Monday, January 12, 2015

കണ്ണൂർ-കാസർഗോഡ് യാത്രയുടെ ഒന്നാം ദിവസം - കണ്ണൂർ

അവിടേം ഇവിടേം പിന്നെ തോന്നിയടുത്തൊക്കെയും ബസ്‌ നിർത്തിയ പോലെ തോന്നി. ഇടയ്ക്കെങ്ങാനും ഉറങ്ങിപ്പോയാലോ, കോമ്പ്ലു അടിച്ചു പരസ്പരം വിളിച്ചുണർത്തിക്കൊണ്ടിരുന്നു. എന്തായാലും ഉറക്കം അങ്ങട് ശരി ആയില്ല. സുമാർ 4 മണി ആയപ്പോൾ ഞങ്ങളെ രണ്ടുപേരെയും വിജനമായ റോഡില് ഇറക്കിവിട്ടിട്ട്‌ ബ്രൌണ്‍ കളർ ഗോൾഡെൻ ബസ്‌ അതിന്റെ പാട്ടിനു പോയി.

KK ഹോട്ടലിലാണ് സ്റ്റേ പറഞ്ഞിരിക്കുന്നെ. ഹോട്ടൽ കണ്ടുപിടിക്കാൻ സ്റ്റാന്റ് മൊത്തം ഒന്ന് കറങ്ങി, അവസാനം കണ്ടുപിടിച്ചു. 

"ഉറങ്ങിയെ തീരു ഉറങ്ങിയെ തീരു..."തലേല് ആരോ ഇരുന്നു സമരം ചെയ്യുന്ന പോലെ തോന്നി. റൂമിൽ എത്തിയ പാടെ രണ്ടെണ്ണോം പൊത്തു പോലെ കിടന്നുറങ്ങി. ഒരു 8 മണിയൊക്കെ ആയപ്പോൾ എങ്ങിനെയോ എഴുന്നേറ്റു. മുത്തപ്പനെ കാണണം, അതിലുപരി അവിടുന്ന് ഫുഡ്‌ അടിക്കണം - ഈ ചിന്തയിൽ വേഗം റെഡി ആയി. അത്യാവശ്യ സാധനങ്ങൾ മാത്രം ഒരു ബാഗിലാക്കി ഞങ്ങൾ ഇറങ്ങി. 

പത്തരയോടെ പറശ്ശിനിക്കടവ് എത്തി. എങ്ങാനും മുത്തപ്പൻ തെയ്യം കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് വിചാരിച്ചു ടെൻഷൻ അടിച്ച് എത്തിയ ഞങ്ങളെ വരവേറ്റത് വലിയൊരു ജനാവലിയാണ്- മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ, ഒന്ന് കാണാൻ  പല ദേശത്ത് നിന്ന് വന്ന ആൾക്കാർ. തിരക്കിനിടയിൽ എങ്ങിനെയോ ഞങ്ങളും മുത്തപ്പൻറെ അടുത്തെത്തി. അഭിയേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ ഞാൻ ഇതുവരെ തെയ്യം നേരിട്ട് കണ്ടിട്ടില്ല. ആദ്യായിട്ടാ, അതും ഇത്രേ അടുത്ത്. മുത്തപ്പൻ തെയ്യത്തിൻറെ കണ്ണുകളിൽ നോക്കിയപ്പോൾ പല ചോദ്യങ്ങളും തലേല് പൊന്തി വന്നു. അതെല്ലാം അടക്കി പൊതിഞ്ഞ് വെച്ചിട്ട്, ഞാനോ, നീയോ, വലിയവനോ, ചെറിയവനോ,മനുഷ്യനോ മൃഗമോ എന്നില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന മുത്തപ്പന് മുൻപിൽ കുമ്പിട്ട്‌ അനുഗ്രഹവും വാങ്ങി, പ്രസാദവും കഴിച്ചു അവിടുന്ന് ഇറങ്ങി.

 തിരിച്ചു പോകുന്ന വഴിയിൽ പാപ്പിനിശ്ശേരി ഇറങ്ങി. അവിടെ പാമ്പ്, കുരങ്ങ്, മുതല മുതലായ ജീവികൾ ഉണ്ട്. ഞങ്ങൾ പാർക്കിൻറെ അകത്തോട്ടു കയറിയപ്പോൾ അവിടേം ഇവിടേം നിന്ന ആൾക്കാർ പെട്ടെന്ന് ഒരു സ്ഥലത്തേക്ക് ഓടിക്കൂടുന്നത് കണ്ടു. ഇനി ബിരിയാണി ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു ഞങ്ങളും ചെന്നു.  ഒരു ചെക്കൻ, പമ്പുകളേപറ്റി ക്ലാസ്സ്‌ എടുക്കുന്നു. അതിലെന്താണിത്ര കാര്യമെന്നല്ലേ? ആ, ഓരോ പാമ്പിനെപറ്റി പറയുമ്പോഴും, അതാതു പാമ്പിനെ ആശാൻ കയ്യിലെടുക്കുന്നുണ്ട്.  ഭയങ്കരൻ!!

ആർക്കേലും തൊടാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ദെ, അത് കണ്ടോ? ഹായ്" എന്നും പറഞ്ഞ് മിക്കവരും തിരിഞ്ഞു.

അപ്പോഴാ ഏതോ ഒരു കോളേജ് പയ്യൻ "ഞാനുണ്ട്" എന്നും പറഞ്ഞു വരുന്നെ. തിരിഞ്ഞുപോയവരെല്ലാം വീണ്ടും വട്ടം കൂടി: ഇവനാരാണുവ്വേ..?

അവൻ വന്നതും "ഇന്നാ പിടിച്ചോ" എന്നും പറഞ്ഞു ഒന്നാന്തരം ഒരു മൂർഖനെ കയ്യിലോട്ട് ഇട്ടു കൊടുത്തു. ബ്ലും..! മുർഖന്  ആണോ ആ ചെക്കന് ആണോ കൂടുതൽ സ്പീഡ് എന്നറിഞ്ഞുടാ. രണ്ടും രണ്ടു വഴിക്ക് ഓടി. ഇപ്പോഴാണ്‌ അവൻ കൂടെ വന്ന പെണ്‍ങ്കുട്ട്യോൾടെ മുൻപിൽ ശരിക്കും ആളായത് - അവനെ കണ്ടിട്ട് മുർഖൻ വരെ ഓടിയല്ലോ..!!

പിന്നെ അധിക നേരം  നിന്നില്ല. ഫോട്ടം പിടിച്ചു  തീരാത്ത അഭിയേട്ടനേം പിടിച്ചു വലിച്ച് അവിടുന്ന് മുങ്ങി.

കണ്ണൂർ കോട്ടയാണ് അടുത്ത ടാർഗറ്റ്. ഏതോ ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് നേരേ കോട്ടയിലേക്ക് പൊയി. കൊള്ളാം.! കോട്ടയിലേക്ക്  കയറും മുൻപ് ഒരു കലുങ്കുണ്ട്. വലിയ കൊട്ടവാതിലും കടന്നു അകത്തു ചെന്നപ്പോൾ അവിടെ നിറയെ വിനോദസഞ്ചാരികൾ.

കുതിരാലയവും, യുദ്ധം ചെയ്യാൻ ഒളിച്ചിരിക്കുന്ന സ്ഥലവും ഒക്കെ ഉണ്ട് അവിടെ. എന്നാലും ഞങ്ങൾക്ക് ഏറ്റവും  ഇഷ്ടപ്പെട്ടത് കോട്ടയുടെ ഒരു വശത്ത് കാവൽ  നില്ക്കുന്ന അറബിക്കടലിനെയാണ്. പഴമയുടെ ഗന്ധത്തെ മായ്ക്കാനെന്നപോലെ, കടൽക്കാറ്റ് വീശുന്നുണ്ടായിരുന്നു. കടലിനോട് എന്തോ ഒരു അടുപ്പം തോന്നി, അധിക നേരം അവിടെ നിന്നില്ല. നേരെ വിട്ടു , പയ്യാമ്പലം ബീച്ചിലേക്ക്.

ആദ്യം ഒരു ചെറിയ പാർക്ക്‌. അവിടെ നമ്മളെ വരവേൽക്കാൻ കാനായി കുഞ്ഞിരാമൻറെ "അമ്മയും കുഞ്ഞും" ഉണ്ട്. പാർക്കിലുടെ ബീച്ചിലേക്ക് ഇറങ്ങാം.ബീച്ച് അക്ഷരാർത്ഥത്തിൽ ചുവന്നിരുന്നു. ചുവന്ന സൂര്യനും ചെങ്കൊടികളും. കുറച്ചു നേരം അവിടെ കാറ്റൊക്കെ കൊണ്ടു, വെള്ളത്തിലും കളിച്ചു നിന്നു. നേരെ വട്ടത്തിൽ നിൽക്കുന്ന സൂര്യനെ ചരിഞ്ഞും മറിഞ്ഞും തലേം കുത്തി നിന്നും ഒക്കെ ഫോട്ടം പിടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അഭിയേട്ടനും പോകാൻ റെഡി. സ്വദേശാഭിമാനിക്കും, AKG'ക്കും പിന്നെ അവിടെ വിശ്രമം കൊള്ളുന്ന മറ്റു മഹരധന്മാർക്കും മനസ്സിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടു അവിടെ നിന്നും മടങ്ങി.

ഡിന്നർ നേരത്തേ തന്നെ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു - പ്രജിത്തേട്ടൻറെ വൈഫ്‌ ഹൌസിൽ. ഭാര്യ-രൂപ ഗർഭിണിയാണ്. വീട്ടുകാരെ ഒക്കെ പരിചയപ്പെട്ട് ഫുഡ്ഡും തട്ടി, ടാറ്റാ ബൈ ബൈ പറഞ്ഞ് അവിടുന്നിറങ്ങി. നേരേ ഹോട്ടലിലേക്ക്. വേഗം കുളിച്ച് ഫ്രഷ്‌ ആയി, രാവിലെ എഴുന്നേൽക്കാൻ അലാറവും വെച്ച് മാരക ഉറക്കത്തിലേക്ക്...

1 comment: