Thursday, May 31, 2018

രണ്ടേ മുക്കാൽ കി.മീ.

സഹൃദയരേ...

ഇതൊരു ദുരന്തകഥയാണ്... ദുരന്തിച്ചു അനുഭവമുള്ളവർ മാത്രം ബാക്കി വായിച്ചാൽ മതി.
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് തന്നെ എന്ന ചൊല്ല് അന്വർത്ഥമാക്കിയ പോലെയാണ് എന്റെ ഓഫീസ് സമയം. വെളുപ്പിനെ 11 മണി തൊട്ട് രാത്രി 8 വരെ. അതാകുമ്പോൾ എല്ലാവരെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട നിദ്രാ ദേവതയെ രാവിലെ ശുണ്‌ഠി പിടിപ്പിക്കാതെ സമാധാനായിട്ട് ഉറങ്ങാം.

സംഭവ ദിവസം വെളുപ്പിന് മുതല് മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങി. ഇടയ്ക്കു ഒന്ന് തോന്നു നിന്നപ്പോൾ, പതിവ് തെറ്റിച്ച് ഇത്തിരി നേരത്തേ[10:30 AM] അങ്ങ് ഇറങ്ങി, ഓഫീസിലോട്ട്.  റോഡില് ചെറിയ തിരക്കുണ്ട്., ആ തിങ്കളാഴ്ച അല്ലെ...

ചെറിയ ഒരു ജലദോഷം ഉണ്ട്. സാരമില്ല. നേരത്തെ ചെല്ലുമല്ലോ. അപ്പൊ, ഡോക്ടർസ് റൂമിന്ന് ആവി പിടിക്കാല്ലോ. ജംഗ്ഷനിൽ ചെന്ന് 5 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു ഒരു ഓട്ടോ കിട്ടാൻ. കറക്റ്റ് സ്സെപ്സിന്റെ പിന്നിൽ എത്തിയപ്പോൾ ഒരു ബൈക്ക്കാരൻ "പോയിട്ട് കാര്യമില്ല, ബ്ലോക്കാ.." എന്ന് അറിയിപ്പും തന്നിട്ട് ഞങ്ങളെ പാസ്സ്‌  ചെയ്‌തു പോയി. കേട്ട പാതി കേൾക്കാത്ത പാതി ഓട്ടോചേട്ടൻ വണ്ടി തിരിച്ചു - "എനിക്ക് വയ്യ പെങ്ങളെ ബ്ലോക്കിൽ കിടക്കാൻ..!!!"

"അയ്യോ ചേട്ടാ പോകല്ലേ"

"പോയെ പറ്റു, പെങ്ങളെ"

"എന്നാ നമുക്ക് സ്സെപ്സിന്റെ പിന്നിലെ ഗേറ്റ് വഴി പോയി നോക്കിയാലോ?"

"അവര് കയറ്റി വിടുമോ?"

"പിന്നില്ലേ?"

അങ്ങിനെ പരിപാവനമായ ഗേറ്റിൽ എത്തി. ആധികാരികമായി id കാർഡ് എടുത്തു വീശി. 

"നിർത്ത്, നിർത്ത് !!"

ഏഹ് !

"അതേ, CSEZ ഐഡി ഉണ്ടോ? " -സെക്യൂരിറ്റി 

എന്നോടല്ല ചോദ്യം ചേട്ടനോടാ, എന്ന ഭാവത്തിൽ ഓട്ടോച്ചേട്ടനെ നോക്കി ഞാൻ-

"പെങ്ങളെ, ഞാൻ തിരിച്ചു ജംഗ്ഷനില് വിടാം."

സെക്യൂരിറ്റിടെ ഭാവം കണ്ട് പേടിച്ച ഓട്ടോച്ചേട്ടൻ സംഭവസ്ഥലത്തൂന്ന് സ്കൂട്ടാൻ നോക്കാണ്.

നുമ്മ പക്ഷെ പിന്മാറാൻ പാടില്ലല്ലോ. ഒരു വട്ടം കൂടി നോക്കട്ടെ - "ചേട്ടാ, ഈ ഐഡി പോരെ? "

"മാഡം, ദേ ഈ കൊച്ച് ചോദിക്കുന്ന കേട്ടോ...!!" -സെ. ചേട്ടൻ 

ങേ, മാഡമോ.?? ആരാത്? ഈ ചേട്ടന്റെ മാഡം ചില്ലറക്കാരിയാകാൻ വഴിയില്ല. 

നോക്കിയപ്പോൾ "മാഡം" എന്റെ പോലെത്തെ ഐഡി പിടിച്ചോണ്ട് നിൽക്കുന്ന ഒരു ചേച്ചിയെ നിർത്തിപ്പോരിച്ചോണ്ടിരിക്ക്യാ. ഞാൻ ഒന്നും പറഞ്ഞില്ല, എന്നോടൊന്നും ചോദിച്ചുമില്ല, മാഡത്തിനെ കണ്ടപാതി കാണാത്തപാതി, ഓട്ടോ തനിയെ റിവേഴ്‌സ് ആയി റോഡിൽ ഇറങ്ങി നിന്നു. 

"തിരിച്ചു പോകുന്നോ അതോ ഇവിടെ ഇറങ്ങുന്നോ?" - ഓ. ചേട്ടൻ 

"ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം :( "

എന്നും കൊടുക്കുന്നെന്റെ പകുതി കാശും വാങ്ങി  ഓ. ചേട്ടൻ  സ്ഥലം വിട്ടു.

അഭിയേട്ടനെ വിളിച്ചാലോ? വിളിച്ചിട്ടു എന്തിനാ? പുള്ളി ഓഫീസിന് ഇറങ്ങി ബ്ലോക്കും കഴിഞ്ഞ്  ഇവിടെ എത്താൻ ഒത്തിരി സമയം പിടിക്കും. ആ സമയം ഉണ്ടേല് 2 വട്ടം യൂബറില് പോയിവരാം. എന്തായാലും വിളിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തേക്കാം എന്ന് കരുതി.

ചാറ്റൽ മഴ തുടങ്ങി. അടിപൊളി, കുട എടുത്തിട്ടില്ല. അവിടെ കണ്ട ഒരു വെയ്റ്റിംഗ് ഷെഡ്‌ഡിൽ കയറി നിന്ന്. ആ നിൽപ്പ് അങ്ങിനെ ഒന്നര മണിക്കൂർ നിൽക്കേണ്ടി വന്നു. ഇതിനിടെ ഞാൻ 2 വട്ടം യൂബർ ബുക്ക് ചെയ്‌തു. ആദ്യത്തേത് വിളിച്ചിട്ടു എടുക്കാത്തത് കാരണം അരമണിക്കൂർ കഴിഞ്ഞു ക്യാൻസൽ ചെയ്തു. 

ഹോ!! ചൊറിഞ്ഞു വരുന്നുണ്ട്. ഇവർക്ക് വരാൻ പറ്റില്ലെങ്കിൽ മര്യാദയ്ക്ക് കാൾ എടുത്തിട്ട് വരില്ല ക്യാൻസൽ ചെയ്യാൻ പറഞ്ഞൂടെ. രണ്ടാമത്തെ യൂബർ ബുക്ക് ചെയ്‌തു. അയാൾ ഇങ്ങോട്ടു വിളിച്ചു - "ചേച്ച്യേ, ഇവിടെ ബ്ലോക്കാണുട്ടോ. ഇത്തിരി വൈകും., പക്ഷെ ഞാൻ വരുണ്ട്." 

ഹോ! എത്രെ നല്ല മനുഷ്യൻ. പക്ഷെ, വീണ്ടും ചൊറിഞ്ഞ് വരുന്നുണ്ട്. എന്തോ ഒരു പന്തികേട്. കാലിലാണല്ലോ ചൊറിയുന്നത്. സഹൃദയരെ , അതൊരു ചൊറിയൻ പുഴു ആരുന്നു. പുഴുനെ തട്ടിക്കളഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിന്നിരുന്ന ഷെഡിന്റെ പിറകിലുള്ള മതിലിൽ ചൊറിയാൻ പുഴു ഡൂഡിൽ. :( 

മഴ നനഞ്ഞാലും സാരമില്ല. ദൈവമേ..!!!

കുഞ്ഞിപുഴു, വല്യ പുഴു, ചുവന്ന കണ്ണുള്ള വല്യ പുഴു എന്നിങ്ങനെ മാറി നിന്ന് ക്യാറ്റഗറൈസ് ചെയ്തോണ്ടിരുന്നപ്പോഴേയ്ക്കും യൂബർ എത്തി. നിൽപ്പിൽ നിന്നും ഇരിപ്പിലേക്കു മാറിയപ്പോൾ ഒരു സുഖം. 

"മൊത്തം. ബ്ലോക്കാ ചേച്ച്യേ. ഈച്ചമുക്ക് ഒരു രക്ഷേ ഇല്ല. ഞാൻ ജയിലിന്റെ ഓപ്പോസിറ്റ് വഴിക്കൂടാ വന്നേ. അവിടേം ബ്ലോക്കായി കിടക്കാ."

 പിന്നെ ഒരു ഇരുപതു മിനിറ്റ് കൊണ്ട് ഈച്ചമുക്ക് എത്തി. മിക്ക വണ്ടികളും സൈഡ് പിടിച്ച് പതുക്കെ നീങ്ങുമ്പോൾ, ചില വണ്ടികൾ മാത്രം ആരും പോകണ്ട എന്ന ഭാവത്തിൽ ഓവർടേക്ക് ചെയ്യും. അങ്ങിനെ ഈച്ചമുക്ക് എത്തിയപ്പോൾ 2 വണ്ടികൾ ഓവർടേക്ക് ചെയ്ത് ആകെ മൊത്തം വീണ്ടും എല്ലാ വണ്ടികളെയും അനങ്ങാപ്പാറകൾ ആക്കി മാറ്റി. ഒരു 5 മിനിറ്റ് കാറിൽ തന്നെ ഇരുന്നു. കുറച്ചു ഓൺലൈൻ ഷോപ്പിംഗ് ഒക്കെ ചെയ്ത് തൃപ്തി ആയപ്പോൾ, എനിക്ക് തോന്നി ഇനി നടന്നാലൊന്ന്..? ട്രിപ്പ് എൻഡ് ചെയ്യിപ്പിച്ച് കാശും കൊടുത്തു കാറിൽ നിന്നും ഇറങ്ങി നടന്നു. നടക്കാൻ ശരിക്കും സ്ഥലമില്ല എന്ന് വേണം പറയാൻ. കുറച്ചു നടന്നപ്പോൾ ഒരു സംശയം, പണ്ട് ഇവിടൊരു ഫുട്ട്പാത്ത് ഉണ്ടാരുന്നല്ലോ. ??

ഉണ്ട് ഇപ്പോഴും ഉണ്ട്. പക്ഷെ പേര് മാറ്റി. ഇപ്പൊ തല്ക്കാലം ഇത് ബൈക്ക് പാത ആണ്. 

ശരി ഉവ്വേ...

അങ്ങിനെ ഞാൻ ഓഫീസിൽ എത്തി. എന്റെ വീട്ടീന്ന് ഓഫീസിലോട്ടുള്ള  രണ്ടേ മുക്കാൽ കി.മീ. താണ്ടി ഇവിടെ എത്താൻ  ഞാൻ എടുത്ത സമയം, രണ്ടേകാൽ മണിക്കൂർ.!!!!


വാലറ്റം: ഇനി ഇങ്ങനൊരു അവസ്ഥ വരരുത് എന്ന് കരുതി അടുത്ത ദിവസം 2 കാര്യങ്ങൾ ചെയ്‌തു:

  1. ഷൂസ് പൊതിഞ്ഞു ബാഗിൽ വെച്ചിട്ട് സ്ലിപ്പർ ഇട്ടോണ്ട് ഓഫീസിൽ പോകാൻ തീരുമാനിച്ചു 
  2. പുതിയ ഒരു കാലൻകുട വാങ്ങി.
ഇന്നേക്ക് 4 ദിവസം കഴിഞ്ഞു. മഴ പിന്നീട് രാവിലെ പെയ്‌തിട്ടില്ല. ബ്ലോക്കും വല്യ കാര്യമായിട്ടില്ല.













1 comment:

  1. Aa kaalankuda neenal vazhatte.. 👍 kalakki Achu.. 👌

    ReplyDelete