Friday, May 15, 2015

അമ്മയും ഞാനും

എൻറെ അമ്മയും ഞാനും തമ്മിൽ അത്ര രസത്തിലല്ല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്  ഒരു മാതിരി കേരളവും തമിഴ്നാടും പോലെയാണ് ഞങ്ങൾ. ഓരോ ദിവസവും വഴക്കടിക്കാൻ ഓരോ അമ്മമാർക്കും ഓരോരോ കാരണങ്ങൾ ... ചിലപ്പോൾ  മുല്ലപ്പെരിയാർ ചിലപ്പോൾ സിരുവാണി.

രാവിലെ കിടന്നുറങ്ങിയാൽ കുറ്റം. എന്നാൽ ശരി രാത്രി താമസിച്ച് കിടക്കാം - അതിനും കുറ്റം. സ്കൂൾ കഴിഞ്ഞ്  വന്ന് കൂട്ട്കാരോട് ഫോണിൽ സംസാരിച്ചാൽ കുറ്റം, എന്നാലോ ബന്ധുക്കളെ വിളിച്ച് കാശ് കളയണ്ട എന്ന് വിചാരിച്ചാൽ കുറ്റം. രാവിലെ ഫുഡ്‌ കഴിക്കാതെ പോയാൽ കുറ്റം, എന്നാൽ വീക്കെണ്ട് അടുക്കളയിൽ കയറി ഇറങ്ങി ഫുഡ്‌ അടിച്ചാൽ കുറ്റം. കാർട്ടൂണ്‍ കണ്ടാൽ കുറ്റം, വാർത്ത കണ്ടില്ലെങ്കിൽ കുറ്റം.മിണ്ടിയാൽ കുറ്റം കരഞ്ഞാൽ കുറ്റം കരഞ്ഞില്ലേൽ കുറ്റം...അങ്ങിനെ ആകെ മൊത്തം കുറ്റങ്ങൾ.. ഞാനൊരു കുറ്റവാളിയാണോ ഡോക്ടർ ..!

പിന്നെ ഡിഗ്രിക്കാലം ഞങ്ങൾ 'സീസ്ഫയർ' പ്രഖ്യാപിച്ചു. മാസത്തിലൊരിക്കലോ രണ്ടോ മൂന്നൊ മാസം കൂടുമ്പോഴോ മാത്രം വീട്ടിൽ പോകുക. വാക്കാലെ അല്ലെങ്കിലും മനസ്സിലെ അഗ്രീമെന്റിനെ മാനിച്ച് രണ്ടു കൂട്ടരും സമാധാനപരമായി മുന്നോട്ടു നീങ്ങി. എങ്ങാനും അഗ്രീമെന്റ് തെറ്റിച്ച് 5 ദിവസത്തിൽ കൂടുതലെങ്ങാനും നിന്നാൽ തലൈവി എന്നെ തകർക്കാൻ ഫ്യൂസ് ഊരാൻ ശ്രമിക്കും. നമ്മളാരാ മോൾ, വെള്ളം കുടി മുട്ടിക്കും.

പഠിത്തം കഴിഞ്ഞിട്ട് സാമ്പത്തിക മാന്ദ്യം കാരണം(അല്ലാതെ placement കിട്ടാഞ്ഞല്ല..ഹേയ്..) ജോലിയും കൂലിയുമില്ലാതെ വീട്ടിൽ ഒരു മാസം. പഴയ യുദ്ധം പുതിയ സന്നാഹങ്ങളോട് കൂടി പൂർവാധികം ശക്തിയോടെ തുടങ്ങി. അവസാനം അമ്മ ആയുധം വെച്ച് കീഴടങ്ങി.

"കൊച്ചിയിൽ ഇൻഫോപാർക്ക്‌ ഉണ്ടല്ലോ. അവിടെ നിന്ന് നിനക്ക് ഒരു ജോലി നൊക്കിക്കൂടെ?"

വൈദ്യനും രോഗിയും ഒരുമിച്ച് ഇച്ഛിച്ചു. ജോലി കിട്ടുന്നതു വരെ എല്ലാ മാസവും "ജോലിയില്ലാ വേതനം" തന്നോള്ളം എന്നും കൂടി അമ്മ പറഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. ഇങ്ങു പോന്നു, കൊച്ചിക്ക്‌. എന്നെപ്പോലെ തന്നെ ജോലിയില്ലാ വേതനം വാങ്ങി നാട്ടിന്നു പുറപ്പെട്ടു പോന്ന കുറച്ച് സഹമുറിയത്തികളും  ഞാനും അങ്ങിനെ കൊച്ചിക്കാരായി. വീണ്ടും അമ്മയും ഞാനും തമ്മിൽ 'സീസ്ഫയർ'...

പിന്നെ ജോലി ഒക്കെ കിട്ടി, "വലിയ  ജോലിക്കാരി" ആയപ്പോൾ ഇനിയെങ്കിലും അമ്മയുമായി വഴക്കുണ്ടാക്കില്ല എന്ന പ്രതീക്ഷയോടെ നാട്ടിൽ പോയി. തലൈവി ചേഞ്ച്‌ ആകാത്..!! നുമ്മ വീണ്ടും കുറ്റവാളി.!!!

ജോലി കിട്ടിയാൽ പിന്നെ കല്യാണം, അതാണല്ലോ "നാട്ട്-നടപ്പ്".  രണ്ട്-മൂന്ന് മഹായുദ്ധങ്ങൾക്ക് ശേഷം കല്യാണം അങ്ങട് നടന്നു. നാട്ടിലോട്ടുള്ള എത്തിനോട്ടം വീണ്ടും ചുരുങ്ങി. ഇനി അമ്മയും ഞാനും നന്നാകും എന്ന് വിചാരിച്ചു, കാരണം വല്ലപ്പോഴുമല്ലെ യുദ്ധം ചെയ്യാൻ കളത്തിലിറങ്ങുന്നുള്ളൂ. മാത്രമല്ല, രെഫരിയും ഉണ്ട്; കാഴ്ചക്കാരും കൂടി.

"നിനക്കിപ്പോ അമ്മായിഅമ്മെ മതി. ഹും!!" - ഇതായി ടയലോഗ്.

"അപ്പൊ, കല്യാണം കഴിഞ്ഞിട്ട് ഈ സ്വഭാവം ഒക്കെ മാറ്റണം. മുതിർന്നവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അമ്മ അല്ലെ പറഞ്ഞത്!"

"അന്ന് അങ്ങനൊക്കെ പറഞ്ഞു. അതപ്പോഴല്ലേ? ഞാൻ വിചാരിച്ചോ ഇത്രേം നാളും ഇല്ലാത്ത അനുസരണ നീ ഇപ്പൊ കാണിക്കും എന്ന്? "

ഇതൊക്കെ കേൾക്കുമ്പോൾ ചിലപ്പോ ആർക്കെങ്കിലുമൊക്കെ തോന്നിയേക്കാം, 'ഹോ, എത്രെ നല്ല മരുമകൾ' എന്ന്. ആ തെറ്റിദ്ധാരണ അങ്ങോട്ട്‌ മാറ്റി വെച്ചോളു. കാരണം, ചില സമയം അഭിയേട്ടന്റെ അമ്മ എന്നെ നോക്കി നെടുവീർപ്പിടാറുണ്ട്. "എന്റെ കുഞ്ഞിന്റെ ജീവിതം ഈ അലവലാതി അലമ്പാക്കിയല്ലോ..!!" എന്നാകും...

കുറ്റങ്ങളേറ്റുവാങ്ങാൻ നുമ്മ ജീവിതം വീണ്ടും വീണ്ടും ബാക്കി..

വാലറ്റം: എത്രെ വഴക്കിട്ടാലും, എന്തൊക്കെ പറഞ്ഞാലും എൻറെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു മനസ്സ് ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ, തിരിച്ചും അങ്ങിനെ തന്നെ ആണ് എന്ന് അമ്മയ്ക്ക് അറിയ്യോ ആവോ.. അമ്മയ്ക്ക് ഗപ്പും ബ്ലോഗും ഒന്നൂല്ലല്ലോ.., ഉണ്ടെങ്കിൽ...

കുഞ്ഞ് വാലറ്റം: ഹും..ഉണ്ടെങ്കിൽ അങ്ങ് പറഞ്ഞേനേ..!!!