങ്ങനൊക്കെ ഓടിച്ചാൽ മതിയോ.."

ഇങ്ങു കൊച്ചിയിൽ എന്റെ ഡ്രൈവിംഗ് അഭ്യാസ പരമ്പരകൾ നടക്കുമ്പോൾ, നാട്ടിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എങ്ങാനും പറഞ്ഞാൽ, അവരെല്ലാം കൂടി ഗിന്നസ് കമ്പനിക്ക് വല്ല കത്തോ, മെമ്മോറാണ്ടമോ ഒക്കെ എഴുതും. പക്ഷെ എൻ്റെ ഈ രഹസ്യം അതിവിദഗ്ദ്ധമായി അനിയത്തി ചൂഴ്ന്നെടുത്തു. അവൾ ചൂഴ്ന്ന് എടുത്തത് ഒരു വീഡിയോ കാളിൽ ആയിരുന്നോണ്ട്, അന്ന് അവിടെ ഉണ്ടായിരുന്ന ഒരു വിധം എല്ലാവരും അറിഞ്ഞു. അങ്ങിനെ അങ്ങിനെ എന്നെ അറിയുന്ന മിക്കവർക്കും, എൻ്റെ കൂട്ടുകാർക്കും ഒക്കെ അറിയാം, എന്ത് .? പതിനെട്ടാം തീയതി ടെസ്റ്റ് ആണെന്ന്.

2021 മാർച്ച് 18 

ഡോക്യൂമെൻറ് വെരിഫിക്കേഷൻ ക്യു ഒക്കെ കഴിഞ്ഞു വിറയ്ക്കുന്ന കാലും കയ്യും വലിച്ചോണ്ട് പോയി കാറിൽ കയറി, H എടുക്കാൻ.. കയറി ഇരുന്ന്  സീറ്റ് ബെൽറ്റ് ഇട്ടപ്പോ മുതൽ കണ്ണീന്ന് വെള്ളം ഒഴുകാൻ തുടങ്ങി.. നേരെ പോയി .നിർത്തി.. റിവേഴ്‌സ് ഗിയർ ഇട്ടിട്ടു വീഴുന്നില്ല... കണ്ണുനീരൊക്കെ വറ്റി.. ഏഹ്, നാലാം വട്ടം ഗിയർ വീണു.. ഹാ റൈറ്റ്, പോട്ടെ.. പോയി, പോയി... റിബ്ബണേല് തട്ടി.. ഫ്യുഷ്‌..ഫ്യുഷ്.. ഇറങ്ങി പൊയ്ക്കൊള്ളാൻ വിസിൽ അടിച്ചതാ.... വണ്ടീന്ന്‌ ഇറങ്ങി.. നേരത്തെ വറ്റിയ കണ്ണീരൊക്കെ തിരിച്ചു വരാൻ തുടങ്ങി.. എന്നേ ചീത്ത വിളിക്കാൻ നോക്കി നിന്ന മിസ്സ് അത് കണ്ട പാടെ.."സാരമില്ല നമുക്ക് ഇനിയും നോക്കാല്ലോ.. H അല്ലേ, ഋ ഒന്നും .അല്ലല്ലോ."  കണ്ണ്  തുടച്ചിട്ട് നോക്കിയപ്പോൾ അഭിയേട്ടനും അവിടെ ഉണ്ട്. "സാരമില്ല, അടുത്ത തവണ നോക്കാം." എന്ന് എന്നോടും, "മിസ്സെ, നെക്സ്റ്റ് വീക്ക് തന്നെ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തോളൂ" എന്ന് മിസ്സിനോടും പറഞ്ഞിട്ട് അവിടുന്ന് പൊന്നു..

വീട്ടിൽ എത്തിയപ്പോൾ... ത്യോറ്റ്  തുന്നം പാടി("കരഞ്ഞു കൂക്കി വിളിക്കുക" എന്ന പ്രയോഗത്തിന്റെ നാടൻ സ്പെല്ലിങ് ആണ്) വന്നിരിക്കുന്നു താങ്കളുടെ മ്യോൾ എന്ന് അമ്മെടുത്തും വിളിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോൾ ചുമ്മാ വെയ്റ്റ് ഒന്ന് നോക്കിയപ്പോൾ 2 കിലോ കുറഞ്ഞിരിക്കുന്നു. 2 മാസം ആയിട്ട് വെയ്റ്റ് കുറയ്ക്കാൻ നോക്കിയിട്ടു 200 ഗ്രാം പോലും കുറയാത്ത എനിക്ക് 2 കിലോ കുറഞ്ഞൂന്നു..  അപാര ടെൻഷൻ !!

അടുത്ത ടെസ്റ്റ് ഡേറ്റ് എടുത്തു.. മാർച്ച് 29. 

വീണ്ടും ടെൻഷൻ നാടകം ആവർത്തിക്കണോല്ലോ എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചു നടക്കുന്ന ഞാൻ.. അതുവരെ ഇല്ലാത്ത പ്രേശ്നങ്ങളുമായി പ്രൊജക്റ്റ്, ലാപ്ടോപ്പിൽ തല പൂഴ്ത്തിയിരിക്കുന്ന അമ്മയെക്കാണാൻ ഇടയ്ക്കിടെ വന്നു പോകുന്ന എന്റെ പിള്ളേർസ്, എല്ലാ ദിവസവും, 'നമുക്ക് H എടുക്കണ്ടെ'  എന്നും പറഞ്ഞു വിളിക്കുന്ന മിസ്സ്, പിന്നെ കുക്കിംഗ് ആദിയായ ആധി കയറ്റുന്ന സംഭവങ്ങളുമായി ദിവസങ്ങൾ ഓടിപ്പോയി. വല്ലപ്പോഴും ഒക്കെ ഞാനും ഓടിപ്പോയി പ്രാക്ടീസ് ചെയ്‌തു.

അങ്ങിനെ ആ ശുഭ ദിനം .. വരവായി.മാർച്ച് 29 !! 

രാവിലെ 6:30'ന് അലാം വെച്ച് എഴുന്നേറ്റു. റെഡി ആയപ്പോഴേക്കും മിസ്സ് വന്നു. ഇത്തവണ അഭിയേട്ടൻ വരണ്ട എന്ന് പറഞ്ഞു മിസ്സ്. അവിടെ ചെന്ന് പേപ്പർ ഏൽപ്പിക്കാൻ ടൈം ആയപ്പോഴാണ് മനസ്സിലായത് റീടെസ്റ് ഡേറ്റ് എടുത്തതിന്റെ കോപ്പി ഇല്ല. പിന്നെ നേരെ സ്കൂളിൽ പോയി പ്രിന്റൗട്ട് ഒക്കെ എടുത്തു തിരിച്ചു വന്നു. അപ്പോഴേക്കും  വൻ ക്യു ഒക്കെ ആയി. പേരനുസരിച്ചു ഒരു ക്യുവിൻറെ അവസാനം പോയി നിന്നു. വെരിഫിക്കേഷൻ കഴിഞ്ഞു അടുത്ത ക്യുവിലേക്ക്. ഓരോരുത്തരെ വിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ പത്താമതോ മറ്റോ ആണ്. 7 ആയപ്പോഴേയ്ക്കും എന്റെ തൊണ്ട ഒക്കെ വറ്റി വരണ്ടു. എവിടെയോ നിന്ന മിസ്സിനെ വിളിച്ചു വരുത്തി ഇത്തിരി വെള്ളം കുടിച്ചു. എന്നിട്ടും എന്തോ ശരിയാകുന്നില്ല. പെട്ടെന്ന് തന്നെ എന്റെ ഊഴം എത്തി. ഇത്തവണ, കണ്ണ് നിറഞ്ഞില്ല. പക്ഷെ കാലും കയ്യും നല്ലോണം വിറയ്ക്കുന്നുണ്ടാരുന്നു. ഒന്നും ആലോചിച്ചില്ല.. ആരെയും മനസ്സിലും വിചാരിച്ചില്ല.. അങ്ങ് എടുത്തു.. റിബ്ബൺ അനങ്ങിയില്ല, കുറ്റിയും വീണില്ല.. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മിസ് പറഞ്ഞു 'പാസ് ആയീട്ടോ'.  പട പടാ ഇടിക്കുന്ന മുട്ടും ഹൃദയവുമായിട്ട് പോയി MVD ഓഫീസറുടെ അടുത്തുന്നു  പേപ്പർ വാങ്ങി വന്നു.. അതില് പച്ച മഷിയിൽ എഴുതിയിട്ടുണ്ട്..'Passed'!!

 എന്റെ ദയനീയ അവസ്ഥ കണ്ട് മിസ് ഒരു സോഡാ നാരങ്ങ വാങ്ങിത്തന്നു.. അതും കുടിച്ചു കുറച്ചു നേരം അവിടെ ഇരുന്നു. എന്നിട്ടും മുട്ടിടി മാറിയില്ല. പിന്നെ അടുത്ത കടയിൽ പോയി ഒരു ഓട്ട ചായയും ഒരു ചിക്കൻ റോളും കഴിച്ചപ്പോൾ എന്തോ ഒരു ആശ്വാസം കിട്ടി. കഴിഞ്ഞില്ലല്ലോ, ഇനി റോഡ് ടെസ്റ്റ് കൂടി ഉണ്ട്. എങ്ങനെയോ  അത് അവസാനിച്ചു എന്ന് പറയാം.. ആ കഥ പറയാൻ നിന്നാൽ ഇന്നൊന്നും തീരില്ല. അവസാനം, അവിടെയും കിട്ടി ഒരു പച്ച 'Passed' ..!!

അങ്ങിനെ, ആ നട്ടുച്ച നേരത്ത്, ഇൻഫോപാർക്കിലെ എക്സ്പ്രസ്സ് വേയിൽ ഞാൻ നിന്നു... വർഷങ്ങൾ ഞാൻ എന്നോട് തന്നെ മല്ലിട്ടു നേടിയെടുത്ത ലൈസൻസ്  നമ്പരുമായി (നമ്പർ അന്നേരം തന്നെ അലോട്ട് ആയി കിട്ടും.., പരിവാഹൻ ഡാ...!!!).. എനിക്ക് തോന്നുമ്പോൾ വണ്ടി എടുത്തു പുറത്തു പോകാൻ, എന്റെ പിള്ളേരേം കൊണ്ട് കറങ്ങാൻ പോകാൻ.. വല്ലപ്പോഴും നാട്ടില് പൊങ്ങുന്ന പഴേ ബഡ്ഡീസിനെ കാണാൻ പോകാൻ.. എല്ലാത്തിനും ഉപരി ഞങ്ങൾ ഒരുമിച്ചു സ്വപ്നം കണ്ട യാത്രകൾക്കായി...

വാലറ്റം: ലൈസൻസ് കിട്ടിയതിനു ശേഷം ഞങ്ങൾ ഒന്ന് കർണാടക വരെ പോയി.. മൊത്തം കവർ ചെയ്‌ത 1734 കിലോമീറ്ററിൽ എതാണ്ട് 250 മീറ്റർ ഞാൻ ഓടിച്ചു. എൻറെ മുട്ടിടിയും അഭിയേട്ടൻറെ നെഞ്ചിടിയും കൂടിയത് കൊണ്ട് ഞാൻ നിർത്തി. പക്ഷെ, ഈ ലൈസൻസ് ഒരു ഐഡൻറിറ്റി കാർഡല്ല. നല്ലോണം പ്രാക്ടീസ് ചെയ്‌തു മുട്ടിടിക്കാതെ ഈ വഴികളിലൂടെ ഞാൻ വരും.. പാക്കലാം..!!