Tuesday, January 31, 2017

ഒരു ICU കഥ

രാത്രി..കുറ്റാകൂരിരുട്ട്...അമീബ ഇരപിടിക്കാനിറങ്ങുന്ന സമയം..!! ആരാ അമീബാന്നോ? അങ്ങനൊരാളുണ്ട്, പക്ഷെ ഇപ്പൊ പ്രെശ്നം അതല്ല.. 

ഭർത്താവദ്ദേഹത്തിനു ചെറിയ ചുമ. അല്ല, ഇത്തിരി വലിയ ചുമ. എന്തായാലും ഈ ചുമയും കേട്ടോണ്ട് ഇന്ന് ഉറങ്ങാൻ പറ്റില്ല. ആ ടെൻഷൻ കാരണം ഞാൻ ചോദിച്ചു: "നമുക്ക് ഹോസ്പിറ്റലിൽ പോയാലോ അഭിയെട്ടാ.." 

"വേണ്ട..!"

അര മണിക്കൂർ നീണ്ട സംവാദത്തിനൊടുവിൽ ആശുപത്രിയിൽ പോകാം എന്ന് തീരുമാനിച്ചു. അല്ലേലും സമാധാനപരമായ കുടുംബജീവിതത്തിനു [ഭർത്താവിന്]ക്ഷമാശീലം നല്ലതാണ്. നേരത്തെ പോയ അമീബ ഇപ്പൊ തിരിച്ചു വന്നു കാണും. 

നമ്മുടെ വിശ്വവിഖ്യാതമായ ഗേറ്റിനുള്ളിൽ 4 വീടുകൾ ഉണ്ട്. ഒന്ന് ഓണർ താമസിക്കുന്നത്, ബാക്കി മുന്നും വാടകയ്ക്കും. ഗേറ്റിന്ന് ഏറ്റവും ദൂരത്തുള്ളതാണ് ഞങ്ങൾ താമസിക്കുന്ന വാടക വീട്. വീട്ടീന്ന് വണ്ടി സ്റ്റാർട്ട് ചെയ്‌തു, ഗേറ്റിനു മുന്നിൽ നിർത്തി. ഇനിയാണ് സംഭവം സംഭവിക്കുന്നത്.

"നീ പോയി ഗേറ്റ് തുറക്ക്."  ഡ്രൈവർ ഓർഡർ ഇട്ടു.
"ശരി" 

ഞാൻ ഇടതു കാൽ കാറിനു വെളിയിൽ വെച്ച്, വലതു കാൽ വെച്ചു- വെച്ചില്ല. ഡോർ അടച്ചു - അടച്ചില്ല...  ഒറ്റ കടി. ഒറ്റ കുടയൽ..

എന്റെ വലത്തേ കാലിലെ തള്ള വിരലിൽ എന്തോ കടിച്ചു. കടിച്ചതും ഞാൻ കാൽ കുടഞ്ഞിട്ട് ഓടിയതും ഗേറ്റിന്റെ മുകളിൽ അള്ളിപ്പിടിച്ചു കയറിയതും ഒക്കെ നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ഒടുക്കത്തെ വേദന! തടവാൻ പോലും പറ്റില്ല. കൈ വിട്ടാൽ ഗേറ്റിന്ന് താഴെ വീഴും. എന്നെ കടിച്ച ജീവി വീണ്ടും വന്നാലോ.?? 

ഇത്രേം സംഭവങ്ങൾ അവിടെ അരങ്ങേറിയിട്ടും ഒരാൾ വണ്ടീന്ന് ഇറങ്ങണില്ല. ഇനിയും ഞാൻ ഗേറ്റിന്ന് ഇറങ്ങിയില്ലെങ്കിൽ അത് പൊട്ടി താഴെ വീഴും എന്നോ മറ്റോ തോന്നിയപ്പോൾ ഇറങ്ങി വന്നു. 

"എന്നെ എന്തോ കടിച്ചു.... അയ്യോ...!! നോവുന്നേ..."

"എന്താ കടിച്ചത്? എവിടെയാ? കണ്ടോ? എന്താ?" എന്തൊക്കെയോ ചോദിച്ചു. ഞാൻ മുകളിൽ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞോണ്ടിരുന്നു. മൊബൈലിന്റെ വെളിച്ചത്തിൽ അവിടൊക്കെ നോക്കിയിട്ടു ഒന്നിനേം കണ്ടില്ല . 

"സാരമില്ല, വല്ല പാമ്പും ആയിരിക്കും.. നീ ഗേറ്റിന്റെ അടുത്ത് ഓടി എത്തിയപ്പോഴേക്കും 8 അടി കഴിഞ്ഞു അപ്പൊ എട്ടടി മൂർഖൻ അല്ല. പിന്നാരാപ്പാ.?!" ഓഹ്, അങ്ങേര് ആശ്വസിപ്പിക്കാൻ തുടങ്ങി. കേൾക്കുമ്പോൾ തന്നെ പാതി ജീവൻ പോകും.

"ഒന്നു പോ മനുഷ്യാ..!!"

"ശരി, നമുക്ക് ഹോസ്പിറ്റലിൽ പോകാം.നീ താക്കോൽ താ. ഗേറ്റ് തുറക്കട്ടെ. "

"താക്കോലോ..ആ..!! ഞാൻ അതെവിടോ കളഞ്ഞു.. പേടിച്ചപ്പോൾ.."

"ഞാൻ അങ്കിളിന്റെ കയ്യിന്നു വാങ്ങിയിട്ട് വരാം.."

കഥ ഒന്നും പറയാൻ നിൽക്കാതെ താക്കോലും വാങ്ങി, ഗേറ്റും തുറന്ന് ശൂ....ഉം  എന്നും പറഞ്ഞു ഹോസ്പിറ്റലിൽ എത്തി. വീട്ടീന്ന് പുറപ്പെട്ടപ്പോൾ എങ്ങാനും വിഷം തീണ്ടിയിട്ടെങ്കിൽ മുകളിലോട്ടു പടരണ്ട എന്ന് കരുതി കെട്ടിയ കെട്ട് ഞാൻ അഴിച്ചു കളഞ്ഞു. ആരേലും കണ്ടാൽ എന്ത് വിചാരിക്കും, ല്ലേ?!! 

രണ്ട് രോഗികൾക്കും ടിക്കറ്റും എടുത്തു, നേരെ കാഷ്വാലിറ്റിയിലോട്ട്... 

"എന്താപ്രെശ്നം?" - സമാധാനത്തിന്റെ മഞ്ഞരി പ്രാവ്.! 

"എന്നെ എന്തോ കടിച്ചു. പാമ്പാണെന്നാ തോന്നുന്നേ."

"ഓഹോ, കണ്ടോ?"

"അത്..ഇല്ല കണ്ടില്ല. പക്ഷെ, ദേണ്ടെ കണ്ടോ കടിച്ച അടയാളം. രണ്ട് പല്ലുണ്ട്.! നല്ല വേദനേം ഉണ്ട്."

"ശരി. എവിടെ വെച്ചാ കടിച്ചെ?"

"ഗേറ്റിന്റെ അടുത്ത് വെച്ചാ"

"ഏഹ്ഹ്, ഈ രാത്രിലെന്തിനാ ഗേറ്റില് പോകുന്നേ?"

"അത് പിന്നെ, ഞങ്ങൾ ഹോസ്പിറ്റലിൽ വരാൻ വേണ്ടി.."

"ഓഹോ, അപ്പൊ പാമ്പു കടിക്കുമെന്നു മുൻകൂട്ടി കണ്ടോ?"

"അല്ല സിസ്റ്ററെ, ചേട്ടന് ഭയങ്കര ചുമയാ. അത് കാരണം വരാൻ വേണ്ടി ഇറങ്ങിയതാ."

"എന്നിട്ടാണോ മിണ്ടാതെ നില്കുന്നെ. ഷേർലി, ദേ ഈ ചേട്ടനെ അങ്ങോട്ട് കിടത്തിയെ."

"ഡോക്ടർ ഇപ്പൊ വരും കേട്ടോ.." പറഞ്ഞു നാവ് വായിലിട്ട പാടെ കാഷ്വാലിറ്റി ഡോക്ടർ അവതരിച്ചു: "അപ്പൊ, എന്താ സംഭവിച്ചത്?"

മേൽപ്പറഞ്ഞ കഥ ഏതാണ്ട് അതേപോലെതന്നെ വീണ്ടും വിവരിച്ചു...

കഥ കേട്ട് പണ്ടാരമടങ്ങിയ ഡോക്ടർ നഴ്സിനെ വിളിച്ചു നിർത്തി എന്തോക്കെയോ ഇൻസ്ട്രക്ഷൻസ് കൊടുത്തു. എന്നിട്ട് എന്നോട്: "അതിപ്പോ എന്താ കടിച്ചത് എന്ന് കാണാത്ത സ്ഥിതിക്ക് 24 മണിക്കൂർ ഒബ്സർവേഷനിൽ കിടക്കണം. റിസ്ക് എടുക്കാൻ പറ്റില്ലല്ലോ...!"

ഇത്രെയും കൂടി കേട്ടപ്പോൾ എന്റെ കൂടെ വന്ന ഒറിജിനൽ രോഗിക്ക് ശ്വാസംമുട്ടി തുടങ്ങി. അതിയാനെ നെബുലൈസ് ചെയ്യണമത്രേ... അങ്ങിനെ മര്യാദയ്ക്ക് വീട്ടില് ഒറ്റകട്ടിലിൽ പോത്തുപോലെ കിടന്ന്  ഉറങ്ങണ്ട ഞങ്ങൾ 2 ആശുപത്രി കിടക്കകളിൽ ട്യൂബുകളുടെ ബന്ധനത്തിൽ ഉറങ്ങാൻ പറ്റാതെ കിടന്നു. 

കുറച്ചു കഴിഞ്ഞപ്പോൾ എന്നെ  ഒബ്സർവേഷൻ റൂമിലേക്ക് കൊണ്ട് പോകാനുള്ള രാജകീയ വാഹനം വന്നു. 

"ഞാൻ നടന്നു വന്നൊളാം."

"അതൊന്നും പറ്റില്ല. ഇതാണ് ICU പ്രോട്ടോകോൾ.."

"ICU-വോ? വേണ്ട, ഞാൻ വീട്ടിൽ പൊയ്ക്കൊളാം."

"വീട്ടിൽ പോയാൽ, പിന്നെ എന്തേലും സംഭവിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്വം ഇല്ല കേട്ടോ." വെള്ളരിപ്രാവിന്റെ ഭീഷണി കേട്ടഎനിക്ക് പാമ്പു കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റത് പോലെ തോന്നി.

പിന്നെ ഒന്നും മിണ്ടിയില്ല. ഓവർ റ്റു ICU..!

ഇത്രെയും സംഭവങ്ങൾക്കു ഒടുവിലാണ് വീട്ടിൽ ആളുണ്ട് എന്ന് ഓര്മ വന്നത്. സംഭവിച്ചതൊക്കെ അമ്മയെ വിളിച്ചു പറഞ്ഞു. പേടിക്കണ്ട എന്ന് ഒരു ഓർഡറും കൊടുത്തിട്ടു നുമ്മ രോഗികൾ ഉറങ്ങി. ഒറിജിനൽ രോഗി കൊതുക് കടി കൊണ്ട് വെളിയിൽ കസേരയിലും, pseudo രോഗിയായ ഞാൻ AC ICU 'ലും. എന്താല്ലേ..!!! 

വാലറ്റം 1 :ICU'ല് എനിക്ക് കമ്പനി തരാൻ 8 അപ്പുപ്പന്മാരുണ്ടാരുന്നു. അതില് എന്റെ തൊട്ടപ്പുറത്തെ ഉണ്ടാരുന്നു അപ്പുപ്പൻഒരു ജാതി ഡയലോഗുകൾ ആണ്. പുള്ളിക്ക് ഇന്സോമ്നിയ ആയിരിക്കും. അതിന്റെ അപ്പുറത്തെ ആൾക്കാണെല് ഒടുക്കത്തെ ചുമയും. ഇതിലും ഭേദം കെട്ട്യോന്റെ ചുമ തന്നെ ആരുന്നു.

വാലറ്റം 2 :ഇതിപ്പോസംഭവിച്ചിട്ട് ഏതാണ്ട് അഞ്ചു മാസത്തോളം ആയി. പിന്നീട് സംഭവം നടന്ന സ്ഥലത്തുവെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ പലരും ഒരു പെരിച്ചാഴിയെ കണ്ടിട്ടുണ്ടത്രെ ..!!!