Monday, June 24, 2019

"ഘ്രും...ഷ്....."

ഞങ്ങളുടെ കപ്പിൾ ഗോൾ ലിസ്റ്റിൽ "ബാക്ക്  പാക്കിങ് ടു തമിഴ് നാട്" ഇരുന്നു ഏജ് ഔട്ട് ആയിക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇനി മൂന്ന് ആഴ്ച കൂടി കഴിഞ്ഞാൽ ജൂൺ ആയി. പിന്നെ സ്കൂളും അതിന്റെ ബഹളവും ആകും. അതിനു മുൻപേ തന്നെ പോയെ പറ്റൂ. ഒരൊന്നൊന്നര ആഴ്ച കിണഞ്ഞു ആലോചിച്ചു..അവസാനം പ്ലാനും ആയിട്ട് കെട്ട്യോൻ വന്നു.

ഇനി പ്ലാൻ അപ്പ്രൂവൽ വേണം. കാരണം, കെട്ട്യോനും കെട്ട്യോളും ബാക്ക് പാക്കും തൂക്കി നാട് വിടുമ്പോൾ പിള്ളേരെ നോക്കണോല്ലോ. പിള്ളേരെടെ അച്ഛമ്മയോട് ഒരാഴ്ച പിള്ളേരെ മേയ്ക്കാം എന്ന ഉറപ്പും വാങ്ങി, അതോടെ പ്ലാൻ അപ്പ്രൂവൽ ആയി.

മെയ് 25-ന് രണ്ട് എണ്ണത്തിനേം അച്ഛമ്മേനെ ഏൽപ്പിച്ചിട്ടു, 26-ന് വീട്ടീന്ന് തിരിച്ചു എറണാകുളം വരാൻ ഇറങ്ങിയപ്പോൾ, നമ്മൾ കരുതി കുരുപ്പുകൾ കരഞ്ഞു സീൻ ആക്കും എന്ന്. എവിടെ..!!! നെവർ മൈൻഡ് !!! വണ്ടി ചെങ്ങന്നൂർ എത്തിയപ്പോഴേയ്ക്കും ഞങ്ങൾ സൈഡായി...

"ഹും.."

"ശ്ശെ.."

"അവർക്ക് പനി വല്ലോം വരുവോ..?"

"രാത്രില് കരയുവോ.."

"നമുക്ക് തിരിച്ചു പോയി പിള്ളേരെ എടുത്താലോ.."

"അമ്മെ ഒന്നു വിളിച്ചു നോക്കാം"

അമ്മെ വിളിച്ചപ്പോൾ, അടുത്ത വീക്കേണ്ട്  ആകാതെ ആ വഴിക്കു ചെല്ലണ്ട എന്നും പറഞ്ഞിട്ട് ഫോൺ വെച്ചിട്ടു പോയി.

തിങ്കളാഴ്ച ഓഫീസിൽ എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി..."ഈ ആഴ്ച ഒരു ലീവ് പോലും എടുക്കാൻ പറ്റില്ലാന്ന്.!!"

ആ ഒരു ആഴ്ച ഓഫീസിൽ ഇരിക്കുമ്പോൾ  ഓടിയും, വീട്ടിൽ എത്തുമ്പോൾ ഇഴഞ്ഞും നീങ്ങി. കാര്യം പിള്ളേർസ് ഉണ്ടെങ്കിൽ അടിയും ഇടിയും ആണേലും അവന്മാർ ഇല്ലാണ്ട് വല്ലാതെ ബോർ ആണ്.

ശനിയാഴ്ച ആയി. പൊളിഞ്ഞു പാളീസായ ബാക്ക് പാക്കിങ്ങിനെ കുറിച്ചാലോചിച്ചു കെട്ട്യോനും കെട്ട്യോളും ഓരോന്നും എണ്ണി പെറുക്കി പരാതി പറഞ്ഞോണ്ടിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു. വേഗം റെഡി ആക്. നാട്ടിൽ പോകാം" - പെട്ടെന്ന് എന്തോ ബോധോദയം വന്ന പോലെ കെട്ട്യോൻ മൊഴിഞ്ഞു.

"ശരി."

വൈകിട്ട് 4 മണി കഴിഞ്ഞപ്പോൾ ഇറങ്ങി. മിക്കവാറും AC കനാല് റോഡ് വഴിയാണ് പോകാറുള്ളത്. പക്ഷെ ഇത്തവണ വണ്ടി പോയത് വേറെ വഴിക്കാ.

"ഓ, കോട്ടയം വഴി..ഴി ." - "ഴി.." മാത്രേ കേട്ടുള്ളു, അപ്പോഴേയ്ക്കും ഞാൻ ഉറങ്ങി എന്നാണ് അങ്ങേരു പറഞ്ഞോണ്ട് നടക്കുന്നെ. ഇങ്ങനെ എത്രെ എത്രെ കിംവദന്തികൾ..!!

എവിടെയോ വണ്ടി നിർത്തി എന്ന് പാതിയുറക്കത്തിൽ മനസ്സിലായി. നോക്കിയപ്പോൾ റോഡിന്ന് മാറി, രണ്ട് വലിയപാലങ്ങളുടെ ഇടയ്ക്കു നിർത്തിയിട്ടിരിക്കുന്നു.

"നീ ഇറങ്ങുന്നോ ?"

"ഏതാ സ്ഥലം.?"

" തണ്ണീർമുക്കം. ചുമ്മാ വാ. കാറ്റ് കൊള്ളാം."

കാറ്റെങ്കിൽ കാറ്റ്. കാറ്റടിച്ചിട്ട് എങ്ങാനും പൊളിഞ്ഞ ട്രിപ്പിന്റെ ക്ഷീണം മാറിയാലോ.

ഒരു പത്തോ പതിനൊന്നോ കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. രണ്ടോ മൂന്നോ അപേ ഷോപ്‌സ്[ ഐസ്ക്രീമും കരിക്കും വിൽക്കുന്നത്]. പിന്നെ കുറച്ചു ആൾക്കാരും. നല്ല കാറ്റും. വലിയ ബഹളം ഒന്നും ഇല്ലാത്ത ഒരു സെറ്റപ്പ്. ദൂരെ, ചക്രവാളത്തിൽ നേരിയ ഒരു ഓറഞ്ചു ചായം..

കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.

"ഘ്രും...ഷ്....."[നല്ല ഒച്ചത്തിലുള്ള ശബ്ദം ആണേ..]

നോക്കുമ്പോൾ, ഒരു സ്പീഡ് ബോട്ട്.. 3 പേരുണ്ട്. 2 യാത്രക്കാരും, ഒരു ഡ്രൈവറും. ഒരു യാത്രക്കാരി തലയിൽ കയ്യും വെച്ച് കുനിഞ്ഞിരുപ്പുണ്ട്. കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. കരയ്ക്കടുത്തപ്പോൾ മനസ്സിലായി, പുതിയതായി കല്യാണം കഴിഞ്ഞ പാർട്ടീസ് ആണ്. ആ പെൺകൊച്ച് ആകെ പേടിച്ചു പണ്ടാറങ്ങിയിട്ടുണ്ട്.

അവർ ഇറങ്ങിയപാടെ ഒരാൾ പോയേക്കുന്നു,  റേറ്റ് ചോദിയ്ക്കാൻ.!

ഒരു കറക്കത്തിന് 500 രൂ.

"പോയാലോ?"

"പോണോ?"

"പോയേക്കാം, ല്ലേ..?"

പോയി____ വന്നു.

പോയതിനും വന്നതിനും ഇടയ്ക്കുള്ള ഡാഷ് പൂരിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അത് താഴെയുള്ള വീഡിയോ കണ്ടാലും മനസ്സിലാകില്ല.

സ്രാങ്ക് ചേട്ടന്റെ വക കുറച്ചു സ്റ്റണ്ട്സ് ഉണ്ടാരുന്നു. എന്റെ ദൈവമേ...
ഇടയ്ക്കു സ്‌പീഡ്ഡ് കൂട്ടുന്നു..കുറയ്ക്കുന്നു..വീണ്ടും കൂട്ടുന്നു.. കറക്കി എടുക്കുന്നു, കറക്കുന്ന വഴിക്കു ഒരു സൈഡ് പൊങ്ങി പോകുന്നു, അപ്പോഴേയ്ക്കും മറ്റേ സൈഡിലുള്ള ആള് - "ദേ, ഇപ്പൊ വെള്ളത്തിൽ വീഴും" എന്നെ സ്റ്റൈലിൽ ഇരിക്കുന്നു.. സ്റ്റിയറിംഗ് ചുമ്മാ പ്ലേറ്റ് കറക്കുന്ന പോലെ ആശാൻ കറക്കും. ബോട്ട് പക്ഷെ ചട്ടി കറങ്ങുന്ന പോലെയാണ് കറങ്ങിയത്.

ഒരു വട്ടം അസ്തമയ സൂര്യനെതിരെ ഒരൊറ്റ പാച്ചിൽ.. ഹോ, എന്തോ ഒരു സ്പെഷ്യൽ ഫീൽ...

ആകെ, മൊത്തം, ടോട്ടൽ, ശരിക്കും ആസ്വദിച്ചു..!!!




വാലറ്റം: കപ്പിൾ ഗോൾ ലിസ്റ്റ് എന്നൊന്നും കണ്ട് ഞെട്ടണ്ട.. അങ്ങിനെ പ്രേത്യേകിച്ച് ഇൻഡിവിഡ്വൽ ഗോൾസ് ഒന്നും ഇല്ലാ..

4 comments: