Monday, October 24, 2016

പാൽക്കുളമേട് - ഒരു ട്രെയിലർ

 അതിരാവിലേ 9 മണിക്കെഴുന്നേറ്റിരുന്നു ഒരാൾ  മുഖപുസ്തകം നോക്കിയിരിക്ക്യാ. പെട്ടെന്ന്.. "അടിപൊളി..., ഇത്തവണ മിസ്സ്  ചെയ്യാൻ പറ്റില്ല...ശ്ശോ..."

"എന്താ, എന്ത് പറ്റി അഭിയേട്ടാ..." മെഗാസീരിയൽ സ്റ്റൈലില് ഓവർ ആക്കികൊണ്ട് ഞാൻ..

"സഞ്ചാരിയില് മധുചേട്ടന്റെ പോസ്റ്... പാൽക്കുളമേട് ട്രെക്കിങ്ങ്, 23ന്... ഞാൻ പോയാലോ?? ഹും, ഞാൻ പോകും..!!"

ആത്മഗതം ആണോ, അതോ എന്നോട് പറയുവാണോ എന്ന് മനസ്സിലായില്ല. എന്തായാലും "ഞാൻ പോയാലോ" എന്ന പോയിന്റ് എനിക്ക് ഇഷ്ടായില്ല. ആ ട്രാക്കില് നുമ്മ ഇല്ലല്ലോ.. സാരമില്ല, ഇപ്പൊ ട്രാക്കിലാക്കാം...

"അയ്യോ, എൻ്റെ ഷൂസ് കേടായല്ലോ അഭിയേട്ടാ. ഷൂസ് ഇല്ലാതെ ഭയങ്കര ബുദ്ധിമുട്ടല്ലേ ട്രെക്കിങ്ങ്..??"

"ഏഹ്, നീയും വരുന്നോ.?!"

"പിന്നില്ലാതെ.. ഇപ്രാവശ്യമെങ്കിലും നിങ്ങൾക്ക് കമ്പനി തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഭാര്യയാണ് ഹേ ..!!"

"ഹും, ശരി ശരി..." ഇപ്പ ട്രാക്കിലായി..

ഒക്ടോബർ 21
"ഡാ, ഞാൻ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മണിക്ക് കലൂര് നിന്നും സ്റ്റാർട്ട് ചെയ്യും. പിന്നെ, ഒരു കാര്യം..4:30 എന്നൊരു സമയം കഴിഞ്ഞ് വീട്ടീന്ന് ഇറങ്ങാം എന്ന് വിചാരിക്കണ്ട..!!!!"

വമ്പൻ ഭീഷണി..??!!!

"ഓഹോ..!!" പെട്ടെന്ന് സമാധാനത്തിന്റ് വെള്ള മാലാഖ ചെവിലോതി..'ആവശ്യക്കാരന് ഔചിത്യമില്ല..'

"ശരി സാർ.. 23ന് നാലര എന്നൊരു സമയം ഉണ്ടെങ്കിൽ, ആം റെഡി..."

ആവേശം കെടാണ്ടു വേഗം പോയി പാക്ക് ചെയ്യാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി, പ്രിന്റും എടുത്തു.

ഒക്ടോബർ 22
ലിസ്റ്റില് ഉള്ള പ്രധാന സാധനം ഇല്ല. ഷൂസ്!!! പിന്നെ അല്ലറ ചില്ലറ സ്നാക്സും വാങ്ങണം, വിശപ്പിന്റെ അസുഖം ഇയ്യിടെ ഇത്തിരി കൂടുതലാണ്..

പുലിമുരുകൻ രാവിലത്തെ ഷോ കണ്ടിട്ടു നുമ്മ സാധനം വാങ്ങാൻ ഇറങ്ങി..അവിടേം ഇവിടേമൊക്കെ കയറി ഓരോ ചെറിയെ ചെറിയെ ഐറ്റംസ് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണി. രാവിലെ എഴുന്നേറ്റ് കുളിക്കാൻ സമയം കളയണ്ടല്ലോ എന്നോർത്ത് രാത്രി കുളി ഒക്കെ കഴിഞ്ഞു കിടന്നപ്പോൾ പതിനൊന്നു മണി. കിടന്നിട്ടു ഉറങ്ങാൻ പറ്റുന്നില്ല. നാളത്തെ യാത്രയേക്കുറിച്ചുള്ള ആവേശം കൊണ്ടാണ് എന്ന് വിചാരിക്കണ്ട.. ഒരുത്തൻ ചെണ്ട കൊട്ടുന്നത് ഞങ്ങളുടെ തലേൽ ആയതുകൊണ്ട്.. ഇവനാരാപ്പാ.. ഞങ്ങടെ പുത്രൻ. ആദിക്കുട്ടൻ, വയസ്സ് രണ്ട്. ഇല്ല, ലവനേ ഞങ്ങൾ കൊണ്ട് പോണില്ല..

ഇപ്പൊ പ്രശ്നമതല്ലല്ലോ..അവൻ ഉറങ്ങാൻ കൂട്ടാക്കുന്നില്ല.. പിന്നെ, എന്നും രാത്രി അവനു ഉറങ്ങാൻ വേണ്ടി കാട്ടിൽ പോകാറുള്ള സിംഹത്തിനെ ഞാനും അഭിയേട്ടനും മാറി മാറി പല രീതിയിൽ കാട്ടിൽ പറഞ്ഞു വിട്ടു. ഒരുപാട് അശ്രാന്ത പരിശ്രമത്തിന് ശേഷം സിംബാ(സിംഹത്തിന്റെ പേരാ, ചിലപ്പോൾ അവന്റെയുംഉറങ്ങിയപ്പോൾ ഒരു സമയമായി. ഏതാ സമയം എന്ന് നോക്കാനുള്ള സമയം, അല്ല, ബോധം ഉണ്ടായില്ല.

ഒക്ടോബർ 23
കൂട്ടപ്രാർത്ഥന പോലെ അലാറം അടിക്കാൻ തുടങ്ങി. ഭീഷണിയുടെ ഓർമ ഉള്ളിലുള്ളത് കൊണ്ടാവണം നുമ്മ വേഗം റെഡി ആയി. പക്ഷെ 4:40 കഴിഞ്ഞു ഇറങ്ങിയപ്പോൾ. കലൂർ എത്താൻ ഇവിടുന്നു അധികം ദൂരമില്ലാത്തത്കാരണം അതിയാൻ ഭീഷണിയിൽ കുറച്ചു ഇളവൊക്കെ തന്നു.

അങ്ങിനെ, ഭർതൃമാതാവിനെ നിഷ്ടൂരം ആദിക്കുട്ടനുമായുള്ള യുദ്ധത്തിന്റെ മുൻനിരയിൽ ഒറ്റയ്ക്ക് നിർത്തിയിട്ട് ഞങ്ങൾ വീട് വിട്ടു

പാൽക്കുളമേട് വിശദമായി