Monday, January 12, 2015

കണ്ണൂർ-കാസർഗോഡ് യാത്രയുടെ രണ്ടാം ദിവസം - റാണിപുരം


KK ഹോട്ടലിൽ നിന്ന് അതിരാവിലെ ഷാർപ് 5 മണീ'ടെ ബസ്സിൽ പുറപ്പെടണം എന്നും പറഞ്ഞു 4 മണിക്ക് വെച്ച അലാറം സ്നൂസ് അയി നാലേകാൽ നാലര, നാലേമുക്കാൽ, അഞ്ചു മണി, അഞ്ചേകാൽ അഞ്ചര, അഞ്ചേമുക്കാൽ എന്നീ സമയങ്ങളിൽ അടിച്ചിട്ടുണ്ടാവാം. എന്തായാലും ആരോ തെറിവിളിക്കുന്ന പോലെ ഉള്ള ആ കിക്കിക്ക്കി ഒരു ആറുമണി ആയപ്പോൾ അങ്ങ് വിദൂരതയിൽ നിന്നും കേട്ടു. അഭിയേട്ടനെ വിളിച്ചിട്ടാണെല് ഒരു മൈൻഡുമില്ല. 

"അഭിയേട്ടാ, റാണിപുരം, ട്രെക്കിംഗ്, ബസ്‌, പോയി, കപ്പ, ബീഫ്‌..." ഇതിലെ ഏതു കീവേർഡ്‌ ആണ് വർക്ക്‌ ചെയ്തത് എന്ന് അറിയില്ല, അപ്പോഴേയ്ക്കും ചാടി എഴുന്നേറ്റ് "എഹ്, ഒഹ്, പോയോ..(പിച്ചും പേയും; ഇതിന്റിടയ്ക്കു അറ്റൻഡന്സും പറഞ്ഞോ എന്നൊരു സംശയം..!!)  

പിന്നെ എല്ലാം ഝഡു-പിടി ഝഡു-പിടീന്നായിരുന്നു. വിലപ്പെട്ട ഒരു മണിക്കൂർ എടുത്തു - തലേദിവസം വലിച്ചു വെളിയില ഇട്ട ഡ്രെസ്സും പേസ്റ്റും ബ്രുഷും, ചാർജർ, കണ്മഴി, ചീപ്പ് എന്ന് വേണ്ട സകലമാന ഐറ്റംസും പായ്ക്ക് ചെയ്തു റെഡി അയി ഇറങ്ങാൻ.

"TT ഉണ്ടാകുവോ ആവോഎന്ന് ഇടയ്ക്കിടെ ഒരാളുടെ ആത്മഗദം കേൾക്കുന്നുണ്ട്അതിനു ബസ് സ്റ്റാൻഡിൽ എങ്ങിനെ tt  വരുംഅങ്ങേരു ട്രെയിനിൽ അല്ലെ ഉള്ളത്.  ഇതിയാന്റെ ഉറക്കപ്പിച്ച് ഇതുവരെ മാറിയില്ലേ ദൈവമേ..!! അല്ലഅഥവാ ഇവിടെ tt വന്നാലും നമ്മൾ പേടിക്കണ്ട ആവശ്യം ഇല്ലല്ലോഎന്തായാലും ബസ്സില് ടിക്കറ്റ് എടുക്കുമല്ലോ..ഇനി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനാണോ ഉദ്ദേശം..ങേ..

ഞാൻ വേഗം എന്റെ ബാഗ് തപ്പി, എങ്ങാനും tt വന്നാൽ കൊടുക്കാൻ കാശ് വേണ്ടെ..! ദേ വരുന്നു ഒരു കാഞ്ഞങ്ങാട് ബസ്. ചാടി കയറി ഇരുന്നപ്പോഴാ, സീറ്റ് ഒരൽപം ചെറുതാണെന്ന് തോന്നിയത്. ഈ ഇടയായി ഒരൽപ്പം തീറ്റ കൂടുതലാണോ എന്നൊരു സംശയം... അപ്പോഴേയ്ക്കും കണ്ണൂര് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ബസ് സ്റ്റാർട്ട് ചെയ്തു. 

"ഡാ, നമ്മുക്ക് ഇറങ്ങിയാലോ. ഈ ബസ് ഒരു സുഖമില്ല. എനിക്ക് നെഞ്ച് വിരിചിരിക്കാൻ പറ്റുന്നില്ല."
ശ്ശോ, രോഗി ഇഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ..!! "ആളിറങ്ങാനുണ്ടേ..."കൂക്കി വിളിച്ചു എങ്ങിനെയോ ആ ബസ്സിന്നു ഇറങ്ങി.

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും, ദെ വന്നു നമ്മുടെ സ്വന്തം KSRTC. അതില് വെണ്ടക്കാ അക്ഷരത്തിൽ കാഞ്ഞങ്ങാട് എന്ന് എഴുതിയിരിക്കുന്നതിന്റെ കീഴിൽ ചുണ്ടക്കാ വലിപ്പത്തിൽ TT എന്ന് എഴുതിയിരിക്കുന്നു... പിന്നിടുള്ള വിദഗ്ദാന്വേഷണത്തിൽ TT എന്നാൽ town to town ആണെന്ന് ഞാൻ കണ്ടുപിടിച്ചു അല്ലാതെ നിങ്ങൾ വിചാരിച്ച പോലെ TTR ന്റെ ഷോര്ട്ട് ആയ TT അല്ല, ശ്ശേ..!!

കാഞ്ഞങ്ങാട് എത്തിയപ്പോൾ നട്ടുച്ചഅവിടുന്ന് പാണത്തൂർക്കുള്ള ബസ്സിൽ പനത്തടി എത്തിയപ്പോഴേയ്ക്കും മണി ഒന്നരരാവിലെ  കഴിച്ച ഇടിയപ്പം ഉറക്കത്തിലെപ്പോഴോ ദാഹിച്ചു പോയിരുന്നുവിശന്നിട്ടു വയ്യ.. ഇനിയും ഉണ്ട് ഒരു 8 കിമീഎവിടുന്നോ മാലാഖയെപ്പോലെ വന്ന ഒരു ഓട്ടോ ചേട്ടൻ ഞങ്ങളെ റാണിപുരത്ത് എത്തിച്ചു ഇരുന്നൂൂൂൂറു രൂപയും വാങ്ങി പോയി!!!

അവിടെ ഞങ്ങളെയും കാത്തു മധുവേട്ടൻ നില്പ്പുണ്ടായിരുന്നു. ഫ്രഷ്‌ ആകലും ഫുഡ്ഡടിയും എല്ലാം ഒരു 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു. ആവേശം ആവേശം..! കേരളത്തിന്റെ ഊട്ടി എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന റാണിപുരം കുന്നു കയറാൻ ഞങ്ങൾ റെഡി അയി.  


"ഓഹോ, അപ്പൊ അഭിയേട്ടൻ ഈ പുട്ടുകുറ്റിയും കൊണ്ടാണോ കുന്ന് കയറാൻ പോകുന്നെ?"

"പിന്നല്ലാതെ!! എനിക്ക് ദേ ദവിടെ നിന്ന് കുറേ സ്നാപ്സ്‌ എടുക്കണം. നീ വേഗം വാ ലൈയിറ്റ് മാറും, പിന്നെ ഫോട്ടോയുടെ ഭംഗി പോകും. "

"ശരി മാന്യ.."

കാലിൽ അട്ട കടിക്കാതിരിക്കാൻ എങ്ങിനെ ഉപ്പു തെയ്ക്കണം എന്ന് ഡെമോ ഒക്കെ കാണിച്ചിട്ട് ചേട്ടൻ പറയ്യാ എന്നാപ്പിന്നെ നിങ്ങൾ വിട്ടോന്നു!! 'ഞാനീ കുന്നെത്ര കണ്ടതാ' എന്ന മട്ടിൽ മധുവേട്ടൻ വേറേ കസ്റ്റമേഴ്സിന് ഡെമോ കൊടുക്കാൻ തുടങ്ങി. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ നമുക്ക് പേടി ഉണ്ടെന്നു ആര്ക്കും മനസ്സിലാകരുത്‌. അതാണ് നമ്മുടെ വിജയം. "ശരി ചേട്ടാ..."

ഞങ്ങൾ പതുക്കെ ഒരു ബാഗും പിന്നെ അട്ടാക്രമണം തടയാനുള്ള  ഉപ്പു കവറും എടുത്തു KTDC  യുടെ ഗേറ്റും കടന്നു നടക്കാൻ തുടങ്ങിതാഴോട്ടു പോയി ഞങ്ങൾക്ക് പോകേണ്ട വഴി കണ്ടപ്പോൾഹൊറൊർ സിനിമേല് പേരെഴുതിക്കാണി ക്കുന്ന ഒരു എഫക്റ്റ്

"മുത്തപ്പാ...കാത്തോളണേ..." ദേ വരുന്നു ഒരു കുട്ടി ഫാമിലി. ഒരു ചേച്ചി, ചേട്ടൻ, ആൻഡ് എ കുട്ടി., കണ്ടിട്ടു സംഘത്തിലെ നേതാവ് ആ കുട്ടിചെക്കൻ ആണെന്ന് തോന്നുന്നു. എന്തായാലും കൂട്ടിന്‌ ആളുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ 'പഞ്ച'ർ-സംഘം  യാത്ര തിരിച്ചു.

അപ്പൂസ്, അതാ കുട്ടിചെക്കൻറെ പേര്, കൂടെയുള്ളത് അവന്റെ അശ്ശയും  ബേബയും. ആദ്യം അവരായിരുന്നു മുൻപിൽ.. ഹും, lkg'ല് പഠിക്കണ ഒരു കൊച്ച് നമ്മളെ തോല്പ്പിച്ചു മുൻപേ പോയാൽ നമുക്ക് സഹിക്കുവോ..?

ഇല്ല, സഹിക്കില്ല...അങ്ങിനെ അവരെ ഓവർടേക്ക് ചെയ്തു ഞങ്ങൾ മുന്പിലെത്തി.. നമ്മടുത്താ കളി...

വഴിയിൽ  ഉരുണ്ടുരുണ്ട കല്ലുകളും, ഉണങ്ങിയ മരങ്ങളും, വാരിക്കുഴി എന്ന് ബെബൊ പ്രഖ്യാപിച്ച വലിയ കുഴികളും ഒക്കെ കണ്ടു. പക്ഷെ അട്ട മാത്രം ഇല്ല. അപ്പൂസ്സിനു സങ്കടമായി, "എന്താ ബെബോ, അട്ട ഇല്ലാത്തെ :( "

"അപ്പൂസ്സ് നല്ല കുട്ടിയായി നടക്കുവല്ലേ, അതോണ്ടാ", ബെബോ അപ്പുനിട്ടൊരു ബൂസ്റ്റ്‌ കൊടുത്തു. 
പിന്നെ തുടങ്ങിയില്ലേ... "എന്താ അശ്ശ പതുക്കെ നടക്കുന്നെ?", "നമുക്ക് മഞ്ഞു കാണണ്ടെ?", "എനിക്ക് അശ്ശയെക്കാട്ടിലും എത്രെ പോയിന്റ്സ് കൂടുതലുണ്ട് ?",  "ദേ, അട്ട..!! ", "ആന എങ്ങിനെയാ ഈ കുഴിയിൽ വീഴുന്നേ?", "ഉപ്പു വീണാൽ അട്ട കരയ്യോ?", "അട്ട കരയുന്നത് എങ്ങിനെയാ? "  

ബേബോ എൻസൈക്ലോപീഡിയയിൽ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടല്ലോ... എല്ലാ ചോദ്യങ്ങള്ക്കും ബെബോ ബൂസ്റ്റിട്ട ഉത്തരങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു, അപ്പൂസ്സ് ആവേശത്തോടെ ചോദിച്ചുകൊണ്ടെയിരുന്നു..

എത്രെ പെട്ടെന്നാ പുൽമേട്ടില് എത്തിയത്!! കോട പതിയെ താഴേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു... ആകെ ഒരു ഒരു ഫീല്... 

"സ്നോഎന്തിയേ അശ്ശേ?"

ഓഹോഇജ്ജ് സ്നോ കാണാനാണോ ഇത്രേം നേരം കയറിയത്..!!

"ദേ കാണുന്ന കോടയില്ലേഅതാ ഇവിടുത്തെ സ്നോ..."

"എനിക്ക്  സ്നോ വേണ്ടഎറിയാൻ പറ്റുന്ന സ്നോ മതി.."

 സിറ്റുവേഷൻ അശ്ശയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലാന്നു മനസ്സിലാക്കിയ ബെബൊ ഇടപെട്ടു വേഗം വിഷയം മാറ്റി.

വീണ്ടും  നടപ്പ്‌ തന്നെ നടപ്പ്‌..പക്ഷെ ക്ഷീണം ഒട്ടും തോന്നിയില്ല..അപ്പുവിന്റെ വർത്തമാനവും തണുത്ത കാറ്റുംനല്ല combination..!!


"അശ്ശേഎനിക്ക് മതിയായിനമുക്ക് തിരിച്ചു പോകാംഎന്ന് അപ്പുസ്സ് പറയാൻ വേണ്ടി കാതോർത്ത് നടന്ന അപ്പുന്റെ അശ്ശയ്ക്ക് തെറ്റി.

നടന്നു നടന്നു ഒരു വല്യ പാറയുടെ ചുവട്ടിൽ എത്തി. "ഇതായിരുന്നു  നമ്മുടെ ലക്ഷ്യംഎന്ന വ്യാജേന ഞങ്ങൾ അവിടെ യാത്ര അവസാനിപ്പിച്ചു. അയ്യേ, കിയ്യേ പറഞ്ഞ് അപ്പൂനെ കളിയാക്കിക്കൊണ്ട് അഭിയേട്ടൻ ആവേശം പിടിച്ചു വലിഞ്ഞു പിടിച്ചു ആ പാറയുടെ മുകളിൽ കയറി. വേഗം തന്നെ ആരോടോ ക്ഷമാപണം നടത്തി തിരിച്ചു പോന്നു. ഹോ, പ്രകൃതിയോടായിരിക്കും.! മഹാൻ!! തിരികെ വന്നപ്പോൾ മുഖത്തൊരു മ്ലേച്ചത.."എന്ത് പറ്റി?"

"അവിടെ കുറേ തടിമാടാൻമാരിരുന്ന് വെള്ളമടിക്കുന്നു..!!"പ്ലിംഗ്!!

ചമ്മൽ മാറ്റാൻ ഒരാൾ ക്യാമറ എടുത്തു ഓണ്‍ ആക്കി. ബാറ്ററി ഇല്ലാതെ ഓണ്‍ ആകുന്ന ക്യാമറ ഇതുവരെ കണ്ടുപിടിക്കാത്തോണ്ടാണോ എന്നറിയില്ല, അത് ഓണ്‍ ആയില്ല..വീണ്ടും പ്ലിംഗ്..!!  

"സാരമില്ല മൊബൈൽ ഉണ്ടല്ലോ.. :P"  

പിന്നങ്ങോട്ട് സെൽഫീ, ഗ്രൂപ്ഫി, കുന്ന് വലിഞ്ഞു കയറി നഷ്‌ടമായ ആരോഗ്യം വീണ്ടെടുക്കാൻ ചോക്ലേറ്റ് തീറ്റ മത്സരം എന്നീ പരിപാടികളിൽ concentrate ചെയ്തും അപ്പൂസിനോട് അടികൂടിയും സമയം കളഞ്ഞു

അങ്ങിനെ സൊറ പറഞ്ഞിരിക്കുമ്പോൾ ദേ ഒരു തുള്ളി കയ്യില് വീണുഒന്നേ രണ്ടേ മൂന്നെപിന്നങ്ങോട്ട്‌ എണ്ണാൻ പറ്റിയില്ല ചന്നം പിന്നം മഴ. "ഒരുപാട് ഫോട്ടോസ് എടുത്തു ഞാൻ പണ്ടാരമടങ്ങും " എന്ന് വീമ്പടിച്ചു ഒരാൾ താങ്ങിക്കൊണ്ട് നടന്ന dslr, ചാക്ക്  രൂപാന്തരം പ്രാപിച്ച പോലെയുള്ള ഒരു ബാഗിലാണ് ഇട്ടിരിക്കുന്നത്.

പിന്നെ ഒരു ഓട്ടം ആരുന്നുഅപ്പുസിനെ തോളില് ഇരുത്തി ചെരുപ്പിടാതെ അശ്ശമുൻപിൽ ആശ്ശേടെ ചെരുപ്പിട്ട് ബേബോഅതിനു മുൻപിൽ ബാഗും അടക്കിപ്പിടിച്ചു ഞാനും അഭിയെട്ടനുംപോകുന്ന വഴി നിറച്ചും അട്ടയുടെ കടിം കൊണ്ടു ഒരു ഒന്നൊന്നര ഓട്ടം. ഇടയ്ക്ക് ആശ്ശെടെ കാലിൽ നോക്കിയപ്പോൾ ഷൂസിട്ട മാതിരി അട്ട പൊതിഞ്ഞിരിക്കുന്നു. രണ്ടു-മൂന്ന് നുള്ള് ഉപ്പോന്നും ഇട്ടിട്ട് ഈ പെരുമഴയത്ത് എന്താവാനാ? ഒരു കവർ ഉപ്പ് പൊട്ടിച്ച് എല്ലാരുടേം കാലിൽ വിസ്തരിച്ചങ്ങ് പൂശി. പിന്നേം ഓട്ടം..

"മഴയ്ക്ക്‌ നല്ല ലൈറ്റ്, അല്ലെ മാഷെ? ഒരു ഫോട്ടം എടുത്താലോ?" ഓട്ടത്തിനിടയിൽ അറിയാതെ ചൊറിഞ്ഞു പോയതാ. അതിനു ലൈറ്റായിട്ട് രണ്ട് ചീത്ത കിട്ടി :(

ഒന്ന് നേരെ നിന്നത് മധുവേട്ടന്റെ  കട എത്തിയപ്പോഴാഅവിടെ ചെന്നപ്പോൾ അട്ട കടിച്ചവനെ പട്ടി പിടിച്ച പോലെയായി ഞങ്ങളുടെ അവസ്ഥ..കറണ്ടില്ല... നേരം നല്ല പോലെ ഇരുട്ടുകേം ചെയ്തു . 

"രാത്രി..കുറ്റാകുട്ടിരുട്ട്..പെരുമഴ..ദൈവേ..ഒരു മിന്നലെങ്കിലും വന്നെങ്കിൽ....."

"നിങ്ങളും ടൌണിലോട്ടല്ലേ" - അശ്ശ. അശ്ശയല്ല, ദൈവമാണ് ദൈവം...

പകലിന്റെ നിറവിൽ ഞങ്ങളുടെ മനം കവർന്ന റാണിപുരം വിട്ട് അപ്പുവിൻറെ കുടുംബത്തോടൊപ്പം കാഞ്ഞങ്ങാടേക്ക്...

വീണ്ടും വരുമെന്ന ഉറപ്പിൻമേൽ മധുവേട്ടനും വിടതന്നു. 

2 comments: