Tuesday, November 1, 2016

പാൽക്കുളമേട്

കൃത്യം 5 ആയപ്പോൾ ഞങ്ങൾ കലൂർ എത്തി. സ്റ്റേഡിയത്തിന് അടുത്ത് ഒരു തെരുവുനായ സംഘത്തിനെ കാർ 'സുരക്ഷിത'മായി ഏൽപ്പിച്ചു.

മധുച്ചേട്ടനും രാജുച്ചേട്ടനും ഒപ്പം ഒരു മൂന്ന്-നാല് പേര് കൂടി മാത്രമേ അവിടെ ഉള്ളു
ഇത്രേം പേരെ ഉള്ളോ..?? അഭിയേട്ടനെ നോക്കിയപ്പോ, അവിടെയും ഇതേ ചോദ്യം തന്നെയാണെന്ന് മനസ്സിലായി.

അധികം നിർത്തി  ബോറടിപ്പിക്കാതെ വണ്ടി വന്നു. ട്രാവലർ ആണ്. 30 സീറ്റോളം ഉണ്ടെന്നു തോന്നുന്നു. ഹൈ..ഓടിക്കളിക്കാൻ സ്ഥലം ഉണ്ട്..! കലൂരിനും മൂവാറ്റുപുഴയ്ക്കുമിടയിൽ ഒരുപാട് സ്ഥലത്തു വണ്ടി നിന്നു. റിട്ടയർമെന്റ് ജീവിതം അടിച്ചു പൊളിക്കാൻ നടക്കുന്ന നമ്പൂതിരി അങ്കിൾ മുതൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന പ്രണവ് (അച്ചു, അതാണ് അവന്റെ വിളിപ്പേര്..എന്റെ പേര് അടിച്ചുമാറ്റിയത് എനിക്കിഷ്ടായില്ല...ഹും.) വരെ, അങ്ങിനെ പലരും സഹയാത്രികരായി. ആദ്യമായിട്ടാണ്, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടം ആൾക്കാരുടെ കൂടെ യാത്ര പോകുന്നത്. അങ്ങിനെ ഓരോന്ന് ആലോചിച്ചിട്ടു ഉറക്കം വന്നില്ല. പക്ഷെ,കണ്ണ് തുറന്നപ്പോൾ ഇടുക്കി എത്തി. അവിടുന്ന് 4 പേര് കൂടെ ഞങ്ങളുടെ കൂടെ കൂടി. സ്വാമിയും ഭാര്യയും, പിന്നെ കേരള ഫോറെസ്റ്ന്റെ രണ്ട്  ബീറ്റ് ഓഫീസർമാരും.

ഒരു 8 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ മുളകുവള്ളി എത്തി. ഒരു ചെറിയ പാറ ക്വാറി.  ഇവിടുന്നാണ് ട്രെക്കിങ്ങ് തുടങ്ങുന്നത്. കൊള്ളാം, കാടിന്റെ ഭംഗി ആസ്വദിക്കാൻ വന്നവർക്കു പറ്റിയ കണി. കയറ്റം തുടങ്ങുന്നതിനു മുൻപ് ഇടുക്കിയിലെ പാപ്പൻസ് ഹോട്ടലിൽ നിന്നും വാങ്ങിയ ഫുഡ് പകുത്തെടുത്തു ഓരോരുത്തരായി സ്വന്തം ബാഗുകളിൽ വെച്ചുഅപ്പൊ തുടങ്ങാല്ലേ..??

ആദ്യത്തെ 5 മിനിറ്റിനുള്ളിൽ തന്നെ എന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഞാൻ ഇനി മുകളിലോട്ടു ഇല്ല എന്ന് പറഞ്ഞാൽ ശരിയാകില്ല, കാരണം രണ്ടുണ്ട്.
ഒന്ന്: അച്ചുവും, അവന്റെ ചേച്ചിയും, പിന്നെ ബാക്കിയുള്ളവരും കൂളായിട്ടു നടന്നു കയറുന്നു.
രണ്ട്: വിദൂരതയിലോട്ടു കണ്ണും നട്ട് ഏതോ ഒരു കാട്ടിനടുത്തുള്ള നാട്ടില്, ഏതോ ഒരു വണ്ടിയില് അങ്ങനെ ഇരിക്കേണ്ടി വരും.
ദയനീയമായിട്ട് അഭിയേട്ടനെ നോക്കിയപ്പോൾ., അതിയാനിരുന്നു ചിരിക്കുന്നു. അയ്യടാ...

കയ്യിലുണ്ടാരുന്ന ഒരു കുപ്പി വെള്ളത്തതിൽ ഗ്ളൂക്കോസ് കലക്കി ഒരു പിടി പിടിച്ചു. പിന്നെ ഒരു കുന്നിന്റെ മുകളിൽ കാറ്റും കൊണ്ടിരിക്കുന്ന എന്നെ ഒന്ന് സങ്കൽപ്പിച്ചു. എന്നിട്ടു അങ്ങട് വെച്ച് പിടിച്ചു..ഹല്ല പിന്നെ..!!!




കുറച്ചങ്ങട് നടന്നപ്പോൾ ഒരു ചെറിയ കാടിനുള്ളിൽ എത്തി - ഷോലെ വനം. ഉറവ ഉള്ളയിടത്തെല്ലാം ഇങ്ങനെ ഷോലെ ഉണ്ടത്രേ. അവിടെ ഒരു അണലി!!. ഞങ്ങളുടെ ഒച്ച കേട്ടിട്ടാവണം അത് എങ്ങോട്ടോ പോയി. ഷോലേ കഴിഞ്ഞപാടെ നല്ല ഉയരത്തിലുള്ള പുല്ലുകൾ തിങ്ങി നിൽക്കുന്ന സ്ഥലമായി. പിന്നങ്ങോട്ട് പുല്ലോട് പുല്ല് - ചിലയിടത്തു നമ്മുടെ തലയ്ക്കു മുകളിൽ വരെ ഉണ്ടാകും, ചിലയിടത്തു മുട്ട് വരെ കാണുള്ളൂ..

പുല്ലിനിടയിൽ കുഞ്ഞി മഞ്ഞ പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെടികൾ തരുന്ന വിഷ്വൽ ട്രീറ്റും, ...ഇടയ്ക്കിടെയുള്ള  തണുത്ത കാറ്റ് തരുന്ന ഉന്മേഷവുംഎങ്ങാനും കാല് വഴുതിയാലോ എന്ന പേടിയും..., വെയിലും... ആകെമൊത്തം ഒരു മൾട്ടി-ഡിമെൻഷനൽ ഫീൽ... 




ചില സ്ഥലത്തു എത്തുമ്പോൾ ഒരു വശം മാത്രേ  പിടിക്കാൻ പറ്റുള്ളൂ. മറ്റേ വശത്തു അന്തരീക്ഷം മാത്രേ ഉള്ളു. കൊക്ക, യു നോ.? കൊക്കയുടെ അറ്റത്ത് ചരിഞ്ഞും മറിഞ്ഞും ഒക്കെ നിന്ന് ഓരോരുത്തർ ഫോട്ടോ എടുപ്പ് തുടങ്ങി.



നടന്ന് നടന്ന്, കുറച്ചു പാറ ഉള്ള സ്ഥലമെത്തി. എല്ലാവരും അവിടെ ഇരിക്കാനുള്ള പ്ലാനാണല്ലോ... കഴിഞ്ഞോ...? നോക്കുമ്പോൾ എന്താ.."പാൽക്കുളം" പാൽക്കുളമേട്ടിനു പേരു കൊടുത്ത കുളം. വെയിലത്ത് നടന്ന് ക്ഷീണിച്ചു വരുന്ന ആർക്കും കുളിച്ചു ഫ്രഷ് ആകാൻ പറ്റിയ ഒരു ബാത്ത് റ്റബ്.  മുകളിൽ നിന്നെവിടുന്നോ വെള്ളം ഒഴുകി വരുന്നുണ്ട്. കുറച്ചൂടെ അടുത്ത് എത്തിയപ്പോൾ അഞ്ചാറ് പയ്യമ്മാര് അവിടെ നിന്ന് പരുങ്ങുന്നത് കണ്ടു. ഞങ്ങളുടെ കൂടെ ഉള്ള ഓഫീസർമാരെ കണ്ടിട്ടാണ് എന്ന് തോന്നുണു. ഏതാണ്ട് ക്ലാസ്സിന് വെളിയിൽ "ഔട്ട്-സ്റ്റാൻഡിങ്" ആയിട്ട് നിർത്തിയേക്കുന്ന പിള്ളേരെപ്പോലെ.. :D

"ഇവിടിരുന്നാണോ നമ്മൾ ഫുഡ് കഴിക്കുന്നേ?" വിശക്കുന്ന ചില വയറുകൾക്കു വേണ്ടി ഞാൻ ചോദിച്ചു. അപ്പൊ, രാജുചേട്ടൻ വിദൂരതയിലോട്ടു വിരൽ ചൂണ്ടിയിട്ടു പറഞ്ഞു.."അല്ല, ലോ ലവിടെ..!!!"

"അടിപൊളി, വെറും 2 കയറ്റം, ഒരു ഇറക്കം!! അത്രേയുള്ളു..!!"

"അപ്പൊ ശരി, ഞങ്ങൾ വെള്ളത്തില് ഇത്തിരി നേരം അർമാദിക്കട്ടെ."-ഫിസിഷ്യൻ ജ്യോതിയും കൂട്ടരും.

"ഇപ്പൊ സമയം ഇല്ല" - രാജുചേട്ടനും മധുവേട്ടനും ഒരു പോലെ ഹെഡ്മാസ്റ്റർമാരായി.

വെള്ളത്തിൽ കളിക്കാൻ സമ്മതം കിട്ടാണ്ട് കുഞ്ഞിക്കുട്ടികളെപ്പോലെ ഉണ്ടായിരുന്നു മിക്കവരുടെയും മുഖം. അവസാനം തിരിച്ചു വരുമ്പോൾ ഇറങ്ങാം എന്ന ഉറപ്പ് കൊടുത്തിട്ടാണ് എല്ലാവർക്കും ആശ്വാസമായത്.

ആവേശം ചോർന്നു പോകാതിരിക്കാൻ അരുവിയിൽ നിന്നും ഇത്തിരി  വെള്ളം കുടിച്ചേക്കാം, ല്ലേ? എന്താ ഇപ്പൊ പറയ്യാ.. പര പാരാ വെളുപ്പാൻകാലത്തു കരിക്ക് അടത്തി കുടിച്ചാൽ എങ്ങിനെ ഉണ്ടാകും.. ഫീൽ വന്നോ? എന്നാൽ അതീന്നു മധുരം എടുത്തു മാറ്റ്. ഇപ്പൊ എന്ത് തോന്നുന്നു..? , അത് തന്നെയാ വെള്ളം കുടിച്ചപ്പോൾ എനിക്ക് തോന്നിയത്.. എന്ത് തണുപ്പാ..അതും നട്ടുച്ചയ്ക്ക്..

അങ്ങനെ എല്ലാവരും ക്ഷീണമൊക്കെ മാറ്റിവെച്ച് വീണ്ടും നടക്കാൻ തുടങ്ങി. ആനയുണ്ട് പേടിക്കണം എന്ന് ഇടയ്ക്കിടെ മധുവേട്ടൻ പറയുന്നുണ്ടായിരുന്നു. ആദ്യം ആരും വിശ്വസിച്ചില്ല. നേരിട്ട് കാണേണ്ടി വന്നു..ആനപ്പിണ്ടം..!! 



സെൽഫികളും ഗ്രൂപ്പികളും എടുത്തു ഞങ്ങളുടെ ചെറിയ സംഘം മുന്നേറിക്കൊണ്ടേയിരുന്നു. കൂടെ ചളികളും പാരവെയ്പ്പും കൗണ്ടെർഅടിയും അനർഘനിർഗളം വന്നുകൊണ്ടേയിരുന്നു.

കുറച്ചു ദൂരം എത്തിയപ്പോഴേക്കും മുൻപിൽ പോയ കുറച്ചു പേർ പ്രതിമകളെപ്പോലെ നിൽക്കുന്നു...

"നിലക്ക് , നിൽക്ക്, ഒച്ച വെയ്ക്കല്ലേ.." പട നയിച്ച് മുൻപേ നടന്ന രാജുച്ചേട്ടൻ തിരികെ വരുന്നു..

"ഒരു ആന..!! നമ്മൾക്ക് പോകേണ്ട വഴിക്കാ അവൻ നിൽക്കുന്നെ.. ഒറ്റയ്ക്കാ..!!"


സ്വാമിയുടെ ആനഫോട്ടോ അടിച്ചുമാറ്റിയത്...


ആനയെ കണ്ട് പേടിച്ച ആൾക്കാരുടെ ഇടയിൽ തലയുയർത്തി മധുവേട്ടൻ- "ഞാൻ പറഞ്ഞില്ലേ ആന ഉണ്ടെന്ന്.."

പലരും പല അഭിപ്രായങ്ങളുമായി മുൻപോട്ടു വന്നു. ആകെ ഒരു പുകില്. ചിലർക്ക് ആനയെ കണ്ടപ്പോൾ ട്രെക്കിങ്ങ് കൂടുതൽ രസകരമായി. ചിലർ കൂടുതൽ ഉത്തരവാദിത്വത്തോടെ പോംവഴിക്കുവേണ്ടി ആലോചിച്ചു. ഈ ബഹളത്തിന്റെ ഒക്കെ സൈഡില് ഒരാള് നിന്ന് സെൽഫിയോടു സെൽഫി -മേഘ




ചർച്ചകൾക്കൊടുവിൽ കുറച്ചൂടെ കുത്തനെ ഉള്ള വഴി ഒരു ഓഫീസർ നിർദ്ദേശിച്ചു. കുത്തനെയെങ്കിൽ കുത്തനെ.., ആന കുത്താണ്ടിരുന്നാൽ മതിയാരുന്നു എന്നും പറഞ്ഞു എല്ലാരും ആ മനുഷ്യന്റെ പിറകെ വെച്ച് പിടിച്ചു.

യാത്രയുടെ ഏറ്റവും വിഷമം നിറഞ്ഞ ഘട്ടമായിരുന്നു അത്. ആന എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കണം, മുൻപോട്ടു വെയ്ക്കുന്ന കാല് ഉറപ്പുള്ള സ്ഥലത്തു തന്നെയല്ലേ  ചവിട്ടുന്നത്, മുൻപിൽ പോയ ആൾക്കാർ പുല്ല് വകച്ച് ഉണ്ടാക്കിയെടുത്ത വഴി തന്നെയല്ലേ അതോ നമ്മൾ ഈ വഴിക്ക് അങ്ങ് പോയി അടുത്ത ടൗണില് എത്തുമോ, അങ്ങിനെ പലതും ശ്രദ്ധിച്ചു വേണം നടക്കാൻ. പുല്ല് കൊണ്ട് കയ്യ് മുറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചൊറിയുന്നുമുണ്ടായിരുന്നു. ഈ കൊരങ്ങൻമ്മാരോക്കെ എപ്പോഴും ചൊറിയുന്നതു എന്തിനാണ് വെച്ചിട്ടാ..? ഇമ്മാതിരി പുല്ലല്ലേ കാട്ടില് നിറച്ചും..!




മുകളിൽ എത്തിയപ്പോൾ മാരക കാറ്റ്...ഹോ..എന്താല്ലേ??!!! ചുറ്റും കുറെ കുന്നുകളും ഷോലെ വനങ്ങളും. കണ്ണിമ ചിമ്മാതെ നോക്കി നില്ക്കാൻ തോന്നും. 

കാറ്റിനെ ആവോളം നുകർന്നിട്ടു മിക്കവരും ഫോട്ടോ എടുക്കുന്നതിൽ വ്യാപൃതരായി. സ്വാമിയും കൂട്ടരും കുറച്ചങ്ങട് മാറി നിന്ന് എന്തൊക്കെയോ ചെയ്യുന്നു.. അമ്പടാ...നേരത്തേ കണ്ട ആനയെ തപ്പുവാ..ഭയങ്കരന്മാർ, ല്ലേ? ഓ, അത്ര വല്യ ഭയങ്കരന്മാർ ഒന്നും അല്ല, ക്യാമറ സൂം ചെയ്താണ് തപ്പൽ...:P

ഫോട്ടോയെടുപ്പും മറ്റു ബഹളവും ഒന്നടങ്ങിയപ്പോൾ നേരത്തേ അടക്കി വെച്ച വിശപ്പ് എല്ലാർക്കും വന്നു. എന്നാപ്പിന്നെ അമൃതേത്താവാമെന്ന് എല്ലാരും ഒരേപോലെ..!!

പലരുടെയും ബാഗിലാക്കി കൊണ്ടുവന്ന പൊതികളെല്ലാം ഒരിടത്തു വെച്ച് ഓരോരുത്തരും പകുത്തെടുത്തു ശാപ്പാട് തുടങ്ങി. പൊറോട്ടയും ചിക്കൻ കറിയും സ്പാറി. ചപ്പാത്തി എനിക്കിഷ്ടായില്ല. വെജിറ്റേറിയൻസ് വിഷമിക്കണ്ടട്ടോ, വെജ് കറിയും സ്പെഷ്യൽ ഗോബി മഞ്ചൂരിയനും ഉണ്ടായിരുന്നു. :)

ഭക്ഷണം കഴിഞ്ഞു എല്ലാവരും പ്ലാസ്റ്റിക് വേസ്റ്റ് ഒക്കെ മൂന്ന് കവറുകളിലാക്കി. കാടിനെ നോവിക്കാതെ തിരികെ കൊണ്ടുപോകാൻ !  ഈ യാത്രയുടെ നന്മ എന്ന് തോന്നിയ കാര്യാണത്...

ഞങ്ങൾ ആദ്യത്തെ കുന്ന് ഇറങ്ങിയപ്പോഴേക്കും കോടഇറങ്ങിത്തുടങ്ങി. അരേ വാഹ്..!!! ഇതുവരെ കണ്ട സ്ഥലമേയല്ല. ഈ മേക്ക്ഓവർ എന്നൊക്കെ പറയുന്നത് ഇതിനാണോ??




"അയ്യോ..!" പേടിക്കണ്ട, ഞാനൊന്ന് മണ്ണ് ടെസ്റ്റ് ചെയ്‌തതാ. പിന്നെ ഒരു പതിനഞ്ചു മിനിറ്റോളം ഞാൻ പ്രകൃതിഭംഗി ആസ്വദിക്കുന്നതു നിർത്തി, പകരം ഇറങ്ങുന്നതിൽ ശ്രദ്ധിച്ചു. കാരണം, കുറച്ച് ചെങ്കുത്തായ വഴിയിലൂടെയാണ്  ഇറക്കം. 


നടന്ന് നടന്ന് നമ്മൾ നേരത്തെ കണ്ട കുളത്തിനടുത്തെത്തി. പാൽക്കുളം. ശേഷം കുളിസീൻ. വെള്ളം അലർജി ആയിട്ടുള്ളകുറച്ചു പേരോടൊപ്പമിരുന്ന് അഭിയേട്ടനും ഞാനും  വിദൂരതയിലോട്ട് ഊളിയിട്ടു. പ്ലിങ് ! തിരികെ എത്തി കുളത്തില് മുങ്ങിയിട്ടേ മടങ്ങുള്ളൂ എന്ന് ശപഥം ചെയ്ത ഫിസിഷ്യൻ ജ്യോതി അടക്കമുള്ളവർ കരയ്ക്കു കയറാൻ അര മണിക്കൂർ വേണ്ടി വന്നു. 




അവിടുന്ന് പിന്നങ്ങോട്ടുള്ള യാത്ര കുറച്ചു ധൃതിയിൽ ആയിരുന്നു. താഴെ, വണ്ടി കിടക്കുന്നിടത്തു എത്തിയപ്പോഴേയ്ക്കും ക്ഷീണം തോന്നിതുടങ്ങി. നമ്പൂതിരി അങ്കിളിന്റെ കണക്കനുസരിച്ച് 9.8 കി.മിയാണ് ഞങ്ങൾ നടന്നത്. വണ്ടി സ്റ്റാർട്ട് ആയപ്പോഴേക്കും ഉറക്കം പിടിച്ചു. ടൗണിൽ എത്തി, ഹോട്ടലിൽ കയറി ഡിന്നർ കഴിച്ചപ്പോഴാ ഒരു സമാധാനം ആയത്. പിന്നെ സിനിമയും കണ്ട് കലൂർ വരെ യാത്ര. അങ്ങോട്ട് പോയപ്പോൾ കയറിയ മുറയ്ക്ക് തന്നെ തിരിച്ചു വന്നപ്പോൾ ആൾക്കാരിറങ്ങി. വീണ്ടും ഇതുപോലൊരു യാത്രക്കിടയിൽ കണ്ടുമുട്ടാം എന്ന വാക്കിൽ മിക്കവരും പിരിഞ്ഞു.

കലൂർ എത്തി ശേഷിച്ച ആൾക്കാരോടും ബൈ പറഞ്ഞു കാറിനു അടുത്ത് എത്തിയപ്പോൾ ഉത്തരവാദിത്വമുള്ള ശ്വാനന്മാർ കാവലുണ്ടായിരുന്നു. അവരോടു അകൈതവമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് നമോവാകവും പറഞ്ഞു എങ്ങിനെയോ ഞാൻ കാറിൽ ഓടിക്കയറി. അന്നേരം, ഡ്രൈവർ സീറ്റിൽ നിന്നും ഒരു ദീന രോദനം.."അയ്യോ... ഈ ക്ലച്ചിലാര് ചവിട്ടും.. എന്റെ കാല് കഴയ്ക്കുന്നേ...!!"

വാൽകഷ്ണം: പ്രകൃതിക്ക് ദഹിക്കാത്തത് അവിടെ ഉപേക്ഷിക്കാൻ പാടില്ല എന്ന ഒരു നിഷ്ഠ വെയ്ക്കുകയും, അത് ആണുവിട തെറ്റാതെ പാലിക്കുകയും ചെയ്യുന്ന സുമനസ്സുള്ള ഒരു കൂട്ടം യാത്രാകിറുക്കന്മാരുടെ (കിറുക്കത്തീസ് സൈലന്റ് ആണുട്ടോ) കൂടെ ഉള്ള യാത്ര..അത് നുമ്മയ്ക്കു നന്നേ ബോധിച്ചു..

കടപ്പാട്: ഞങ്ങൾ നടന്ന വഴി കുറച്ചു പുൽച്ചെടികൾക്ക് ചെറിയ തോതിലുള്ള ക്ഷതം സംഭവിച്ചു കാണും. അതൊഴിച്ചാൽ പൂർണമായും പ്രകൃതിയോട് ചേർന്ന്, അപകടങ്ങളൊന്നുമില്ലാതെ ഈ യാത്ര കോർഡിനേറ്റ് ചെയ്ത മധുവേട്ടനും രാജുച്ചേട്ടനും.പിന്നെ ഫോട്ടോസ് സംഭാവന ചെയ്‌ത എന്റെ ഭർത്താവിനോടും കൃതജ്ഞത രേഖപ്പെടുത്തട്ടെ...!!

Monday, October 24, 2016

പാൽക്കുളമേട് - ഒരു ട്രെയിലർ

 അതിരാവിലേ 9 മണിക്കെഴുന്നേറ്റിരുന്നു ഒരാൾ  മുഖപുസ്തകം നോക്കിയിരിക്ക്യാ. പെട്ടെന്ന്.. "അടിപൊളി..., ഇത്തവണ മിസ്സ്  ചെയ്യാൻ പറ്റില്ല...ശ്ശോ..."

"എന്താ, എന്ത് പറ്റി അഭിയേട്ടാ..." മെഗാസീരിയൽ സ്റ്റൈലില് ഓവർ ആക്കികൊണ്ട് ഞാൻ..

"സഞ്ചാരിയില് മധുചേട്ടന്റെ പോസ്റ്... പാൽക്കുളമേട് ട്രെക്കിങ്ങ്, 23ന്... ഞാൻ പോയാലോ?? ഹും, ഞാൻ പോകും..!!"

ആത്മഗതം ആണോ, അതോ എന്നോട് പറയുവാണോ എന്ന് മനസ്സിലായില്ല. എന്തായാലും "ഞാൻ പോയാലോ" എന്ന പോയിന്റ് എനിക്ക് ഇഷ്ടായില്ല. ആ ട്രാക്കില് നുമ്മ ഇല്ലല്ലോ.. സാരമില്ല, ഇപ്പൊ ട്രാക്കിലാക്കാം...

"അയ്യോ, എൻ്റെ ഷൂസ് കേടായല്ലോ അഭിയേട്ടാ. ഷൂസ് ഇല്ലാതെ ഭയങ്കര ബുദ്ധിമുട്ടല്ലേ ട്രെക്കിങ്ങ്..??"

"ഏഹ്, നീയും വരുന്നോ.?!"

"പിന്നില്ലാതെ.. ഇപ്രാവശ്യമെങ്കിലും നിങ്ങൾക്ക് കമ്പനി തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഭാര്യയാണ് ഹേ ..!!"

"ഹും, ശരി ശരി..." ഇപ്പ ട്രാക്കിലായി..

ഒക്ടോബർ 21
"ഡാ, ഞാൻ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മണിക്ക് കലൂര് നിന്നും സ്റ്റാർട്ട് ചെയ്യും. പിന്നെ, ഒരു കാര്യം..4:30 എന്നൊരു സമയം കഴിഞ്ഞ് വീട്ടീന്ന് ഇറങ്ങാം എന്ന് വിചാരിക്കണ്ട..!!!!"

വമ്പൻ ഭീഷണി..??!!!

"ഓഹോ..!!" പെട്ടെന്ന് സമാധാനത്തിന്റ് വെള്ള മാലാഖ ചെവിലോതി..'ആവശ്യക്കാരന് ഔചിത്യമില്ല..'

"ശരി സാർ.. 23ന് നാലര എന്നൊരു സമയം ഉണ്ടെങ്കിൽ, ആം റെഡി..."

ആവേശം കെടാണ്ടു വേഗം പോയി പാക്ക് ചെയ്യാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി, പ്രിന്റും എടുത്തു.

ഒക്ടോബർ 22
ലിസ്റ്റില് ഉള്ള പ്രധാന സാധനം ഇല്ല. ഷൂസ്!!! പിന്നെ അല്ലറ ചില്ലറ സ്നാക്സും വാങ്ങണം, വിശപ്പിന്റെ അസുഖം ഇയ്യിടെ ഇത്തിരി കൂടുതലാണ്..

പുലിമുരുകൻ രാവിലത്തെ ഷോ കണ്ടിട്ടു നുമ്മ സാധനം വാങ്ങാൻ ഇറങ്ങി..അവിടേം ഇവിടേമൊക്കെ കയറി ഓരോ ചെറിയെ ചെറിയെ ഐറ്റംസ് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണി. രാവിലെ എഴുന്നേറ്റ് കുളിക്കാൻ സമയം കളയണ്ടല്ലോ എന്നോർത്ത് രാത്രി കുളി ഒക്കെ കഴിഞ്ഞു കിടന്നപ്പോൾ പതിനൊന്നു മണി. കിടന്നിട്ടു ഉറങ്ങാൻ പറ്റുന്നില്ല. നാളത്തെ യാത്രയേക്കുറിച്ചുള്ള ആവേശം കൊണ്ടാണ് എന്ന് വിചാരിക്കണ്ട.. ഒരുത്തൻ ചെണ്ട കൊട്ടുന്നത് ഞങ്ങളുടെ തലേൽ ആയതുകൊണ്ട്.. ഇവനാരാപ്പാ.. ഞങ്ങടെ പുത്രൻ. ആദിക്കുട്ടൻ, വയസ്സ് രണ്ട്. ഇല്ല, ലവനേ ഞങ്ങൾ കൊണ്ട് പോണില്ല..

ഇപ്പൊ പ്രശ്നമതല്ലല്ലോ..അവൻ ഉറങ്ങാൻ കൂട്ടാക്കുന്നില്ല.. പിന്നെ, എന്നും രാത്രി അവനു ഉറങ്ങാൻ വേണ്ടി കാട്ടിൽ പോകാറുള്ള സിംഹത്തിനെ ഞാനും അഭിയേട്ടനും മാറി മാറി പല രീതിയിൽ കാട്ടിൽ പറഞ്ഞു വിട്ടു. ഒരുപാട് അശ്രാന്ത പരിശ്രമത്തിന് ശേഷം സിംബാ(സിംഹത്തിന്റെ പേരാ, ചിലപ്പോൾ അവന്റെയുംഉറങ്ങിയപ്പോൾ ഒരു സമയമായി. ഏതാ സമയം എന്ന് നോക്കാനുള്ള സമയം, അല്ല, ബോധം ഉണ്ടായില്ല.

ഒക്ടോബർ 23
കൂട്ടപ്രാർത്ഥന പോലെ അലാറം അടിക്കാൻ തുടങ്ങി. ഭീഷണിയുടെ ഓർമ ഉള്ളിലുള്ളത് കൊണ്ടാവണം നുമ്മ വേഗം റെഡി ആയി. പക്ഷെ 4:40 കഴിഞ്ഞു ഇറങ്ങിയപ്പോൾ. കലൂർ എത്താൻ ഇവിടുന്നു അധികം ദൂരമില്ലാത്തത്കാരണം അതിയാൻ ഭീഷണിയിൽ കുറച്ചു ഇളവൊക്കെ തന്നു.

അങ്ങിനെ, ഭർതൃമാതാവിനെ നിഷ്ടൂരം ആദിക്കുട്ടനുമായുള്ള യുദ്ധത്തിന്റെ മുൻനിരയിൽ ഒറ്റയ്ക്ക് നിർത്തിയിട്ട് ഞങ്ങൾ വീട് വിട്ടു

പാൽക്കുളമേട് വിശദമായി

Wednesday, January 6, 2016

വയലിൻ

ഒരു പാട്ട് കേട്ട് ആവേശം  മൂത്തു എന്ന് കരുതി ഒരാളും പാട്ടുകാരിയാകില്ലഎന്ന ദുഃഖ സത്യം ഞാൻ മനസ്സിലാക്കിയ ദിവസം.. അന്ന് ഞാൻ ഒരുതീരുമാനം എടുത്തു.

"പാടാൻ പറ്റിയില്ലെങ്കിൽ എന്താഞാൻ ഏതേലും ഒരു സംഗീതോപകരണംപഠിക്കും." ഏതായിരിക്കും പറ്റിയ സംഭവം എന്ന് ആലോചിച്ചിട്ട് ഒരുഎത്തും പിടിയും കിട്ടിയില്ലഗിറ്റാർ പിടിച്ചോണ്ടിരിക്കുന്ന റാണിമുഖർജീയാണ് ആദ്യം ഓർമ വന്നത്ഹെവേണ്ട.. തംബുരു..വേണ്ടശരിയാകില്ല.. ചെണ്ട.??

"ചെണ്ടയല്ല ബോണ്ട!!! നിനക്കതെ ശരിയാകുള്ളൂതിന്നണം, TV കാണണം,ഉറങ്ങണം!! എൻറെ കലാവാസനയുടെ പകുതി കിട്ടിയിരുന്നെങ്കിൽ  നന്നായേനെഎന്റെ സമയത്ത് ഇതിനൊന്നും ഉള്ള സാഹചര്യംഉണ്ടായിരുന്നില്ല. ...ബ്ല ബ്ലാ ബ്ലാ ..." സംശയിക്കണ്ട അമ്മ തന്നെ..!

"പിന്നേ..കലാവാസനഅമ്മ പാടാൻ തുടങ്ങിയാൽകൂടെ ബിക്കിയുടെ കോറസ് ഉണ്ടാകും." ബിക്കി എന്റെ സ്വന്തം ദിവംഗതനായ നായയാണ്‌.

പിന്നെയുണ്ടായ യുദ്ധം വിവരിക്കാൻ സമയമില്ല.നമുക്ക്വർത്തമാനകാലത്തിലേക്ക് വരാംഒരു ദിവസം youtube'ല് ഒരു വീഡിയോകണ്ടു..ഒരു concert ആണ്വയലിൻ ആണ് മെയിൻഒരു ജാതി ഫീൽഅന്നേരം ആദ്യം ഓർമ വന്നത് ഞാൻ വർഷങ്ങൾക്കു മുൻപ് എന്നോട് ചെയ്ത ഒരു സത്യം ആണ്അതെ വയലിൻ!! എനിക്ക് വയലിൻ പഠിക്കണം.

"ഇപ്പൊ  രാത്രില് തന്നെ വേണോ?"

ങേ..ഞാൻ വെച്ച ചിക്കൻ കറിയും ചോറും തിന്നിട്ട് എന്നെ കുറ്റംപറയുന്നോ. "നിങ്ങളൊരു ഭർത്താവാണോസ്വന്തം ഭാര്യയുടെ കഴിവുകളെപ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരുത്സാഹപ്പെടുതുവാണല്ലോ?"

"അല്ലനാളെ നേരം വെളുത്തിട്ടു പോരെ എന്ന് ഉദ്ദേശിച്ചു ചോദിച്ചതാ..!!"

"ആണോഎന്നാൽ പോട്ടെ." ഹോഭർത്താവായാൽ ഇങ്ങനെ വേണം.!!(ആനന്ദാശ്രു..)

നേരം വെളുത്തുതിളങ്ങിമങ്ങിഇരുണ്ടുവയലിൻ കിട്ടിയില്ല.

"എനിക്കിപ്പോ വയലിൻ വേണേ.. എന്റെ ഉള്ളിലെ സംഗീതംകെടുത്തരുതെ..അരുതേ..!!!"( ട്ട ട്ട ട്ടടേ...ദുഃഖ music..) 

"ആദ്യം നീ വല്ലോം വെച്ചുണ്ടാക്കാൻ പടിക്ക്എന്റെ കാര്യം പോട്ടെ..നല്ലത്എന്തേലും കഴിക്കാൻ തോന്നിയാലോ വിശന്നാലോ ഞാൻ പുറത്ത് പോയികഴിക്കുംപക്ഷെ നമുക്ക് ഒരു കൊച്ചുണ്ടായാൽ അത് എന്ത് കഴിക്കും!!"

ങേ..വീണ്ടും അപ്മാൻ..!!! പക്ഷെ തളരരുത്..

"നമുക്കൊരു കുഞ്ഞുണ്ടായാൽ അവൻ(or അവൾപാട്ടുകേട്ട് വളരും.എന്റെ മനസ്സിലെ സംഗീതം വയലിനിലൂടെ ഞാൻ പകർന്നു കൊടുക്കും."

"ഉവ്വുവ്വേ.."

"എന്തുവ്വേ..? നിങ്ങളൊരു മനുഷ്യനാണോസംഗീതത്തെപ്പറ്റി എന്തേലുംഅറിയ്യോ?""

"പിന്നില്ലേ..സംഗീതം..അത് അനന്തസാഗരമാണ്എന്നല്ലേ ലോർഡ്‌ ജഗന്നാഥൻപറഞ്ഞിട്ടുള്ളത്..!!"

"ഒന്ന് പോ മനുഷ്യാ.. നിങ്ങൾക്കിപ്പോ വാങ്ങിത്തരാൻ പറ്റുമോ ഇല്ലെയോ..??!!"(ഞാൻ ലോർഡെസ് ഗംഗ മോഡ്!!)

വാങ്ങിയാലും വാങ്ങിയില്ലേലും തന്റെ സമാധാനം പോകുംഎന്നാൽപിന്നെ വാങ്ങിച്ചേക്കാം എന്ന് അതിയാന് തോന്നിക്കാണും .  എന്തായാലുംഗൂഗിൾ ആന്റിയുടെ സഹായത്തോടെ രവിപുരത്ത് ഒരു സംഗീതോപകരണ സ്റ്റൊറ്‌ കണ്ടു പിടിച്ചുഏതാണ്ട് അടച്ച കട വീണ്ടുംതുറപ്പിച്ച്കരിവീട്ടിയുടെ കളറുള്ള ഒരു വയലിൻ വാങ്ങിതന്നു. :) കൂടെസുരേഷ് നാരായണന്റെ കർണാടക സംഗീതത്തിൻറെ ഒരു ബുക്കും.

രണ്ടു ദിവസം..തുരുമ്പിച്ച കതക് തുറക്കുന്ന ശബ്ദം മാത്രമേ വരുന്നുള്ളൂപല വീഡിയോയും നോക്കി പല രീതിയിൽ നോക്കി.. രണ്ടേ രണ്ടു ദിവസമേവേണ്ടി വന്നുള്ളൂഇത് എന്റെ കുത്തക അല്ല എന്ന് തിരിച്ചറിയാൻ..
കുറച്ച് കാശ് മുടക്കിയാലെന്താ മനസ്സമാധാനം തിരികെ കിട്ടിയല്ലോ എന്ന്കെട്ട്യോനും കരുതി.

അതേജഗന്നാദൻ പറഞ്ഞത് സത്ത്യാ... സംഗീതംഅനന്തസാഗരമാണ്..നീന്താൻ അറിയാത്തവരും കൂടെ ഉള്ളവരുംമുങ്ങിച്ചാകും.!!!