Thursday, March 26, 2015

ശരിക്കും LED

ഫിലിപ്സ് LED ബൾബിന്റെ പരസ്യത്തിൽ രണ്ബിർ ഓടി നടന്ന് ബൾബ്ഇടുന്ന കണ്ടപ്പോൾ മുതൽ തോന്നിയതാ - മൂന്നാലെണ്ണം വാങ്ങണമെന്ന്. വില നോക്കിയപ്പോൾ ഒരെണ്ണത്തിന് തന്നെ 500,400 ഒക്കെ. ഒരു മുന്ന് വാട്ടിന്റെ വാങ്ങി നോക്കാം എന്നൊക്കെ വിചാരിച്ചിരിക്കുന്നിടത്തൂന്നാ ഈ കഥ ആരംഭിക്കുന്നത്.

-----------------------------------------------

കുറച്ച് ദിവസം മുൻപ്  ഞങ്ങൾ കൊച്ചിയിലുള്ള ബഡ്ഡീസെല്ലാരും കൂടി ഒത്തുകൂടിയിരുന്നു. (എല്ലാരും എന്ന് പറഞ്ഞാൽ 9 സഹ-ഹോസ്റ്റലികൾ ഉള്ളതിൽ ഒരു 4 പേര്.) ഓഫീസിലെ പരദൂഷണങ്ങൾ, പിന്നെ ചില ഓൾഡ്ഫെല്ലോസിന്റെ കഥകൾ, ഇതൊക്കെയായിരുന്നു സംസാര വിഷയങ്ങൾ. രണ്ട്  മണിക്കൂർ ഠപ്പേന്ന് പോയി.  'പീപീപ്പി'യെ അവൾടെ കെട്ട്യോൻ വന്നു വിളിച്ചോണ്ടു പോയി. കൊണ്ടു വന്ന ചോക്ലേറ്റ്സൊക്കെ കഴിഞ്ഞു. അപ്പോൾ മുതൽ ബിനി "സന്ധ്യയായി, പോകാം" എന്ന് പറയാനും തുടങ്ങി.

"എന്നാൽ പിന്നെ ഇറങ്ങിയേക്കാം."

പെട്ടെന്ന് ആത്തുവിന് ബോധോദയം വന്നു  -  "അതേ, ഞങ്ങടെ കമ്പനിയിൽ സെയിൽ വരുന്നുണ്ട്. അവരുടെ പ്രോഡക്റ്റ്സ് ഒക്കെ ഡിസ്കൌണ്ട് വിലയ്ക്ക് കിട്ടും. നിങ്ങള്ക്ക് എന്തേലും വേണോ?"

"ഡിസ്കൌണ്ടോ..!" കാഡ്ബറി ഷോട്സ് പൊട്ടി..!

"എനിക്കൊരു LED ബൾബ്വേണം."(ഇലക്ട്രോണിക് ഐറ്റംസും ഉണ്ട്..)

"അതിനെന്താ, ഞാൻ വാങ്ങി വെച്ചേക്കാം."

അങ്ങിനെ ഒത്തുകൂടൽ പിരിച്ച് വിട്ട്, മൂന്നു പേരും മൂന്നു വഴിക്ക് പിരിഞ്ഞു.

-----------------------------------------------

ഇന്നലെ ഉച്ച ആയപ്പോൾ ആത്തുൻറെ വിളി. "അച്ചൂ, ഇവിടെ സെയിൽ."

"കൊള്ളാല്ലോ..."

"11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ. വാങ്ങട്ടെ? "

"എഹ്ഹ്..ആഹ്..വാങ്ങിക്കോ"

-----------------------------------------------

"മാഷേ, LED LED..!! 11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ! എങ്ങിനുണ്ട്?"

"നീ കോമഡി പറയാതെ പോയെ. ഏതോ ലോക്കൽ കമ്പനിയുടെ 3 വാട്ടിന്റെ ഓഫർ പ്രൈസ് 150 ആണ്. അപ്പോഴാ ഇവരുടെ പതിനൊന്നും പതിനഞ്ചും.!"

"സത്യായിട്ടും. എമ്പ്ലോയീസിന് മാത്രം ഉള്ള ഓഫർ ആണ്. നമ്മൾ ഓഫീസിൽ പോകുന്ന വഴിക്ക് അങ്ങോട്ട്കയറിയാൽ പോരെ? "

"ശരി"

അങ്ങിനെ " വഴിക്ക്" ഞങ്ങൾ "അങ്ങൊട്ട്" പോയി. വരവ് ആത്തുവിനെ വിളിച്ച് അറിയിച്ചിട്ട് വണ്ടിയിൽ തന്നെ വെയിറ്റ് ചെയ്തിരുന്നു. ദിപ്പം വരാമെന്ന് പറഞ്ഞ ആത്തുവിനെ കാണാനില്ല.

"അല്ല, ശരിക്കും നീ LED എന്ന് തന്നെയാണോ കേട്ടത്? ഇനി അഥവാ LED തന്നെയാനെങ്കിലും ടോർച്ചിന്റെ ബൾബ്എങ്ങാനും ആണോ?"

"ഒന്ന് പോ മാഷെ. ശരിക്കും LED  തന്നെയാ... ദേ, വന്നു!!"

ആത്തു ഒരു കവറുമായി രംഗപ്രവേശനം ചെയ്തു.

"ദാ പിടിച്ചോ LED. തുറന്ന് നോക്ക് അച്ചൂ."

"ഓഹ് വേണ്ട."

കുശലാന്വേഷണങ്ങളും മറ്റും കഴിഞ്ഞ് 200 രൂപ എടുത്ത് ഏൽപ്പിക്കാൻ നോക്കിയിട്ട് ആത്തു വാങ്ങണില്ല. പിന്നെ ഒരു വിധത്തില് അടിച്ചേൽപ്പിച്ചിട്ട് പൊന്നു.

"നമ്മുടെ ആദ്യത്തെ LED ബൾബ്‌." ഞാൻ പാക്കറ്റ് പൊട്ടിച്ച് നോക്കി.

എലി പുന്നെല്ല് തപ്പി പോയിട്ട് പാഷാണം കണ്ട അവസ്ഥ. 2 CFL ബൾബുകൾ എന്നെ നോക്കി പുഞ്ചിരി തൂകിയിരിക്കുന്നു. ഞാൻ അഭിയേട്ടനെ നോക്കി അതേ പുഞ്ചിരി പാസ്സ് ചെയ്തു. പ്ലിംഗ്...

"എനിക്കപ്പോഴേ അറിയാരുന്നു. ശരിക്കും LED, ഒറിജിനൽ LED..എന്തൊക്കെയാരുന്നു.. അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിൻറെ എല്ലാ ഫ്രണ്ട്സും നിൻറെ പോലെയാ?"

"ഏഹ്..!! ദേ, എന്റെ ഫ്രണ്ട്സിനെ പറഞ്ഞാലുണ്ടല്ലോ..!!"

", അപ്പൊ നിൻറെ നിലവാരം നിനക്ക് തന്നെ നന്നായി അറിയാല്ലോ..:P"

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എന്തിനാല്ലേ നമ്മൾ വടി കൊടുത്തടി വാങ്ങുന്നത്..

-----------------------------------------------

വൈകിട്ട് വീട്ടിലെത്തി പാക്കറ്റ് തുറന്ന് ബൾബ്എടുത്തു നോക്കി. എന്തോ ഒരു പ്രശ്നമുണ്ടല്ലോ? ഞാൻ ബൾബ്ഒന്ന് കിലുക്കി നോക്കി. "ക്ലും ക്ലും.."

"ഡീ, അത് തേങ്ങ അല്ല, കുലുക്കി നോക്കാൻ..!"

ഹേ..വീണ്ടും അപമാൻ..!! ഇനിയിത് കത്താതിരുന്നാൽ പൂർത്തിയായി.കാവിലമ്മേ ശക്തി തരണേ...രണ്ടും ഹാളിലെ ഹോൾടെറിൽ ഇട്ട് ടെസ്റ്റ്ചെയ്തു നോക്കി.

ആരുടെയോ ഭാഗ്യം..(ആത്തുവിന്റെ ആണോ അതോ എന്റെയാണോ??) രണ്ടും കത്തി. ആ സംഭവം അങ്ങിനെ അവസാനിച്ചു. എന്നാലും എനിക്കൊരു സംശയം - കിലുങ്ങുന്ന CFL കത്തുമോ?


Tuesday, March 17, 2015

ചെരുപ്പ് പുരാണം


ഏതാണ്ട് പ്ലസ്‌ 2 മുതൽ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന ഒരു പ്രശ്നമാണ് ചെരുപ്പ്-വാങ്ങൽ എന്ന യജ്ഞം. ആദ്യമൊക്കെ അമ്മ കൂടെ വരുമായിരുന്നു. "ഏറ്റവും വലിയ സൈസ് ഷൂ പോരട്ടെ" എന്ന് കടകളിൽ കയറുമ്പോൾ തന്നെ പ്രഖ്യാപിച്ചിട്ട് അമ്മ എവിടേലും ആസനസ്ഥയാകും.

"ഈ കൊച്ചിന് ഷൂ വേണേല് ബാറ്റക്കാര് കനിയണം", "എന്തോര് വലിയ കാലാ..", "ഇതിന് ചെറുക്കന്മാരുടെ ചെരുപ്പെടുക്കട്ടെ ചേച്ചീ.."എന്നീ ഡയലോഗ്കള് കേട്ട് മടുത്ത അമ്മ, പിന്നെ പിന്നെ ചെരുപ്പ് വാങ്ങണം എന്ന് പറഞ്ഞാൽ "ശനിയാഴ്ച പോയി തന്നെത്താനെ വാങ്ങിച്ചോ" എന്നും പറഞ്ഞ് നയിസായിട്ട് അങ്ങ് ഒഴിയും.

പ്ലസ്‌ 2 കഴിയുന്നത്‌ വരെ ചെക്കന്മാരുടെ ഷൂസും കാൻവാസ് ഷൂസും ഒക്കെ ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു. ഇനിയിപ്പ ഷൂ അന്വേഷിച്ചു നടക്കണ്ടല്ലോ എന്ന സമാധാനത്തോടെ കോളേജിൽ എത്തിയപ്പോഴല്ലെ പണി പാളിയത്. ചെരുപ്പെങ്ങാനും പൊട്ടിയാൽ നാട്ടിൽ വരുന്നത് വരെ എങ്ങിനേലും നടന്നേ പറ്റു. ശ്രീകൃഷ്ണപുരത്ത് അത്രേം വല്യ ചെരുപ്പ് കിട്ടില്ല. എട്ടിന്റെ പണി, അല്ലാതെന്ത് പറയാൻ.

തേർഡ് ഇയർ മുതൽ പ്രൊജക്റ്റിന്റെ പേരും പറഞ്ഞ് ഞങ്ങൾ ഇടയ്ക്കിടെ എറണാകുളത്ത് കറങ്ങാൻ പോകും. രേഷുവിന്റെ വീട്ടിലായിരിക്കും താമസം. എല്ലാരും നല്ല തീറ്റി ആയത് കാരണം രേഷൂൻറെ മമ്മിക്കായിരുന്നു പണി മുഴുവൻ. ചിക്കൻ സ്റ്റൂവും ചപ്പാത്തിയും, കൊഞ്ചു മാങ്ങാക്കറിയും അങ്ങിനെ ഒരുപാട് സ്പെഷ്യൽ ഐറ്റംസ് ഉണ്ടാകും. രാവിലെ കഴിച്ചിട്ട് ഇറങ്ങും. 2 മണിക്കൂർ മാത്രേ ക്ലാസ്സുണ്ടാകു. നേരെ വീട്ടിൽ പോയാൽ മമ്മിക്ക്‌ അതൊരു ബുദ്ധിമുട്ടായാലോ. അതോണ്ട് മാത്രമാ കറങ്ങാൻ പോകുന്നത്. :D 

അങ്ങിനെ ഒരു ഏറണാകുളം റോമിങ്ങിനിടയിൽ നീല ബാറുള്ള ഒരു ചെരുപ്പ് കിട്ടി; പാരഗണ്‍ സ്ലിപ്പർ അല്ല, നല്ല തറവാടി "ബ്ലൂ സാന്ടൽ". കുറേ നാൾക്ക് ശേഷമാണ് മനസ്സിനിണങ്ങുന്ന ഒരു ജോഡി ചെരുപ്പ് കിട്ടുന്നത്. എവിടെപ്പോയാലും "അങ്ങോട്ട് നോക്കി; ഇങ്ങോട്ട് നോക്കി; വായിനോക്കി " നടന്നിരുന്ന ഞാൻ "നല്ല കുട്ടിയായി" കാലും നോക്കി ഭംഗി ആസ്വദിച്ച് നടക്കാൻ തുടങ്ങി.  കോളേജ് ഹോസ്റ്റലിൽ തിരിച്ചെത്തിയിട്ടും ചെരുപ്പിൻറെ ഭംഗി ആസ്വദിച്ചു തീരാത്തത് കാരണം എല്ലാ ദിവസവും ഉപയോഗ ശേഷം തുടച്ച് വൃത്തിയാക്കി ബെഡിൻറെ ഒരറ്റത്ത് സൂക്ഷിച്ചു വെക്കും. അങ്ങിനെ ഞാൻ പോന്നു പോലെ കൊണ്ടു നടന്ന ഒരു ചെരുപ്പായിരുന്നു അത്.

അങ്ങിനെ ഇരിക്കെ നാല് ദിവസം അവധി ഒത്ത് കിട്ടി. ഷേർമാലയും ഞാനും
ഒറ്റപ്പാലത്തൂന്നു  ചെങ്ങന്നൂര് വരെ ട്രെയിനിലാണ് യാത്ര. തൃശൂർ വരെ ഷേർമാലയുടെ "കല-പില". അത് കഴിഞ്ഞ് കോട്ടയം വരെ അപ്പർ ബെർത്തിൽ കയറിക്കിടന്ന് ഉറക്കം. കോട്ടയമെത്തിയാൽ വേഗം എഴുന്നേറ്റ് ബാഗും എടുത്തു ഡോറില് പോയിരിക്കും. ചെങ്ങന്നൂര് വരെ കാറ്റും കൊണ്ട്. എന്ത് രസാന്നറിയ്യോ..ബാഗിന് നല്ല ഭാരമായിരിക്കും. ഒരു വെയിറ്റിനു വേണ്ടി മാത്രം ചുമക്കുന്ന കുറച്ച് ബുക്സ് ഉണ്ടാകും.പിന്നെ മുഷിഞ്ഞ കുറെ ഡ്രെസ്സും. ഇതോക്കെയാണ് നാട്ട്-യാത്രയിൽ ഞങ്ങൾ കർശനമായും നടപ്പാക്കിയിരുന്ന ആചാരങ്ങൾ.

എപ്പോഴത്തെയും പോലെ കോട്ടയം കഴിഞ്ഞപ്പോൾ ഡോറില് വന്ന് കാലും വെളിയിലോട്ട്‌ ഇട്ട് ഇരിക്കാൻ തുടങ്ങി. ചെങ്ങന്നൂര് എത്തുന്നതിനു മുൻപ് ഒരു വലിയ പുഴ ഉണ്ട്. ട്രെയിൻ കറക്റ്റ് അതിൻറെ മുകളിൽ എത്തിയപ്പോൾ, "ബ്ലും.."എന്റെ ആരുമയായ ചെരുപ്പ് ദെ കിടക്കുന്നു വെള്ളത്തിൽ. കുറച്ച് നേരത്തേയ്ക്ക് അനങ്ങാതെ അവിടെ തന്നെയിരുന്നു. ആകെ ഒരു വിഷമം പോലെ..

"ചെരുപ്പിന് പകരം ഈ ജന്തു വീണിരുന്നെങ്കിൽ..."ഈ ആത്മഗദം കേട്ടപ്പോഴാണ് എനിക്ക് തോന്നിയത് ചെരുപ്പല്ലേ ബ്ലും ആയുള്ളൂ. ഞാൻ കൂടെ ബ്ലും ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ...

Thursday, March 5, 2015

പെണ്ണുകാണൽ - വേർഷൻ 1.0

ഈ വീക്കെൻറ് കൊച്ചീല് നിന്നിട്ട് കാര്യമില്ല. സഹമുറിയത്തികൾ എല്ലാരും വീട്ടിൽ പോയി. മാധവേട്ടന്റെ സെക്കണ്ട് ഹാൻഡ് ഇലക്ട്രോണിക്സ് കടയിൽ  നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങിയ 32 ഇഞ്ചിന്റെ ഒരു ടിവി മാത്രമാണ് ആകെയുള്ള ടൈംപാസ്സ്. ഇടയ്ക്കിടെ ഒരു പൊട്ടലോ ചീറ്റലോ കേട്ടാലായി. ദേഷ്യം വന്ന് മണ്ടയ്ക്കിട്ടൊന്നു കൊടുത്താൽ 10 മിനിറ്റ് അനർഘനിർഘളം പരിപാടി കാണാൻ പറ്റും. ഒറ്റയ്ക്കിരുന്ന് ടിവി  തട്ടുന്നതിനുള്ള റിസ്ക്‌ എടുക്കാൻ വയ്യാത്തതിനാലും വായിലോട്ടു തട്ടാനുള്ളത് സ്വയം വെച്ചുണ്ടാക്കിയാൽ എനിക്കെന്ത് തോന്നും എന്ന കാരണത്താലും വീട്ടിലോട്ട് കെട്ടിയെടുക്കാൻ തീരുമാനിച്ചു.

സാധാരണ ഞാൻ വീട്ടിലെത്തിയാൽ സിറ്റൗട്ടിന്റെ പടിയിലിരുന്നു സന്ധ്യ വരെ വിശേഷം പറയുന്ന അമ്മ എന്നെ കണ്ടതും നേരെ ലാൻഡ്‌ഫോണിൻറെ അടുത്തേയ്ക്കോടി. പാവം എന്റെ കൊച്ച് ഇത്രേ.....൦ ദൂരം (ഏതാണ്ട് 175 കി.മി.) യാത്ര ചെയ്ത് വന്നതല്ലേ., എന്തേലും കഴിച്ചോ? വിശക്കുന്നോ? ഏഹെ..ഒന്നും ചോദിച്ചില്ല. ഇതെന്താ ഇപ്പൊ ഇത്ര കാര്യായിട്ട് ഫോണില്...

"ആ. വന്നിട്ടുണ്ട്..ഞായറാഴ്ച.. രാവിലെയോ? 11 മണി? ആ അത് മതി. ശരി."

അല്ലേലും ഞാൻ വരുന്ന ആഴ്ച അമ്മയ്ക്ക് എങ്ങോട്ടേലും യാത്ര ഉണ്ടാകും. എനിക്കാണേല് ശനിയാഴ്ച വീട്ടിലെത്തിയാൽ തിങ്കളാഴ്ച രാവിലെ വരെ എങ്ങോട്ടും പോകാനിഷ്ടമല്ല.

"ഞായറാഴ്ച രാവിലെ 11 മണിക്ക് അമ്മ എങ്ങോട്ടാ ?"

"ഞാനെങ്ങും പോകുന്നില്ല, നീയും എങ്ങും പോകാണ്ടിരുന്നാൽ മതി"

"അതെന്താമ്മേ അങ്ങിനെ?"("ങ്ങ"യ്ക്ക് ഇത്തിരി സ്ട്രെസ്സ്)

"താഴത്തെ മാമന്റെ അനിയത്തീടെ ഭർത്താവിന്റെ പെങ്ങടെ ഭർത്താവിന്റെ  അനിയൻ ഒരാളുണ്ട്.ഗൾഫിലാ ജോലി. ഇപ്പൊ നാട്ടിലുണ്ട്, അവര് നാളെ ഇങ്ങോട്ട് വരുന്നെന്ന്."

ഇത്രേം പറഞ്ഞു നാണം കലക്കി ഒരു ചിരിയും പാസ്സാക്കി അമ്മ അകത്തോട്ട് പോയി.അപ്പൊ സംഭവം ലതാണ്.. പെണ്ണുകാണൽ..!!

"അമ്മേ..."
മറുപടിയില്ല.
വീണ്ടും "അമ്മേ .."
വീണ്ടും മറുപടിയില്ല..
"ആഹാ ...അമ്മച്ചീ..."

"എന്താടി നിന്ന് ലേലം വിളിക്കുന്നേ? വന്നിട്ട് മണിക്കുർ രണ്ടായി. താളം തുള്ളി മുറ്റത്ത്‌ തന്നെ അങ്ങ് നിന്നോ. പ്രായമെത്രെ ആയീന്നാ വിചാരം."

"അമ്മ വിഷയം മാറ്റണ്ട. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ അമ്മ എന്തിനാ അവരോട് വരാൻ പറഞ്ഞത്?"

"അതൊന്നും പിള്ളേരറിയണ്ട കാര്യമല്ല."

"ഏഹ്, പിള്ളേരെ കെട്ടിച്ചാ ബാലവിവാഹത്തിന് കേസെടുക്കും."

"പിന്നേ, പന പോലെ വളർന്നു, ഒരു ബാലിക വന്നേക്കുന്നു.!!"

ഈ സംസാരം ചെന്നവസാനിച്ചത്‌ എന്റെ പട്ടിണി സമരത്തിലാണ്. തേങ്ങ വറത്തരച്ച നല്ല ചൂരക്കറിയും കപ്പയും ഒക്കെ കൂട്ടി എന്റെ മുന്നിലിരുന്ന് തട്ടിയിട്ട് ഒരു ടയലോഗ് - "ചോറ് വിളമ്പി വെച്ചിട്ടുണ്ട്. നിനക്ക് വേണേല് എടുത്ത് കഴിച്ചിട്ട് കിടന്നുറങ്ങ്."

എന്തൊരു ജാഡ..!! എനിക്ക് വേണേല്..!! ഇല്ല. ഇനി ഒരു വട്ടം കൂടി പറയാതെ ഞാൻ കഴിക്കില്ല. അമ്മയോട്ട് പറഞ്ഞുമില്ല, ഞാനൊട്ട്‌ കഴിച്ചുമില്ല. ഭക്ഷണശാപം..അല്ലാതെന്ത്..!! വിശപ്പിന്റെ കാഠിന്യവും കല്യാണം എന്ന കനി കഴിച്ചാൽ ജീവിതം കോഞ്ഞാട്ട ആകുമോ എന്ന പേടിയും കാരണം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഇതിലും ഭേദം റപ്പായീസിലെ ചിക്കൻ ഫ്രൈയും കഴിച്ച് മാധവ്സ് ബ്രാൻഡ്‌ ടിവിയുംകണ്ട് കൊതുകിനേം തല്ലിക്കൊന്ന് അവിടെത്തന്നെ ഇരിക്കുന്നതായിരുന്നു. ടെസ്പ്..!!

നേരം വെളുക്കാറായപ്പോഴാ ഒന്ന് കണ്ണടച്ചത്‌. ക്ലാ ക്ലാ ക്ലീ ക്ലീ... മൈനയല്ല, കരിയിലക്കിളിയാ. രാവിലെ തുടങ്ങി. ഇതുങ്ങൾക്ക് കിടന്നുറങ്ങിക്കൂടെ? കൂടെ വേറെയും അപശബ്ദ്ങ്ങളുണ്ടല്ലോ. അമ്മ.!

"നട്ടുച്ച വരെ കിടന്നുറങ്ങിക്കോ..ഒരു ഉത്തരവാദിത്തവും ഇല്ല. ഇങ്ങനെയായാൽ എന്താ ചെയ്യാ? നാളെ വേറൊരു വീട്ടിലോട്ട് കയറിച്ചെല്ലാനുള്ളതാ....ബ്ലാ ബ്ലാ ബ്ലാ..

"അം.." - വേണ്ട, അമ്മോടിനി ഗുസ്തിപിടിച്ചാൽ വീണ്ടും പട്ടിണിയാകും.

"അമ്മേ..(സ്നേഹത്തോടെ)"

"വേഗം പോയി കുളിച്ചിട്ട് വാ. അവര് അരമണിക്കൂറിലിങ്ങെത്തും."

"അരമണിക്കൂറോ?!! അതൊന്നും ശരിയാകൂല്ല."

"അത്രെയൊക്കെ ശരിയായാൽ മതി"

"അം.." വേണ്ട, വേണ്ട..

ഉത്തരവ് പ്രകാരം റെഡി ആയി വന്ന് ദോശേം ചമ്മന്തിം തട്ടിക്കൊണ്ടിരുന്നപ്പോ ദേ വരുന്നു 2-3 വണ്ടികൾ. ഒരു പട തന്നെയുണ്ടല്ലോ..!!

ചെക്കൻ, ചെക്കൻറെ നാല് പെങ്ങൾസ്, മൂന്ന് അളിയൻസ്(ഒരാള് നാട്ടിലില്ലാന്ന്..ഭാഗ്യം), ഇവരുടെ കുട്ടികൾ, അമ്മ. ഇവർക്കെല്ലാം പുറമേ വീട്ടുകാർക്കിടയിൽ POC ആയിഎനിക്കിട്ട് പണി തന്ന അമ്മായിയും.

"അകത്തേയ്ക്കിരിക്കാം.." ഇത്രേം നേരം എന്നെ വഴക്ക് പറഞ്ഞോണ്ടിരുന്ന അമ്മ നയിസായിട്ട് ഉത്തമ വീട്ടമ്മയുടെ രൂപം പ്രാപിച്ചു എല്ലാവരെയും ആനയിച്ചിരുത്തി. ആൾക്കാരുടെ എണ്ണം കൂടിയത് കൊണ്ടാണോ, അതോ ഞാൻ അലമ്പിയാലോ എന്ന് വിചാരിച്ചിട്ടാണോ ആവോ അമ്മ തന്നെ എല്ലാവര്ക്കും ചായ കൊടുത്തു.

നമുക്ക് പ്രത്യേകിച്ച് നാണ്‍-മാൻ ഒന്നും ഇല്ലെങ്കിലും, അത് അവരെ അറിയിക്കണ്ടല്ലോ എന്ന് കരുതി അമ്മേടെ പിന്നില് പമ്മി നിൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയതാ. അമ്മേക്കാളും ഒരടി നീളം കൂടുതലായത് കാരണം അത് ഫ്ലോപ്പായി.

"മോൾ ഇങ്ങു വന്നേ ?"

ങേ..!ഒരു പെങ്ങൾ!!

"ഇത്തിരി തടി കുറവാ, അത് സാരമില്ല ഞങ്ങള് ശരിയാക്കി എടുത്തോള്ളാം. "

ദൈവമേ, ഗാർഹികപീഡനമാണോ ചേച്ചി ഉദ്ധെശിച്ചത്?

"തടി കുറവാണേലും നീളം കൂടുതലാണ്, രണ്ടും കൂടി ക്യാൻസൽ ആയിക്കൊള്ളും."

അളിയാ...ഇത്രേം ചളി വേണോ?

അതൊരു തുടക്കം മാത്രമായിരുന്നു. അളിയൻമാർ ചളി പറയുന്നു. ചേച്ചിമാർ ആസ്വദിച്ച് ചിരിക്കുന്നു. പിള്ളേര് തേരാ പാരാ ഓടുന്നു. ഒരാൾ മാത്രം മസ്സില് പിടിച്ചിരിക്കുന്നു., നമ്മുടെ പയ്യൻസ്., 31 വയസ്സുള്ള "പയ്യൻസ്". സ്വർണപ്പല്ലില്ലാത്തോണ്ടാണോആവോ ആ മനുഷ്യന് ചിരി വരാത്തത്.

അവസാനം, ഒന്നൊന്നൊര മണിക്കൂർ നീണ്ടു നിന്ന "പെണ്ണുകാണൽ" അവസാനിപ്പിച്ച് വിരുന്നുകാരെല്ലാം യാത്ര പറഞ്ഞിറങ്ങി.

"അപ്പൊ ശരി, വിളിക്കാം"

നമ്മുടെ "പയ്യൻ" ഏറ്റവും മുൻപിലുള്ള കാറിലെ മുൻ സീറ്റിൽ, ഒരു വേ-ഫേരർ ലെൻസ് ഒക്കെ വെച്ച് നേരത്തെ പിടിച്ച മസ്സില് വിടാതെ  കയറിയിരുന്നു. എല്ലാവരും കയറി വണ്ടി എടുത്തപ്പോഴേക്കും തല ഒരു എൻപത്തഞ്ചു ഡിഗ്രി  തിരിച്ച് ഒരു മാതിരി രാഷ്ട്രിയക്കാരുടെ പോലെ വെളുക്കനെ ഒരു ചിരി. ഇതിനാണോ ഏതോ മഹാൻ പറഞ്ഞത്, "ലേറ്റ് ആയി വന്താലും സ്റ്റയിലായി വരുവേൻ.."

അവര് പോയ പാടെ ഞാനുമിറങ്ങി. തിങ്കളാഴ്ച്ച രാവിലെ പോയാൽ മതി, വയണേപ്പം ഉണ്ടാക്കിത്തരാം എന്നൊക്കെ പറഞ്ഞ് അമ്മ ഒന്ന് വീഴ്ത്താൻ നോക്കി. ഞാൻ വീണില്ല. വയണേപ്പം തിന്നില്ലേലും വേണ്ടീല, ഇതുപോലുള്ള "അതിമനോഹരമായ" ആചാരങ്ങൾ ഇനിയും ഉണ്ടെങ്കിലേ, അത് ശരിയാകില്ല.

പിന്നെ ഒരാഴ്ചത്തേയ്ക്ക് ഞാൻ അമ്മയോട് ഇതിനെപ്പറ്റി ഒന്നും ചോദിച്ചുമില്ല, അമ്മ ഒന്നും പറഞ്ഞതുമില്ല. ഏഹ്..എന്നാലും എന്താ സംഭവിച്ചത് എന്നറിയാൻ ഒരു ഒരു ആകാംഷ.

"അവര് വിളിച്ചില്ലേ അമ്മെ?"

"ആര്?"

"ലവര് "

"ഓ, ആ പയ്യന് ഇത്തിരി നീളം കുറവാ. നീ ശനിയാഴ്ച വാ, നമുക്ക് വേറെ നോക്കാം."

പ്ലിംഗ്..ചോദിച്ച് വാങ്ങിച്ചു.!

".അയ്യോ.അടുത്ത ആഴ്ച ഒരുപാട് പണിയുണ്ട്. എനിക്കുറക്കം വരുന്നു. ശരിയമ്മേ."

നാട്ടാപ്പാതിരാ ആയാലും ഉറങ്ങാതെ കറങ്ങി നടക്കുന്ന എന്നെ നല്ലോണം അറിയാവുന്ന അമ്മ ചോദിച്ചില്ല എന്താ 8 മണിക്ക് ഉറങ്ങുന്നേന്ന്. ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ. എന്തായാലും മൂന്ന് നാല് മാസത്തേയ്ക്ക് ഒരു മനസ്സമാധൗ ഉണ്ടാരുന്നു.

NB: ഈ വന്ന കാലത്തും, ഒരോ ചെറിയ പരിപാടിക്ക് പോലും എല്ലാവരും ഒരുമിച്ചു കൂടുന്ന ആ കുടുംബത്തോട് ശരിക്കും ബഹുമാനം തോന്നി.