Tuesday, March 17, 2015

ചെരുപ്പ് പുരാണം


ഏതാണ്ട് പ്ലസ്‌ 2 മുതൽ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന ഒരു പ്രശ്നമാണ് ചെരുപ്പ്-വാങ്ങൽ എന്ന യജ്ഞം. ആദ്യമൊക്കെ അമ്മ കൂടെ വരുമായിരുന്നു. "ഏറ്റവും വലിയ സൈസ് ഷൂ പോരട്ടെ" എന്ന് കടകളിൽ കയറുമ്പോൾ തന്നെ പ്രഖ്യാപിച്ചിട്ട് അമ്മ എവിടേലും ആസനസ്ഥയാകും.

"ഈ കൊച്ചിന് ഷൂ വേണേല് ബാറ്റക്കാര് കനിയണം", "എന്തോര് വലിയ കാലാ..", "ഇതിന് ചെറുക്കന്മാരുടെ ചെരുപ്പെടുക്കട്ടെ ചേച്ചീ.."എന്നീ ഡയലോഗ്കള് കേട്ട് മടുത്ത അമ്മ, പിന്നെ പിന്നെ ചെരുപ്പ് വാങ്ങണം എന്ന് പറഞ്ഞാൽ "ശനിയാഴ്ച പോയി തന്നെത്താനെ വാങ്ങിച്ചോ" എന്നും പറഞ്ഞ് നയിസായിട്ട് അങ്ങ് ഒഴിയും.

പ്ലസ്‌ 2 കഴിയുന്നത്‌ വരെ ചെക്കന്മാരുടെ ഷൂസും കാൻവാസ് ഷൂസും ഒക്കെ ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു. ഇനിയിപ്പ ഷൂ അന്വേഷിച്ചു നടക്കണ്ടല്ലോ എന്ന സമാധാനത്തോടെ കോളേജിൽ എത്തിയപ്പോഴല്ലെ പണി പാളിയത്. ചെരുപ്പെങ്ങാനും പൊട്ടിയാൽ നാട്ടിൽ വരുന്നത് വരെ എങ്ങിനേലും നടന്നേ പറ്റു. ശ്രീകൃഷ്ണപുരത്ത് അത്രേം വല്യ ചെരുപ്പ് കിട്ടില്ല. എട്ടിന്റെ പണി, അല്ലാതെന്ത് പറയാൻ.

തേർഡ് ഇയർ മുതൽ പ്രൊജക്റ്റിന്റെ പേരും പറഞ്ഞ് ഞങ്ങൾ ഇടയ്ക്കിടെ എറണാകുളത്ത് കറങ്ങാൻ പോകും. രേഷുവിന്റെ വീട്ടിലായിരിക്കും താമസം. എല്ലാരും നല്ല തീറ്റി ആയത് കാരണം രേഷൂൻറെ മമ്മിക്കായിരുന്നു പണി മുഴുവൻ. ചിക്കൻ സ്റ്റൂവും ചപ്പാത്തിയും, കൊഞ്ചു മാങ്ങാക്കറിയും അങ്ങിനെ ഒരുപാട് സ്പെഷ്യൽ ഐറ്റംസ് ഉണ്ടാകും. രാവിലെ കഴിച്ചിട്ട് ഇറങ്ങും. 2 മണിക്കൂർ മാത്രേ ക്ലാസ്സുണ്ടാകു. നേരെ വീട്ടിൽ പോയാൽ മമ്മിക്ക്‌ അതൊരു ബുദ്ധിമുട്ടായാലോ. അതോണ്ട് മാത്രമാ കറങ്ങാൻ പോകുന്നത്. :D 

അങ്ങിനെ ഒരു ഏറണാകുളം റോമിങ്ങിനിടയിൽ നീല ബാറുള്ള ഒരു ചെരുപ്പ് കിട്ടി; പാരഗണ്‍ സ്ലിപ്പർ അല്ല, നല്ല തറവാടി "ബ്ലൂ സാന്ടൽ". കുറേ നാൾക്ക് ശേഷമാണ് മനസ്സിനിണങ്ങുന്ന ഒരു ജോഡി ചെരുപ്പ് കിട്ടുന്നത്. എവിടെപ്പോയാലും "അങ്ങോട്ട് നോക്കി; ഇങ്ങോട്ട് നോക്കി; വായിനോക്കി " നടന്നിരുന്ന ഞാൻ "നല്ല കുട്ടിയായി" കാലും നോക്കി ഭംഗി ആസ്വദിച്ച് നടക്കാൻ തുടങ്ങി.  കോളേജ് ഹോസ്റ്റലിൽ തിരിച്ചെത്തിയിട്ടും ചെരുപ്പിൻറെ ഭംഗി ആസ്വദിച്ചു തീരാത്തത് കാരണം എല്ലാ ദിവസവും ഉപയോഗ ശേഷം തുടച്ച് വൃത്തിയാക്കി ബെഡിൻറെ ഒരറ്റത്ത് സൂക്ഷിച്ചു വെക്കും. അങ്ങിനെ ഞാൻ പോന്നു പോലെ കൊണ്ടു നടന്ന ഒരു ചെരുപ്പായിരുന്നു അത്.

അങ്ങിനെ ഇരിക്കെ നാല് ദിവസം അവധി ഒത്ത് കിട്ടി. ഷേർമാലയും ഞാനും
ഒറ്റപ്പാലത്തൂന്നു  ചെങ്ങന്നൂര് വരെ ട്രെയിനിലാണ് യാത്ര. തൃശൂർ വരെ ഷേർമാലയുടെ "കല-പില". അത് കഴിഞ്ഞ് കോട്ടയം വരെ അപ്പർ ബെർത്തിൽ കയറിക്കിടന്ന് ഉറക്കം. കോട്ടയമെത്തിയാൽ വേഗം എഴുന്നേറ്റ് ബാഗും എടുത്തു ഡോറില് പോയിരിക്കും. ചെങ്ങന്നൂര് വരെ കാറ്റും കൊണ്ട്. എന്ത് രസാന്നറിയ്യോ..ബാഗിന് നല്ല ഭാരമായിരിക്കും. ഒരു വെയിറ്റിനു വേണ്ടി മാത്രം ചുമക്കുന്ന കുറച്ച് ബുക്സ് ഉണ്ടാകും.പിന്നെ മുഷിഞ്ഞ കുറെ ഡ്രെസ്സും. ഇതോക്കെയാണ് നാട്ട്-യാത്രയിൽ ഞങ്ങൾ കർശനമായും നടപ്പാക്കിയിരുന്ന ആചാരങ്ങൾ.

എപ്പോഴത്തെയും പോലെ കോട്ടയം കഴിഞ്ഞപ്പോൾ ഡോറില് വന്ന് കാലും വെളിയിലോട്ട്‌ ഇട്ട് ഇരിക്കാൻ തുടങ്ങി. ചെങ്ങന്നൂര് എത്തുന്നതിനു മുൻപ് ഒരു വലിയ പുഴ ഉണ്ട്. ട്രെയിൻ കറക്റ്റ് അതിൻറെ മുകളിൽ എത്തിയപ്പോൾ, "ബ്ലും.."എന്റെ ആരുമയായ ചെരുപ്പ് ദെ കിടക്കുന്നു വെള്ളത്തിൽ. കുറച്ച് നേരത്തേയ്ക്ക് അനങ്ങാതെ അവിടെ തന്നെയിരുന്നു. ആകെ ഒരു വിഷമം പോലെ..

"ചെരുപ്പിന് പകരം ഈ ജന്തു വീണിരുന്നെങ്കിൽ..."ഈ ആത്മഗദം കേട്ടപ്പോഴാണ് എനിക്ക് തോന്നിയത് ചെരുപ്പല്ലേ ബ്ലും ആയുള്ളൂ. ഞാൻ കൂടെ ബ്ലും ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ...

No comments:

Post a Comment