Thursday, March 26, 2015

ശരിക്കും LED

ഫിലിപ്സ് LED ബൾബിന്റെ പരസ്യത്തിൽ രണ്ബിർ ഓടി നടന്ന് ബൾബ്ഇടുന്ന കണ്ടപ്പോൾ മുതൽ തോന്നിയതാ - മൂന്നാലെണ്ണം വാങ്ങണമെന്ന്. വില നോക്കിയപ്പോൾ ഒരെണ്ണത്തിന് തന്നെ 500,400 ഒക്കെ. ഒരു മുന്ന് വാട്ടിന്റെ വാങ്ങി നോക്കാം എന്നൊക്കെ വിചാരിച്ചിരിക്കുന്നിടത്തൂന്നാ ഈ കഥ ആരംഭിക്കുന്നത്.

-----------------------------------------------

കുറച്ച് ദിവസം മുൻപ്  ഞങ്ങൾ കൊച്ചിയിലുള്ള ബഡ്ഡീസെല്ലാരും കൂടി ഒത്തുകൂടിയിരുന്നു. (എല്ലാരും എന്ന് പറഞ്ഞാൽ 9 സഹ-ഹോസ്റ്റലികൾ ഉള്ളതിൽ ഒരു 4 പേര്.) ഓഫീസിലെ പരദൂഷണങ്ങൾ, പിന്നെ ചില ഓൾഡ്ഫെല്ലോസിന്റെ കഥകൾ, ഇതൊക്കെയായിരുന്നു സംസാര വിഷയങ്ങൾ. രണ്ട്  മണിക്കൂർ ഠപ്പേന്ന് പോയി.  'പീപീപ്പി'യെ അവൾടെ കെട്ട്യോൻ വന്നു വിളിച്ചോണ്ടു പോയി. കൊണ്ടു വന്ന ചോക്ലേറ്റ്സൊക്കെ കഴിഞ്ഞു. അപ്പോൾ മുതൽ ബിനി "സന്ധ്യയായി, പോകാം" എന്ന് പറയാനും തുടങ്ങി.

"എന്നാൽ പിന്നെ ഇറങ്ങിയേക്കാം."

പെട്ടെന്ന് ആത്തുവിന് ബോധോദയം വന്നു  -  "അതേ, ഞങ്ങടെ കമ്പനിയിൽ സെയിൽ വരുന്നുണ്ട്. അവരുടെ പ്രോഡക്റ്റ്സ് ഒക്കെ ഡിസ്കൌണ്ട് വിലയ്ക്ക് കിട്ടും. നിങ്ങള്ക്ക് എന്തേലും വേണോ?"

"ഡിസ്കൌണ്ടോ..!" കാഡ്ബറി ഷോട്സ് പൊട്ടി..!

"എനിക്കൊരു LED ബൾബ്വേണം."(ഇലക്ട്രോണിക് ഐറ്റംസും ഉണ്ട്..)

"അതിനെന്താ, ഞാൻ വാങ്ങി വെച്ചേക്കാം."

അങ്ങിനെ ഒത്തുകൂടൽ പിരിച്ച് വിട്ട്, മൂന്നു പേരും മൂന്നു വഴിക്ക് പിരിഞ്ഞു.

-----------------------------------------------

ഇന്നലെ ഉച്ച ആയപ്പോൾ ആത്തുൻറെ വിളി. "അച്ചൂ, ഇവിടെ സെയിൽ."

"കൊള്ളാല്ലോ..."

"11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ. വാങ്ങട്ടെ? "

"എഹ്ഹ്..ആഹ്..വാങ്ങിക്കോ"

-----------------------------------------------

"മാഷേ, LED LED..!! 11 വാട്ടിന്റെ 2 എണ്ണം 190 രൂപ. 15 വാട്ടിന്റെ 2 എണ്ണം 200 രൂപ! എങ്ങിനുണ്ട്?"

"നീ കോമഡി പറയാതെ പോയെ. ഏതോ ലോക്കൽ കമ്പനിയുടെ 3 വാട്ടിന്റെ ഓഫർ പ്രൈസ് 150 ആണ്. അപ്പോഴാ ഇവരുടെ പതിനൊന്നും പതിനഞ്ചും.!"

"സത്യായിട്ടും. എമ്പ്ലോയീസിന് മാത്രം ഉള്ള ഓഫർ ആണ്. നമ്മൾ ഓഫീസിൽ പോകുന്ന വഴിക്ക് അങ്ങോട്ട്കയറിയാൽ പോരെ? "

"ശരി"

അങ്ങിനെ " വഴിക്ക്" ഞങ്ങൾ "അങ്ങൊട്ട്" പോയി. വരവ് ആത്തുവിനെ വിളിച്ച് അറിയിച്ചിട്ട് വണ്ടിയിൽ തന്നെ വെയിറ്റ് ചെയ്തിരുന്നു. ദിപ്പം വരാമെന്ന് പറഞ്ഞ ആത്തുവിനെ കാണാനില്ല.

"അല്ല, ശരിക്കും നീ LED എന്ന് തന്നെയാണോ കേട്ടത്? ഇനി അഥവാ LED തന്നെയാനെങ്കിലും ടോർച്ചിന്റെ ബൾബ്എങ്ങാനും ആണോ?"

"ഒന്ന് പോ മാഷെ. ശരിക്കും LED  തന്നെയാ... ദേ, വന്നു!!"

ആത്തു ഒരു കവറുമായി രംഗപ്രവേശനം ചെയ്തു.

"ദാ പിടിച്ചോ LED. തുറന്ന് നോക്ക് അച്ചൂ."

"ഓഹ് വേണ്ട."

കുശലാന്വേഷണങ്ങളും മറ്റും കഴിഞ്ഞ് 200 രൂപ എടുത്ത് ഏൽപ്പിക്കാൻ നോക്കിയിട്ട് ആത്തു വാങ്ങണില്ല. പിന്നെ ഒരു വിധത്തില് അടിച്ചേൽപ്പിച്ചിട്ട് പൊന്നു.

"നമ്മുടെ ആദ്യത്തെ LED ബൾബ്‌." ഞാൻ പാക്കറ്റ് പൊട്ടിച്ച് നോക്കി.

എലി പുന്നെല്ല് തപ്പി പോയിട്ട് പാഷാണം കണ്ട അവസ്ഥ. 2 CFL ബൾബുകൾ എന്നെ നോക്കി പുഞ്ചിരി തൂകിയിരിക്കുന്നു. ഞാൻ അഭിയേട്ടനെ നോക്കി അതേ പുഞ്ചിരി പാസ്സ് ചെയ്തു. പ്ലിംഗ്...

"എനിക്കപ്പോഴേ അറിയാരുന്നു. ശരിക്കും LED, ഒറിജിനൽ LED..എന്തൊക്കെയാരുന്നു.. അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിൻറെ എല്ലാ ഫ്രണ്ട്സും നിൻറെ പോലെയാ?"

"ഏഹ്..!! ദേ, എന്റെ ഫ്രണ്ട്സിനെ പറഞ്ഞാലുണ്ടല്ലോ..!!"

", അപ്പൊ നിൻറെ നിലവാരം നിനക്ക് തന്നെ നന്നായി അറിയാല്ലോ..:P"

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എന്തിനാല്ലേ നമ്മൾ വടി കൊടുത്തടി വാങ്ങുന്നത്..

-----------------------------------------------

വൈകിട്ട് വീട്ടിലെത്തി പാക്കറ്റ് തുറന്ന് ബൾബ്എടുത്തു നോക്കി. എന്തോ ഒരു പ്രശ്നമുണ്ടല്ലോ? ഞാൻ ബൾബ്ഒന്ന് കിലുക്കി നോക്കി. "ക്ലും ക്ലും.."

"ഡീ, അത് തേങ്ങ അല്ല, കുലുക്കി നോക്കാൻ..!"

ഹേ..വീണ്ടും അപമാൻ..!! ഇനിയിത് കത്താതിരുന്നാൽ പൂർത്തിയായി.കാവിലമ്മേ ശക്തി തരണേ...രണ്ടും ഹാളിലെ ഹോൾടെറിൽ ഇട്ട് ടെസ്റ്റ്ചെയ്തു നോക്കി.

ആരുടെയോ ഭാഗ്യം..(ആത്തുവിന്റെ ആണോ അതോ എന്റെയാണോ??) രണ്ടും കത്തി. ആ സംഭവം അങ്ങിനെ അവസാനിച്ചു. എന്നാലും എനിക്കൊരു സംശയം - കിലുങ്ങുന്ന CFL കത്തുമോ?


No comments:

Post a Comment